തെറ്റുകൾ ചൂണ്ടിക്കാണിക്കാം, കുറ്റപ്പെടുത്തൽ വേണ്ട

ശകാരത്തിന്റെ ഫലം ഭയമാണ്. ഭയം കൊണ്ടുള്ള അനുസരണം ചെറിയ കാലം നിലനിൽക്കുമെങ്കിലും അത് ദീർഘകാലാടിസ്ഥാനത്തിൽ നല്ല സ്വഭാവങ്ങൾ രൂപപ്പെടുത്താൻ സഹായകരമാകില്ല

Update: 2025-02-21 13:01 GMT

"അയ്യോ! വീണ്ടും നീ ഗ്ലാസ് ഉടച്ചോ? നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് സൂക്ഷിക്കണമെന്ന്? എപ്പോഴും ഇങ്ങനെ കുഴപ്പങ്ങൾ ഉണ്ടാക്കിവെക്കുന്നത് നീ ശീലമാക്കി വച്ചിരിക്കുകയാണോ? നിനക്കറിയില്ലല്ലോ ഇതൊക്കെ എത്ര ബുദ്ധിമുട്ടിയാണ് വാങ്ങുന്നതെന്ന്. ഓരോ തവണയും കുരുത്തക്കേട് കാണിക്കുമ്പോൾ കുട്ടിയല്ലേ, തെറ്റുപറ്റും ഇനി നന്നാവും എന്ന് പ്രതീക്ഷിച്ചു വീണ്ടും ഓരോന്ന് വാങ്ങിത്തരുന്ന എനിക്ക് ഇതന്നെ കിട്ടണം. എന്നാലും അമ്മയെന്നുള്ള സ്നേഹം പോലും ഇല്ലല്ലോ നിനക്ക് എന്നോട്."

ഇതൊരു വീട്ടിൽ സാധാരണ കുട്ടികൾക്കെതിരെ രക്ഷിതാക്കൾ ഉപയോഗിക്കുന്ന വാക്കുകളാണ്. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അവരെ ശകാരിക്കുന്നതും കുറ്റപ്പെടുത്തുന്നതും സാധാരണമാണ്. എന്നാൽ, കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയെ ഇത് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണം. ശകാരവും കുറ്റപ്പെടുത്തലും മാത്രമാണോ കുട്ടികളെ തിരുത്താനുള്ള ശരിയായ മാർഗം? കുട്ടികളുടെ ശീലങ്ങളും പെരുമാറ്റങ്ങളും തിരുത്തുക മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രധാന ഉത്തരവാദിത്തമാണ്. എന്നാൽ, വഴക്ക്, ശകാരം, കുറ്റപ്പെടുത്തൽ എന്നിവ എഫക്റ്റീവ് ആണോ എന്നത് ശാസ്ത്രീയമായും മനശാസ്ത്രപരമായും പരിശോധിക്കേണ്ട ഒരു വിഷയമാണ്.

Advertising
Advertising

ആത്മവിശ്വാസം കുറയ്ക്കുന്ന ​കുറ്റപ്പെടുത്തലുകൾ

എപ്പോഴുമുള്ള കുറ്റപ്പെടുത്തലുകളുടെ ഫലമായി കുട്ടികൾക്ക് നെഗറ്റീവ് അനുഭവം ഉണ്ടാകാം, എന്നാൽ ഇത് ഭാവിയിൽ നല്ല പെരുമാറ്റം ഉറപ്പാക്കുമോ എന്നത് സംശയാസ്പദമാണ്. ശാരീരികമോ മാനസികമോ ആയ ശിക്ഷകൾ കുട്ടികളുടെ ആത്മവിശ്വാസവും സ്വയം മുന്നോട്ട് പോകാനുള്ള കഴിവും കുറയ്ക്കുന്നു. "ഞാൻ മോശമാണ്", "എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല", "ആരും എന്നെ സ്നേഹിക്കുന്നില്ല" തുടങ്ങിയ ചിന്തകൾ കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കുന്നു. ഇത് അവരുടെ പഠനത്തെയും സാമൂഹിക ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.

കൂടാതെ, ശകാരവും വഴക്കും കുട്ടികളുടെ മസ്തിഷ്കത്തിൽ കോർട്ടിസോൾ എന്ന സമ്മർദ്ദ ഹോർമോൺ കൂടുതലായി ഉണ്ടാകാൻ കാരണമാകുന്നു. ഇത് ദീർഘകാല മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ആത്മവിശ്വാസം കുറയാനും പഠനക്ഷമത കുറയാനും ഇത് കാരണമായേക്കാം.

