കേരള പൊലീസിന്റെ ആര്‍എസ്എസ് അഭ്യാസങ്ങള്‍

2018 ലെ ശബരിമല തീര്‍ഥാടന കാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അണികളെ അഭിസംബോധന ചെയ്യാന്‍ ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി പൊലീസ് മെഗാഫോണുപയോഗിക്കുന്ന ചിത്രം അന്ന് ശ്രദ്ധേയമായതാണ്. ആര്‍എസ്എസിന് മെഗാഫോണ്‍ പിടിച്ചുകൊടുക്കുന്ന സംവിധാനമാണ് കേരളാ പൊലീസ് എന്നതിന്റെ പ്രതീകമാണത്.

Update: 2024-10-16 07:36 GMT

കേരള പൊലീസിന്റെ ദീര്‍ഘകാല ചരിത്രം പരിശോധിച്ചാല്‍ എല്ലാ കാലത്തും അതില്‍ ആര്‍എസ്എസ് ഫ്രാക്ഷന്‍ പ്രവര്‍ത്തിച്ചിരുന്നതായി മനസ്സിലാക്കാനാവും. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഒരു മാസത്തോളമായി ഉന്നയിച്ച് മുട്ടുമടക്കിയ ആരോപണ ശരങ്ങള്‍ വരുന്നതിനും എത്രയോ മുമ്പ് തന്നെ പലതവണ പലരും തെളിവ് സഹിതം ഉയര്‍ത്തിക്കാണിച്ച ആരോപണങ്ങളാണ് ഇവ.

1991 ഡിസംബര്‍ 15ന് പാലക്കാട് പുതുപ്പള്ളി തെരുവിലെ സിറാജുന്നീസ എന്ന പതിനൊന്നുകാരി കൊല്ലപ്പെട്ട വെടിവെപ്പ് കാലത്ത് തന്നെ കേരള പൊലീസിലെ ആര്‍എസ്എസ് ബന്ധം ചര്‍ച്ച ചെയ്യപ്പട്ടതാണ്. അന്ന് അതിന് പൊലീസിന് പ്രചോദനമായത് പാലക്കാടിന്റെ ചുമതലയുള്ള ഐ.ജി ആയ രമണ്‍ ശ്രീവാസ്തവയുടെ വയര്‍ലെസിലൂടെയുള്ള ആക്രോശമായിരുന്നു. ഈ വയര്‍ലെസ് ആക്രോശം അന്ന് പാലക്കാട്ടെ രണ്ട് ഇടതു എം.എല്‍.എ മാരായിരുന്ന കെ.ഇ ഇസ്മായിലും വി.സി കബീറും കലക്ട്രേറ്റില്‍ വെച്ച് കേട്ടിരുന്നതായി ഇരുവരും പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇതേ രമണ്‍ ശ്രീവാസ്തവ കേരളത്തിന്റെ പൊലീസ് മേധാവി ആയും പിന്നീട് 2016 ല്‍ പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവായും രംഗത്തുവന്നു എന്നത് പൊലീസ് ഭരണത്തില്‍ ആര്‍എസ്എസ് ഫ്രാക്ഷന് എത്രമാത്രം സ്വാധീനം ഉണ്ടെന്ന് ഉറപ്പിക്കുന്നതാണ്.

