ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണിയുമായി കുവൈത്ത് പാർലമെന്‍റ് അംഗങ്ങൾ
കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മന്ത്രി പരാജയപ്പെട്ടതായി ആരോപിച്ചാണ് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിനെതിരെ എം.പിമാർ കുറ്റവിചാരണ മുന്നറിയിപ്പ് നൽകിയത്.
കുവൈത്തിൽ ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണിയുമായി പാർലിമെന്‍റ് അംഗങ്ങൾ. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മന്ത്രി പരാജയപ്പെട്ടതായി ആരോപിച്ചാണ് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിനെതിരെ എം.പിമാർ കുറ്റവിചാരണ മുന്നറിയിപ്പ് നൽകിയത്.
പാർലമെന്‍റ് അംഗങ്ങളായ മുഹന്നദ് അൽ സായറും ഹസൻ ജൗഹറും ആണ് ആരോഗ്യ മന്ത്രിയെ കുറ്റവിചാരണ നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയത്. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മന്ത്രി ആവർത്തിച്ച് പരാജയപ്പെടുകയാണെന്നും ആരോഗ്യം, സാമ്പത്തികം, സുരക്ഷ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാകുകയാണെന്നും എം.പിമാർ ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ പ്രധാനമന്ത്രിക്കെതിരെയും കുറ്റവിചാരണക്ക് നോട്ടീസ് നൽകുമെന്നും എം.പിമാർ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രിക്കെതിരെ സമർപ്പിക്കപ്പെട്ട കുറ്റവിചാരണ മന്ത്രിസഭയുടെ രാജിയിലേക്കും പുതിയ മന്ത്രിസഭ രൂപവത്കരണത്തിലേക്കും വഴിയൊരുക്കിയിരുന്നു.