കുറ്റപ്പെടുത്തലുകൾ കുട്ടികളിൽ ഭയം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും. ചില കുട്ടികൾ കുറ്റപ്പെടുത്തലുകളെ പ്രതിരോധിക്കാൻ വേണ്ടി വാശി കാണിക്കുകയോ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. കുറ്റപ്പെടുത്തലുകൾ കുട്ടികളിൽ വാശി കൂട്ടാനും മാതാപിതാക്കളുമായി അകലാനും കാരണമാകും. കുട്ടികൾ സുരക്ഷിതമായ ബന്ധങ്ങളിലൂടെയാണ് നല്ല സ്വഭാവം രൂപപ്പെടുത്തുന്നത്. ശകാരവും വഴക്കും ഈ ബന്ധം ദുർബലമാക്കുന്നു.

കുട്ടികളുടെ വളർച്ചയിൽ രക്ഷിതാക്കളുടെ പങ്ക്

കുട്ടികളുടെ വളർച്ചയിൽ രക്ഷിതാക്കൾക്ക് വലിയ പങ്കുണ്ട്. കുട്ടികളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവരുടെ തെറ്റുകൾ തിരുത്താൻ സഹായിക്കുകയും നല്ല കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കുട്ടികൾ ഒരു തെറ്റ് ചെയ്യുമ്പോൾ അവരെ കുറ്റപ്പെടുത്തുന്നതിനു പകരം ആ തെറ്റിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ശാന്തമായി സംസാരിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. അവർക്ക് അവരുടെ തെറ്റ് മനസ്സിലാക്കാനും അടുത്ത തവണ അത് ആവർത്തിക്കാതിരിക്കാൻ അവരെ സഹായിക്കാനും ഉതകുന്നതാകണം ഈ സംസാരം. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അതുകൊണ്ട്, ഓരോ കുട്ടിയുടെയും ആവശ്യങ്ങൾക്കനുസരിച്ച് അവരെ കൈകാര്യം ചെയ്യണം. കുട്ടികളോട് ഇടപെടുമ്പോൾ അവരുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകണം.

 

കുട്ടികളെ തിരുത്താൻ ശരിയായ രീതികളുണ്ട്. ശകാരങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും പകരം, സ്നേഹവും പിന്തുണയും നൽകി അവരെ തെറ്റുകൾ മനസ്സിലാക്കാനും ശരിയായ രീതിയിൽ പ്രവർത്തിക്കാനും പ്രോത്സാഹിപ്പിക്കണം. കുട്ടികൾ എന്തുകൊണ്ട് ഒരു തെറ്റ് ചെയ്തു എന്നത് മനസ്സിലാക്കുകയും അവർക്കു കാരണങ്ങൾ വിശദീകരിക്കാനുള്ള അവസരം നൽകുകയും ചെയ്യുക. ശകാരത്തിന്റെ ഫലം ഭയമാണ്. ഭയം കൊണ്ടുള്ള അനുസരണം ചെറിയ കാലം നിലനിൽക്കുമെങ്കിലും അത് ദീർഘകാലാടിസ്ഥാനത്തിൽ നല്ല സ്വഭാവങ്ങൾ രൂപപ്പെടുത്താൻ സഹായകരമാകില്ല.

കുട്ടികൾ തെറ്റുകൾ ആവർത്തിക്കാനുള്ള കാരണങ്ങൾ

കുട്ടികൾ തെറ്റുകൾ ആവർത്തിക്കുന്നതിന് പിന്നിൽ മനശാസ്ത്രപരവും ശാരീരികവുമായ കാരണങ്ങളുണ്ട്.

മനശാസ്ത്രപരമായ കാരണങ്ങൾ

ശ്രദ്ധക്കുറവ്: ചില കുട്ടികൾക്ക് കാര്യങ്ങൾ ശ്രദ്ധിക്കാനും ഓർമ്മിക്കാനും ബുദ്ധിമുട്ടുണ്ടാകാം. അതുകൊണ്ട്, അവർ മുമ്പ് ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ സാധ്യതയുണ്ട്.

വികാരങ്ങളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്: കുട്ടികൾക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ അവർ തെറ്റായ രീതിയിൽ പ്രതികരിക്കാൻ സാധ്യതയുണ്ട്.

ആത്മവിശ്വാസമില്ലായ്മ: ചില കുട്ടികൾക്ക് അവരുടെ കഴിവുകളിൽ ആത്മവിശ്വാസം കുറവായിരിക്കും. അതുകൊണ്ട് അവർ പുതിയ കാര്യങ്ങൾ ചെയ്യാൻ മടിക്കും. ഇത് അവരെ തെറ്റുകൾ ആവർത്തിക്കാൻ പ്രേരിപ്പിക്കും.

ശരിയായ മാതൃകയില്ലാത്തത്: കുട്ടികൾ മുതിർന്നവരെ അനുകരിക്കാൻ ശ്രമിക്കും. അതുകൊണ്ട്, കുട്ടികൾക്ക് ശരിയായ മാതൃകകൾ കാണിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ, മാതാപിതാക്കളാണ് കുട്ടികളുടെ ആദ്യത്തെ അധ്യാപകർ.