Advertising
Advertising

2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ പൊലീസിലെ ആര്‍.എസ്.എസ് വിങ് പഠനശിബിരം സംഘടിപ്പിച്ചതായി സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. 27 പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗം, സേനയിലെ ആര്‍എസ്എസ് ഗ്രൂപ്പായ 'തത്ത്വമസി' സജീവമാക്കാനും വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് എല്ലാ മാസവും യോഗം ചേരാനും തീരുമാനിച്ചിരുന്നു. ക്രൈംബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗാചാര്യന്മാരായ രണ്ട് ഉദ്യോഗസ്ഥരെ ഇതിന് ഉത്തരവാദപ്പെടുത്തിയതായും കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന കാമ്പയിനിന്റെ ഭാഗമായുള്ള 'ഐഎസ് മതവിരുദ്ധം, മാനവവിരുദ്ധം', 'ജീവിതം എന്തിനുവേണ്ടി' എന്നീ ലഘുലേഖകളാണ് മുജാഹിദ് പ്രവര്‍ത്തകര്‍ യഥാര്‍ഥത്തില്‍ വിതരണം ചെയ്തത്. ആശയപ്രചരണം എന്ന ഭരണഘടനാ അവകാശം വിനിയോഗിച്ച ഇവര്‍ക്കെതിരെ കേസെടുത്തതിനെപ്പറ്റി നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് ആര്‍എസ്എസിന് മരുന്നിട്ട് കൊടുക്കരുത് എന്നാണ്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016ന് ശേഷം കേരളത്തില്‍ പൊലീസിന്റെ ആര്‍എസ്എസ് ബന്ധം വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. ഒരോ സംഭവും ചൂണ്ടിക്കാട്ടുമ്പോള്‍ അന്നൊക്കെ പൊലീസിന്റെ 'മനോവീര്യമെന്ന' ഒറ്റ ഡയലോഗില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെയെല്ലാം പരിഹസിച്ചുവിടുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം, വിവിധയിടങ്ങളില്‍ വച്ച് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയേയും ആര്‍എസ്എസ് നേതാവ് റാം മാധവിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാര്‍ കണ്ടുവെന്ന കാര്യം പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇതിലെന്ത് അസ്വാഭാവികതയെന്ന ചോദ്യത്തിലൂടെ ഈ വിഷയത്തെ നിര്‍വീര്യമാക്കാനാണ് സിപിഎം നേതാക്കള്‍ ബോധപൂര്‍വം ശ്രമിക്കുന്നന്നത്.

മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്തു എന്ന പേരില്‍ 39 മുജാഹിദ് പ്രവര്‍ത്തകരെ പറവൂര്‍ വടക്കേക്കരയില്‍ അറസ്റ്റ് ചെയ്യുന്നത് 2017 ആഗസ്റ്റ് 20നാണ്. ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തവരെയാണ് കസ്റ്റഡിയിലെടുത്തത്. ഈ പ്രദേശത്ത് വീടുകളില്‍ സംഘടനയുടെ പ്രചരണത്തിനുപയോഗിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞ് മര്‍ദിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖയാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് അവരെ പിടിച്ച് പൊലീസിലേല്‍പിക്കുകയുമാണ് ചെയ്തത്. എന്നാല്‍, പോലീസാകട്ടെ ലഘുലേഖ പരിശോധിക്കുക പോലും ചെയ്യാതെ ഇവരെ റിമാന്‍ഡ് ചെയ്യിക്കുകയായിരുന്നു.

'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന കാമ്പയിനിന്റെ ഭാഗമായുള്ള 'ഐഎസ് മതവിരുദ്ധം, മാനവവിരുദ്ധം', 'ജീവിതം എന്തിനുവേണ്ടി' എന്നീ ലഘുലേഖകളാണ് ഇവര്‍ യഥാര്‍ഥത്തില്‍ വിതരണം ചെയ്തത്. ആശയപ്രചരണം എന്ന ഭരണഘടനാ അവകാശം വിനിയോഗിച്ച ഇവര്‍ക്കെതിരെ കേസെടുത്തതിനെപ്പറ്റി നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് ആര്‍എസ്എസിന് മരുന്നിട്ട് കൊടുക്കരുത് എന്നാണ്.

നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് സമീപത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് പകല്‍ സമയം യോഗ പരിശീലനം നടത്തുകയായിരുന്ന 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആയുധ പരിശീലനമെന്നാരോപിച്ച് മയ്യില്‍ പൊലിസാണ് കസ്റ്റഡിയിലെടുത്തത്. കൃത്യമായും പൊലീസ് ഫ്രെയിം ചെയ്തതാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന കേസാണ് അത്. ആ കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കിയ ഡിവൈഎസ്പി പി.പി സുകുമാരന്‍ ഇപ്പോള്‍ ബി.ജെ.പി നേതാവാണ്.

