മാനേജിങ് എഡിറ്റർക്ക് എതിരായ ഭീഷണി മുദ്രാവാക്യം; മീഡിയവൺ പരാതി നൽകി
സംസ്ഥാന പൊലീസ് മേധാവി, മലപ്പുറം ജില്ലാ പൊലീസ് മേധാവി, വണ്ടൂർ എസ്എച്ച്ഒ എന്നിവർക്കാണ് പരാതി നൽകിയത്.
കോഴിക്കോട്: മാനേജിങ് എഡിറ്റർ സി.ദാവൂദിന്റെ കൈവെട്ടുമെന്ന സിപിഎം ഭീഷണിക്കെതിരെ മീഡിയവൺ പരാതി നൽകി. സംസ്ഥാന പൊലീസ് മേധാവി, മലപ്പുറം ജില്ലാ പൊലീസ് മേധാവി, വണ്ടൂർ എസ്എച്ച്ഒ എന്നിവർക്കാണ് പരാതി നൽകിയത്.
സിപിഎം വണ്ടൂർ ഏരിയാ സെക്രട്ടറി പി.അബ്ദുൽ റസാഖ്, മുൻ വണ്ടൂർ എംഎൽഎ എൻ.കണ്ണൻ, സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.ഷീന രാജൻ, സിപിഎം വണ്ടൂർ ഏരിയാ കമ്മിറ്റി അംഗങ്ങളായ സക്കരിയ കാളികാവ്, എം.ടി അഹമ്മദ്, വി.അർജുൻ, കെ.ടി സമീർ എന്നിവർക്കും കണ്ടാലറിയാവുന്ന 50 പേർക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ജൂലൈ 10ന് സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൂരിൽ നടത്തിയ പ്രകടനത്തിലാണ് സി.ദാവൂദിനെതിരെ ഭീഷണി മുദ്രാവാക്യം മുഴക്കിയത്. കെ.ടി സമീർ ആണ് മുദ്രാവാക്യം വിളിച്ചുകൊടുത്തത്. ദാവൂദിന്റെ കൈ വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. സി.ദാവൂദിനും മീഡിയവൺ ചാനലിനുമെതിരെ അധിക്ഷേപം നടത്തുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.