ശാരീരികമായ കാരണങ്ങൾ

തലച്ചോറിന്റെ വളർച്ച: കുട്ടികളുടെ തലച്ചോറ് പൂർണമായി വികസിക്കാൻ കുറഞ്ഞത് 25 വർഷമെങ്കിലും എടുക്കും. തലച്ചോറിന്റെ വളർച്ച പൂർണമാകാത്തതുകൊണ്ട്, കുട്ടികൾക്ക് കാര്യങ്ങൾ ഓർമ്മിക്കാനും ശ്രദ്ധിക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും ബുദ്ധിമുട്ടുണ്ടാകാം.

ഹോർമോണുകൾ: കുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ അവരെ കൂടുതൽ വികൃതികൾ ആക്കുന്നു. ഇത് അവരെ തെറ്റുകൾ ആവർത്തിക്കാൻ പ്രേരിപ്പിക്കും.

കുട്ടികളെ എങ്ങനെ തിരുത്താം?

പോസിറ്റീവ് റീഇൻഫോഴ്സ്മെന്റ്: കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുക. ഇത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും.

തെറ്റുകൾ ചൂണ്ടിക്കാണിക്കുക: കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ ശാന്തമായി ആ തെറ്റിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക. എന്നാൽ, അവരെ വ്യക്തിപരമായി ആക്രമിക്കരുത്.

സഹാനുഭൂതി: കുട്ടികളുടെ വികാരങ്ങളെ മനസ്സിലാക്കുക. അവരുടെ വീക്ഷണകോണിൽനിന്ന് കാര്യങ്ങൾ കാണാൻ ശ്രമിക്കുക.

ക്ഷമിക്കുക: കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ ക്ഷമിക്കാൻ തയ്യാറാവുക. എല്ലാവർക്കും തെറ്റുകൾ സംഭവിക്കാം.

മാതൃകയാവുക: കുട്ടികൾ മുതിർന്നവരെ അനുകരിക്കാൻ ശ്രമിക്കും. അതുകൊണ്ട് കുട്ടികൾക്ക് നല്ല മാതൃകകൾ കാണിച്ചു കൊടുക്കുക. കുട്ടികളെ ശരിയായ രീതിയിൽ വളർത്തുന്നതിലൂടെ അവർ നല്ല വ്യക്തികളായി വളരും. ശകാരങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും പകരം സ്നേഹവും പ്രോത്സാഹനവും നൽകി അവരെ പിന്തുണയ്ക്കുക.

പ്രോത്സാഹിപ്പിക്കുക: കുട്ടികൾ ശരിയായ രീതിയിൽ പ്രവർത്തിക്കുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുക. ഇത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും കൂടുതൽ നന്നായി പ്രവർത്തിക്കാൻ പ്രചോദനം നൽകുകയും ചെയ്യും.

ആത്മനിയന്ത്രണ രീതികൾ പരിശീലിപ്പിക്കുക: കുട്ടികൾക്ക് അവരുടെ ദേഷ്യം, നിരാശ എന്നിവ നിയന്ത്രിക്കാൻ ഉള്ള മാർഗങ്ങൾ (ഉദാഹരണത്തിന്, ഡീപ് ബ്രീതിങ്ങ്, ടൈം ഔട്ട് ) പഠിപ്പിക്കുക.

സഹായം തേടുക: കുട്ടികൾ തുടർച്ചയായി തെറ്റുകൾ ആവർത്തിക്കുകയാണെങ്കിൽ ഒരു മനശാസ്ത്രജ്ഞന്റെ സഹായം തേടുന്നത് നല്ലതാണ്.

കുട്ടികളെ ശകാരിച്ചും കുറ്റപ്പെടുത്തിയുമല്ല തിരുത്തേണ്ടത്. സ്നേഹവും പിന്തുണയും നൽകിയാൽ മാത്രമേ കുട്ടികളെ നല്ല വ്യക്തികളായി വളർത്താൻ കഴിയൂ എന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്. സമ്മർദ്ദം ചെലുത്തിയും കുട്ടികളെ നന്നാക്കാനാകില്ല. അതിനാൽ, ശകാരത്തിനും കുറ്റപ്പെടുത്തലിനുമുപരി കുട്ടികളെ മനസ്സിലാക്കി പ്രവർത്തിക്കാനായൽ അവരെ മികച്ച വ്യക്തികളാക്കി വളർത്തിയെടുക്കാം.

റീന വി.ആർ
സൈക്കോളജിസ്റ്റ്,
സൈക്കോതെറാപ്പിസ്റ്റ്
ദ ഇൻസൈറ്റ് സെന്റർ
തിരുവനന്തപുരം
8590043039

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - റീന വി.ആർ

Senior Consultant, Mental Health

Reena VR is senior consultant, mental health

Similar News