2016 നവംബര്‍ മാസത്തിലാണ് നിലമ്പൂരില്‍ എടക്കരയ്ക്ക് സമീപം രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പു ദേവരാജനും അജിതയും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണ് എന്നാണ് അന്ന് തന്നെ കേരളത്തിലെ സിപിഐ അടക്കമുള്ള പാര്‍ട്ടികളും സാസ്‌കാരിക സാമൂഹ്യ രംഗത്തുള്ളവരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറഞ്ഞത്. കുപ്പു ദേവരാജിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും യുവമോര്‍ച്ചയുടെ പരാതി ഉണ്ടെന്ന കാരണത്താല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പൊതുദര്‍ശനത്തിന് വെക്കാനോ പൊലീസ് അനുവദിച്ചില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കണം എന്നാവശ്യപ്പെട്ട ഗ്രോ വാസു അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയാണ് അന്ന് പൊലീസ് ചെയ്തത്. കെ.ഇ.എന്‍ അടക്കമുള്ള ഇടത് സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം ആവശ്യപ്പെട്ടിട്ടും പോലീസ് യുവമോര്‍ച്ചയുടെ പരാതി അനുസരിച്ചാണ് ഇങ്ങനെ ചെയ്തത്. കേരളത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വരുന്നതില്‍ അന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ ആശങ്ക ഉന്നയിച്ചിരുന്നു. ഇന്നുവരെ നിലമ്പൂര്‍ ഏറ്റുമുട്ടലിനെപ്പറ്റി അന്വേഷണം നടത്താന്‍ ഇടതുസര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നു മാത്രമല്ല, അതിനു ശേഷവും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അനുസ്യൂതം തുടര്‍ന്നു.

യു.എ.പി.എ കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പാനായിക്കുളം കേസ്, വാഗമണ്‍ കേസ്, കൈവെട്ട് കേസ്, പന്തീരങ്കാവ് കേസ് അടക്കം നിരവധി കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പലതും യാതൊരു സംഭവും നടന്നിട്ടില്ലാത്ത ഗൂഢാലോചന കേസുകള്‍ മാത്രമാണ്. പലതും കെട്ടിച്ചമയ്ക്കപ്പെട്ടവയും. നാറാത്ത് കേസ് യുഡിഎഫ് ഭരണകാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ യുഎപിഎ ചുമത്തിയ കേസാണ്. നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് സമീപത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് പകല്‍ സമയം യോഗ പരിശീലനം നടത്തുകയായിരുന്ന 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആയുധ പരിശീലനമെന്നാരോപിച്ച് മയ്യില്‍ പൊലിസാണ് കസ്റ്റഡിയിലെടുത്തത്. കൃത്യമായും പൊലീസ് ഫ്രെയിം ചെയ്തതാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന കേസാണ് അത്. ആ കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കിയ ഡിവൈഎസ്പി പി.പി സുകുമാരന്‍ ഇപ്പോള്‍ ബി.ജെ.പി നേതാവാണ്.

സമ്പൂര്‍ണ്ണമായും പൊലീസ് കെട്ടിച്ചമച്ച കേസാണ് പാനായിക്കുളം കേസ്. കോടതി അതിലെ എല്ലാ കുറ്റാരോപിതരേയും വെറുതെ വിട്ടു. ഈ കേസ് ഫ്രൈയിം ചെയ്തത് പിന്നീട് ഐപിഎസ് ലഭിക്കുകയും ഇപ്പോള്‍ മലപ്പുറം എസ്പി ആവുകയും ചെയ്ത ശശിധരനാണ്. ആ കേസില്‍ ഒരു വിദ്യാര്‍ഥിക്ക് ജാമ്യം നല്‍കി എന്നതിനാല്‍ മജിസ്‌ട്രേറ്റിനെതിരെ സിമി ബന്ധം ആരോപിക്കപ്പെട്ടു. അതിന്റെ പിന്നില്‍ ഈ പൊലീസ് ഉദ്യോഗസ്ഥാനാണ് എന്നാണ് ഇപ്പോള്‍, അന്ന് മജിസ്‌ട്രേറ്റായിരുന്ന വ്യക്തി തന്നെ ആരോപിക്കുന്നത്.

