ട്രംപിന്റെ കൈയിൽ അധികാരം, ഭ്രാന്തന്റെ കൈയിൽ തീപ്പന്തം; ഇന്ത്യക്കാർക്ക് അമേരിക്കയുടെ ഘർ വാപസി - മീഡിയ സ്കാൻ

ശരിക്കും ആരാണ് രാഷ്ട്രപതിയെ നിന്ദിച്ചത്—സോണിയയോ അതോ സുരേഷ് ഗോപിയോ?

Update: 2025-02-10 09:40 GMT

ഡോണൾഡ് ട്രംപ് അമേരിക്കക്കു മാത്രമല്ല, ലോകത്തിനു തന്നെ വിപത്താകുമെന്ന കണക്കുകൂട്ടൽ പിഴച്ചില്ല. ആഗോള സംവിധാനങ്ങളിൽനിന്ന് അമേരിക്കയെ പിൻവലിച്ചു –ഒരു നിയമത്തിനും താൻ വിധേയനല്ല എന്ന മട്ട്. ഭ്രാന്തന്റെ കൈയിലെ തീപ്പന്തമാണ് ട്രംപിന്റെ കൈയിൽ അധികാരമെന്ന് ഓരോ ദിവസവും വെളിപ്പെട്ടു കൊണ്ടിരിക്കുന്നു. വൈറ്റ് ഹൗസിലേക്ക് അദ്ദേഹം ആദ്യം ക്ഷണിച്ചു വരുത്തിയ വിദേശ നേതാവ് ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹു ആണെന്നത് യാദൃച്ഛികമല്ല. അവിടെ വെച്ച് നടത്തിയ പ്രസ്താവനയോ, സകല നിയമങ്ങളെയും മര്യാദകളെയും മനുഷ്യത്വത്തെയും വെല്ലുവിളിക്കുന്നതും. ഗസ്സയെ അമേരിക്ക “ഏറ്റെടുക്കു”മത്രേ. മനുഷ്യർക്ക് ജീവിക്കാൻ പറ്റാത്തതായിരിക്കുന്നു സ്ഥലമെന്ന്. അതുകൊണ്ട് അവിടത്തുകാർ ഈജിപ്തിലേക്കോ ജോർഡാനിലേക്കോ പോകട്ടെ. “ഞങ്ങൾ അത് ഉല്ലാസ കേന്ദ്രമാക്കും”.

Advertising
Advertising

പച്ചയായ വംശീയ ഉന്മൂലനം. അത് വ്യക്തമാക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടായിരുന്നു. പക്ഷേ പാരമ്പര്യ മാധ്യമങ്ങളും അവയുടെ ഓൺലൈൻ പതിപ്പുകളും അതിന്റെ നിയമവിരുദ്ധത മറച്ചുവെക്കാനാണ് ശ്രമിച്ചത്. ഗസ്സക്കാരോടു ചെയ്യുന്ന സേവനമാണ്, തരിപ്പണമായ നാട്ടിൽനിന്ന് അവരെ ഒഴിപ്പിക്കുന്നത് എന്ന ധ്വനിയാണ് റിപ്പോർട്ടുകൾക്ക്. ഉന്മൂലനം, വംശഹത്യ എന്നിങ്ങനെയുള്ള ശരിയായ പദങ്ങൾ ഉപയോഗിക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിച്ചു. പകരം മറ്റു വാക്കുകൾ ഉപയോഗിച്ചു.

വാക്കുകൾ പ്രധാനമാണ്. അത് അറിയേണ്ടവരാണ് മാധ്യമങ്ങൾ. ലോക കോടതിയുടെ അറസ്റ്റ് വാറന്റുള്ള ഒരു യുദ്ധക്കുറ്റവാളിയാണ് നെതന്യാഹു എന്നതും പറയാതിരിക്കാൻ അവ ജാഗ്രത കാട്ടി. നവഇംപീരിയലിസം ദംഷ്ട്രകൾ പുറത്തെടുത്തു കഴിഞ്ഞു. അതിന്റെ ഇര ഗസ്സ മാത്രമല്ല. ലോകം തന്നെയാണ്. പടിഞ്ഞാറൻ മാധ്യമങ്ങൾ പറയാൻ കൂട്ടാക്കാത്തത് ഇസ്രായേലി പത്രമായ ഹാരറ്റ്സ് തുറന്നു പറഞ്ഞു: ട്രമ്പിന്റെത് ഭ്രാന്തൻ ആശയമാണ്. രൂക്ഷമായ എഡിറ്റോറിയൽ പത്രം എഴുതി: ഇക്കണക്കിന് ഗസ്സക്കാരോട് ചൊവ്വയിൽ ചെന്ന് പാർക്കാൻ പറയുമല്ലോ ട്രംപ് എന്ന്.ട്രംപ് അമേരിക്കയുടെ ഒറ്റപ്പെടലിന് ആക്കം കൂട്ടുകയാണ്. ചിത്രം മാറിവരുന്നത് ട്രംപ് തിരിച്ചറിഞ്ഞിട്ടില്ല. ഗസ്സ അത് പഠിപ്പിച്ചേക്കും.

