‘ഇന്ത്യയുടെ സ്വന്തം ഫ്രൻഡ്, ട്രംപ്; പരസ്യം വാർത്തയുടെ വേഷമിടുമ്പോൾ - മീഡിയ സ്കാൻ

ന്യൂയോർക്ക് ടൈംസ് പത്രം വിലപ്പെട്ട ഒരു പരസ്യം നഷ്ടം സഹിച്ച് ഉപേക്ഷിച്ചത് ഇസ്രായേലിനു വേണ്ടിയായിരുന്നു

Update: 2025-02-05 07:31 GMT

ജനുവരി 24ന് മലയാള പത്രങ്ങളിലെ ഒരു പരസ്യം തന്നെ വാർത്തയായി. മുൻപേജിൽ മുഴുവൻ അമ്പരപ്പിക്കുന്ന വാർത്തകൾ. ഒരാഴ്ചയ്ക്കുശേഷം, ഫെബ്രുവരി മാസം മുതൽ, കറൻസി നോട്ടുകൾ ഇല്ലാതാകും; ഡിജിറ്റൽ പണം മാത്രമാകും. വാസ്തവത്തിൽ ആ പേജ് മുഴുവൻ പരസ്യമായിരുന്നു. 2050 ലെ പത്രങ്ങൾ എങ്ങനെയാകുമെന്ന സങ്കല്പമാണ്, ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയുടെ പരസ്യത്തിൽ അവതരിപ്പിച്ചത്. അത് വ്യക്തമാക്കുന്ന അറിയിപ്പ് പേജിൽ ഉണ്ടായിരുന്നു. എന്നിട്ടും വായനക്കാരും മാധ്യമപ്രവർത്തകരും വരെ കബളിപ്പിക്കപ്പെട്ടു. അതിന് ഒരു കാരണം, ഇന്ന് ആളുകൾ പത്രം വായിക്കുന്ന രീതിയാണ്. അതറിയുന്ന പരസ്യക്കാർ നേട്ടമുണ്ടാക്കി. പരസ്യം കിട്ടാനുള്ള പത്രങ്ങളുടെ സാഹസമെന്ന് ഇതിനെ വിളിക്കാം.

Advertising
Advertising

അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് പത്രം വിലപ്പെട്ട ഒരു പരസ്യം ഉപേക്ഷിച്ചത് ഇതിനോട് ചേർത്ത് വായിക്കാം. അവർ ആ നഷ്ടം സഹിച്ചത് ഇസ്രായേലിനു വേണ്ടിയായിരുന്നു. പരസ്യം കിട്ടാൻ സാഹസപ്പെടുന്ന പത്രങ്ങൾ, പരസ്യം ഒഴിവാക്കിക്കൊണ്ടു പോലും അക്രമിക്ക് സംരക്ഷണം നൽകുന്ന പത്രങ്ങൾ. പരസ്യം വാർത്തയാകുന്നത് ഇങ്ങനെയൊക്കെയാണ്.