മലപ്പുറം ജില്ല രാജ്യത്ത് തന്നെ സംഘ്പരിവാര്‍ ഉന്നമിട്ട പ്രദേശമാണ്. മലപ്പുറത്തെ ക്രിമിനല്‍-ഭീകര താവളമായി ചിത്രീകരിക്കുന്ന നിരവധി വ്യാജ പ്രചരണങ്ങള്‍ സംഘ്പരിവാറിന്റെ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളില്‍ വ്യാപകമാണ്. 2019 മുതല്‍ മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ അസാധാരണമായ വര്‍ധനവാണ് കാണിക്കുന്നത്. നിരവധി സാധാരണക്കാരെ മയക്കുമരുന്നു കേസുകളിലും മറ്റ് ഗുരുതരമായ കേസുകളിലും പെടുത്തുന്നു എന്ന് പി.വി അന്‍വര്‍ തന്നെ ആരോപിക്കുന്നുണ്ട്. മലപ്പുറത്ത് ഇപ്പോള്‍ സസ്‌പെന്‍ഷനിലായ സുജിത് ദാസ് ജില്ലാ പൊലീസ് സൂപ്രണ്ടായ കാലം മുതലാണ് ഈ ആരോപണങ്ങളെല്ലാം ഉയരുന്നത്. താമിര്‍ ജിഫ്രി ലോക്കപ്പ് വധം അടക്കം നിരവധി ആരോപണങ്ങളാണ് സുജിത് ദാസിനെതിരെ ഉയരുന്നത്.

ആര്‍എസ്എസുകാര്‍ പ്രതിയായി വരുന്ന ഒട്ടു മിക്ക മതസ്പര്‍ധാ സംഭവത്തിലും പ്രതികളെ മാനസിക രോഗികളോ മദ്യലഹരിക്ക് അടിമപ്പെട്ടവരോ ആക്കി കേസുകള്‍ ദുര്‍ബലപ്പെടുത്തുക എന്നത് 2016 ന് ശേഷം, കൃത്യമായി പറഞ്ഞാല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം വ്യാപകമായതായി കാണാന്‍ കഴിയും.

മത പരിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ വധവുമായി ബന്ധപ്പെട്ട് കേസ് ദുര്‍ബലമാക്കുന്നതില്‍ പൊലീസ് അനല്‍പമായ പങ്കാണ് വഹിച്ചിട്ടുള്ളത്. കേസിലെ മുഖ്യ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നാരായണന്‍ സമാനമായി 25 വര്‍ഷം മുമ്പ് നടന്ന യാസര്‍ വധത്തിലും പ്രതിയാണ്. മതസ്പര്‍ധ വളര്‍ത്താനുള്ള ആസൂത്രിത നീക്കം ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. പക്ഷേ, ഒരു ദുരഭിമാനക്കൊലയുടെ രീതിയിലാണ് പൊലീസ് ഇതിനെ സമീപിച്ചത്. കേസ് ഫ്രയിം ചെയ്യുന്ന സന്ദര്‍ഭത്തില്‍ പഴുതടച്ച് എഫ്‌ഐആറും കുറ്റപത്രവും തയ്യാറാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടാല്‍ കേസ് തന്നെ ദുര്‍ബലപ്പെടും. കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ അതാണ് സംഭവിക്കുന്നത്.