Full View

ഇന്ത്യക്കാർക്ക് അമേരിക്കയുടെ ഘർ വാപസി; സോണിയയും സുരേഷ് ഗോപിയും രാഷ്ട്രപതിയും

ഗസ്സക്കാരെ അവരുടെ നാട്ടിൽനിന്ന് പുറത്താക്കാൻ നോക്കുന്ന ട്രംപ് അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യക്കാരെ നാട്ടിലേക്കയക്കാൻ തുടങ്ങി. അത് ഒരു ഒന്നൊന്നര തുടക്കവുമായി. 104 പേരെ കൈവിലങ്ങും കാൽച്ചങ്ങലയുമിട്ട്, ശുചിമുറിയിൽ വരെ ഇഴഞ്ഞെത്തേണ്ട രീതിയിൽ… സൈനിക കോപ്ടറിലാണ്, ചരക്കുവിമാനത്തിലല്ല അയച്ചത് എന്നത് ഔദാര്യമായി എണ്ണണം. അപ്പോഴും സർക്കാർ അമേരിക്കയെ കുറ്റപ്പെടുത്തുന്നില്ല. എന്നല്ല, അമേരിക്കയെ ന്യായീകരിക്കാനാണ് വിദേശകാര്യ മന്ത്രി ജയശങ്കർ ശ്രമിച്ചത്.

ഇതെല്ലാം ഗൗരവമുള്ള മറ്റൊരു പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഇന്ത്യയിലെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയാണത്. ഇവിടെയാണ് യൂനിയൻ ബജറ്റിന്റെ ഊന്നൽ പ്രശ്നമാകുന്നത്. സാമൂഹിക രംഗത്ത് വ്യയം കുറഞ്ഞു, തൊഴിൽ രംഗം മെച്ചപ്പെടുത്താൻ നിക്ഷേപമില്ല. പക്ഷേ മധ്യവർഗത്തിന് നികുതിയിളവ് നൽകി. വോട്ടർമാർക്കും മാധ്യമങ്ങൾക്കും സന്തോഷം.

യൂനിയൻ ബജറ്റ് കേരളത്തോട് കാട്ടിയ അവഗണനയും വലുത്. ബജറ്റിലും റെയിൽവേ വിഹിതത്തിലും കേരളം പുറത്ത്.

ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ പാർലമെന്റിൽ രാഷ്ട്രപതി ചെയ്ത നയപ്രഖ്യാപന പ്രസംഗത്തെപ്പറ്റി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു, പ്രസംഗം വായിച്ച് "പാവം സ്ത്രീ ക്ഷീണിച്ചു" എന്ന്. ഇത് മാധ്യമങ്ങൾ (പ്രത്യേകിച്ച് ഉത്തരേന്ത്യൻ മാധ്യമങ്ങൾ) വൻ വിവാദമാക്കി. എന്നാൽ ആദിവാസി വകുപ്പിൽ "ഉന്നതകുലജാതനായ" മന്ത്രി വേണമെന്ന യൂനിയൻ മന്ത്രി സുരേഷ് ഗോപിയുടെ ജാതീയ പ്രസ്താവന വിവാദമാക്കിയില്ല. നമ്മുടെ രാഷ്ട്രപതി ആദിവാസി ഗോത്രക്കാരിയാണ്. മന്ത്രി പറയുന്നു, ആദിവാസികളെ ഭരിക്കേണ്ടത് ഉന്നതകുലജാതരാകണമെന്ന്. ശരിക്കും ആരാണ് രാഷ്ട്രപതിയെ നിന്ദിച്ചത്—സോണിയയോ അതോ സുരേഷ് ഗോപിയോ? 

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News