കുവെെത്തിലെ വിദേശികളുടെ ഡ്രെെവിംഗ് ലെെസന്‍സുകള്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യം

വിദേശികൾക്ക് വ്യാജ മാർഗത്തിലൂടെ ലൈസന്‍സ് സംഘടിപ്പിച്ചു നൽകുന്ന സംഘത്തെ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു

Update: 2019-02-02 02:53 GMT

കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കണമെന്ന് ആവശ്യം. പാർലമെന്റിലെ ആഭ്യന്തരപ്രതിരോധ സമിതി അധ്യക്ഷൻ നായിഫ് അൽ മുദ്‌റസ് എം.പിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുപ്പതിനായിരം വിദേശികൾ വ്യാജ മാർഗത്തിൽ ലൈസൻസ് സമ്പാദിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പാർലിമെന്റ് സമിതി വിഷയത്തിൽ ഇടപെട്ടത്.

വിദേശികൾക്ക് വ്യാജ മാർഗത്തിലൂടെ ലൈസന്‍സ് സംഘടിപ്പിച്ചു നൽകുന്ന സംഘത്തെ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുപ്പതിനായിരത്തോളം വിദേശികൾ വ്യാജ ലൈസൻസ് സമ്പാദിച്ചതായി കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിദേശികൾക്കനുവദിച്ച മുഴുവൻ ഡ്രൈവിങ് ലൈസൻസുകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്ന് പാർലമെന്റിലെ ആഭ്യന്തര പ്രതിരോധ സമിതി ആവശ്യമുന്നയിച്ചത്. ഇക്കാര്യം സമിതി അധ്യക്ഷൻ നായിഫ് അൽ മുദ്‌റസ് എം.പി, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ജർറാഹുമായി ചർച്ച ചെയ്തിട്ടുണ്ട്.

Advertising
Advertising

Full View

ഓരോ വിദേശിയുടെയും ലൈസൻസ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി ഒറിജിനലാണെന്ന് ഉറപ്പുവരുത്തണമെന്നും പരിശോധനക്ക് വിധേയമാക്കാത്ത ലൈസൻസ് പുതുക്കി കൊടുക്കരുതെന്നും നായിഫ് അൽ മുദ്‌റസ് ആവശ്യപ്പെട്ടു. ലൈസൻസ് സമ്പാദിക്കാനുള്ള നിബന്ധനകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സൂക്ഷ്മ പരിശോധനയിൽ നിബന്ധനകൾ പാലിച്ചില്ലെന്ന് കണ്ടെത്തുന്നവരുടെ ലൈസൻസ് പിൻവലിക്കുകയും ഇതിന് ഒത്താശ ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും ചെയ്യണമെന്നും നായിഫ് അൽ മുദ്‌റസ് കൂട്ടിച്ചേർത്തു.

Tags:    

Similar News