കാസര്‍കോട്ടെ റിയാസ് മൗലവി വധം കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു. പക്ഷേ, അതില്‍ ഗൂഢാലോചന കൊണ്ടുവരാന്‍ പൊലീസ് തയ്യാറായിരുന്നില്ല. മദ്യ ലഹരിയില്‍ നടത്തിയ കൊലപാതകം എന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. ശക്തമായ ജനകീയ സമ്മര്‍ദം ഉണ്ടായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചില്ല എങ്കിലും അന്തിമ വിധിയില്‍ കൊലപാതകികളെ കോടതി വെറുതെ വിട്ടത് ദുര്‍ബലമായി ഫ്രെയിം ചെയ്ത കേസുമൂലമാണ്.

കാസര്‍കോഡ് തന്നെ ആര്‍.എസ്സുകാര്‍ നടത്തിയ മറ്റൊരു കൊലപാതകമാണ് സിനാനിന്റേത്. അതിലും പ്രതികള്‍ വെറുതെ വിടപ്പെട്ടു. മൂന്നാം ക്ലാസ്സുകാരനായ ഫഹദിനെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലപ്പെടുത്തിയ കേസിലും ഗുഢാലോചനയോ മതസ്പര്‍ധയോ ചേര്‍ക്കാന്‍ പൊലീസ് തയ്യാറായില്ല. ഈ കേസില്‍ ഒരു പ്രതി മാത്രമായി ചുരുങ്ങി. ആര്‍എസ്എസുകാര്‍ പ്രതിയായി വരുന്ന ഒട്ടു മിക്ക മതസ്പര്‍ധാ സംഭവത്തിലും പ്രതികളെ മാനസിക രോഗികളോ മദ്യലഹരിക്ക് അടിമപ്പെട്ടവരോ ആക്കി കേസുകള്‍ ദുര്‍ബലപ്പെടുത്തുക എന്നത് 2016 ന് ശേഷം, കൃത്യമായി പറഞ്ഞാല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം വ്യാപകമായതായി കാണാന്‍ കഴിയും.

വിരമിച്ച് പുറത്തുപോയ രമണ്‍ ശ്രീവാസ്തവയെ പൊലീസ് ഉപദേഷ്ടാവാക്കി തിരിച്ച് സ്ഥാപിച്ചു എന്നു മാത്രമല്ല, ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ക്ളീന്‍ചീറ്റ് നല്‍കിയ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ലോക്നാഥ് ബെഹ്‌റയെ സംസ്ഥാനത്തിന്റെ ഡിജിപിയായി ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ചു എന്നതും പൊലീസിനു സംഘ്പരിവാര്‍ വിധേയത്വത്തില്‍ നിലനില്‍ക്കാനുള്ള അവസരമായി. എതിര്‍പ്പുകള്‍ അന്നുമുയര്‍ന്നിരുന്നു. പക്ഷെ, പിണറായി സര്‍ക്കാര്‍ അതിനെയെല്ലാം തള്ളി. പിന്നീട് 2021ല്‍ അദ്ദേഹം വിരമിക്കുംവരെയും ആര്‍എസ്എസ്സിന് സ്വാധീനമുണ്ടാക്കാന്‍ തരത്തിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടായത്. വിരമിച്ച ശേഷം കൊച്ചി മെട്രോ സിഎംഡി ആക്കി അദ്ദേഹത്തിന് ഉന്നത സ്ഥാനം നല്‍കിയാണ് ഇടതുസര്‍ക്കാര്‍ ബഹുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ നിരന്തരം ആര്‍എസ്എസ് നേതാക്കളെ കാണേണ്ടിവന്നത് എന്തുകൊണ്ടായിരുന്നുവെന്ന ചോദ്യം ശക്തമായി ഉയരുന്നത്. പക്ഷേ, ഇതിന് യാതൊരു ഉത്തരവുമില്ല.