Full View

ഇന്ത്യയുടെ സ്വന്തം ഫ്രൻഡ്, ഡോണൾഡ് ട്രംപ്

ട്രംപിന്റെ രണ്ടാം വരവ് ശുഭവാർത്തയല്ല: പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നും ലോകാരോഗ്യ സംഘടനയിൽ നിന്നും ആദ്യ ദിവസം തന്നെ അമേരിക്കയെ ട്രംപ് പിൻവലിച്ചു. സത്യപ്രതിജ്ഞ മുതൽ, ട്രംപ് ഉയർത്തുന്ന വെല്ലുവിളികൾ മാധ്യമങ്ങളിൽ ഗൗരവ ചർച്ചയാകുമെന്ന് കരുതിയവർക്ക് തെറ്റി. മനുഷ്യാവകാശങ്ങൾക്കും ആഗോള നീതിക്കും ലോകസമാധാനത്തിനും സംഭവിക്കാനിരിക്കുന്ന വിപത്തിനെപ്പറ്റി ചിന്തിക്കേണ്ട പാരമ്പര്യ മാധ്യമങ്ങൾ പലരും ചടങ്ങിലെ വനിതകളുടെ ഉടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അതേ സമയം കാര്യങ്ങൾ പൈങ്കിളി തലത്തിലല്ലാതെ കാണുന്ന മാധ്യമങ്ങൾ ട്രംപ് എന്ന വിപത്തിനെ പരിചയപ്പെടുത്തി; ട്രംപ് ഫാഷിസ്റ്റു തന്നെ എന്ന് വാദിക്കുന്നു റോബർട്ട് റൈഖ്. ഫാഷിസത്തിന്റെ അഞ്ച് ലക്ഷണങ്ങളും ട്രംപിൽ പ്രകടമാണ്. വെള്ളക്കാരുടേതായ ക്രിസ്ത്യൻ ദേശീയതയത്രെ ട്രംപിന്റെ അമേരിക്കൻ ഫാഷിസം.

ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യയെ എങ്ങനെ ബാധിക്കും? ആശയപരമായി യോജിപ്പുള്ളവരാണ് രണ്ടു രാജ്യങ്ങളുടെയും ഭരണാധിപർ എന്നതിനാൽ ഇന്ത്യക്ക് നേട്ടമാകും എന്ന് കരുതിയത് വെറുതെ. ഇന്ത്യ അടങ്ങുന്ന ബ്രിക്സ് രാജ്യങ്ങൾ ഡോളറിടപാട് നിർത്തി സ്വന്തം കറൻസിയുണ്ടാക്കാൻ നീക്കമെന്ന് കേട്ട് ട്രംപിന് കലികയറി. സകലർക്കും അമേരിക്കയിൽ 100 ശതമാനം തീരുവ ചുമത്തും എന്ന് ഭീഷണി. ഒന്ന് വിരട്ടിയാൽ ഒതുങ്ങുന്നതേയുള്ളൂ കുറെ രാജ്യങ്ങളുടെ ശൗര്യമെന്ന് ട്രംപിനറിയാം. ട്രംപിന് വേണ്ടി വേറെയും വിട്ടുവീഴ്ച നാം ചെയ്തിട്ടുണ്ട്.

Full View

ജേണലിസം കുറ്റകൃത്യമാകുന്നതെപ്പോൾ?

വാർത്തയെത്തിക്കാനും വ്യാജവാർത്തകളെ പ്രതിരോധിക്കാനും അദ്ധ്വാനിക്കുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരും: അവർക്ക് വഴി ഇപ്പോഴും പ്രയാസകരം തന്നെ. ഇലക്ട്രോണിക് ഇൻതിഫാദ എന്ന ഓൺലൈൻ ജേണലിന്റെ ഡയറക്ടറും എക്സിക്യൂട്ടീവ് എഡിറ്ററുമായ അലി അബൂനിഅ്മ യെ സ്വിസ് സർക്കാർ രണ്ടു ദിവസം തടവിലിട്ടു. മുതിർന്ന ജേണലിസ്റ്റിനെ അന്യായമായി തടഞ്ഞു വെച്ചത് വാർത്തയാക്കാൻ പോലും തയ്യാറായില്ല പടിഞ്ഞാറൻ മാധ്യമങ്ങൾ. ഏതാനും മാസം മുമ്പ് ബ്രിട്ടീഷ് ജേണലിസ്റ്റ് റിച്ചഡ് മെഡ് ഹേഴ്സ്റ്റിനെ ബ്രിട്ടീഷ് പൊലീസ് ഭീകരക്കേസിൽ കുടുക്കി.

രണ്ടു സംഭവങ്ങളിലും പൊതുവായുള്ള കാര്യം ഇരുവരും ഫലസ്തീന് വേണ്ടി സംസാരിക്കുന്നു എന്നതാണ്. മറ്റു പല മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ഇതേ അനുഭവമുണ്ട്. ഗസ്സയിലാകട്ടെ, അതിജീവനത്തിന്റെ ഭാഗമാണ് മാധ്യമ പ്രവർത്തനം.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News