രാജ്യത്ത് ഹിന്ദുത്വ ഭരണകൂടത്തെ സൃഷ്ടിക്കുന്നതില്‍ പൊലീസ് സംവിധാനം ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയിലടക്കം പൊലീസ് സ്വീകരിച്ച സമീപനം എന്താണ് എന്നത് പരസ്യമായ കാര്യമാണ്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിരമിച്ച ഉടനെ ബിജെപിയിലേക്കും ആര്‍എസ്എസ്സിലേക്കും പോകുന്നത് ഇന്ന് കേരളത്തില്‍ സര്‍വ്വസാധാരണമാണ്. കേരള പൊലീസ് മേധാവി ആയിരുന്ന ടി.പി സെന്‍കുമാര്‍ വിരമിക്കലിനോട് അനുബന്ധിച്ച് നല്‍കിയ ഇന്റര്‍വ്യൂവില്‍ കേരളത്തില്‍ മുസ്‌ലിംകളെ ഡീറാഡിക്കലൈസ് ചെയ്യാന്‍ കേരളാ പൊലീസ് പദ്ധതി തയ്യാറാക്കിയതായി പറയുന്നുണ്ട്. എന്താണ് ഇതിന്റെ സ്വഭാവം എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍, സെന്‍കുമാര്‍ വിരമിച്ച ഉടനെ ബിജെപിയില്‍ ചേരുകയാണ് ചെയ്തത്. ഡിജിപി റാങ്കിലുണ്ടായിരുന്ന ജേക്കബ് തോമസും വിരമിച്ച ശേഷം ബിജെപിയോടൊപ്പം പ്രവര്‍ത്തിക്കുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി പി.വി അന്‍വര്‍ ആരോപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ബിജെപിയുടെ ബൂത്ത് ഏജന്റായിരുന്നു എന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആനിരാജയടക്കമുള്ള ദേശീയ നേതാക്കള്‍ പല സന്ദര്‍ഭത്തിലും കേരള പൊലീസിലെ ആര്‍എസ്എസ് ബന്ധത്തെപ്പറ്റി ആശങ്ക കേരളത്തിലെ ഭരണ നേതൃത്വത്തോട് ഉണര്‍ത്തിയിട്ടുണ്ട്. എങ്കിലും അതിനെയൊന്നും മുഖവിലക്കെടുക്കാതെ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ആര്‍എസ്എസിന് തളികയില്‍ വെച്ചുകൊടുക്കുന്ന സമീപനമാണ് കേരള ഭരണകൂടം സ്വീകരിക്കുന്നത്.

മതേതര സ്വഭാവം നിലനില്‍ക്കുന്നതായി എപ്പോഴും അവകാശപ്പെടുന്ന കേരളത്തില്‍ പൊലീസ് കൃത്യമായി സംഘ്പരിവാര്‍ പക്ഷത്തേക്ക് ചായുന്നതും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മറയില്ലാതെ ആര്‍എസ്എസ് നേതാക്കളുമായി ആശയ വിനിമയം നടത്തുന്നതും അത്ര ചെറിയ കാര്യമല്ല. ഇടതുപക്ഷത്തിന്റെ ചെലവില്‍ തന്നെ കേരളത്തെ ആര്‍എസ്എസ് പൊലീസ് സ്റ്റേറ്റാക്കി മാറ്റാനുള്ള നീക്കമാണ് നടന്നു വരുന്നത് എന്നത് ഗൗരവതരമായി തന്നെ എടുക്കേണ്ട കാര്യമാണ്. 2018 ലെ ശബരിമല തീര്‍ഥാടന കാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അണികളെ അഭിസംബോധന ചെയ്യാന്‍ ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി പൊലീസ് മെഗാഫോണുപയോഗിക്കുന്ന ചിത്രം അന്ന് ശ്രദ്ധേയമായതാണ്. ആര്‍എസ്എസിന് മെഗാഫോണ്‍ പിടിച്ചുകൊടുക്കുന്ന സംവിധാനമാണ് കേരളാ പൊലീസ് എന്നതിന്റെ പ്രതീകമാണ് അത്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സജീദ് ഖാലിദ്

Writer

Similar News