മാതൃഭൂമി,ദീപിക: ഗസ്സ നുണക്കഥകൾ വീണ്ടും, എട്ടുമുക്കാലട്ടി, അധിക്ഷേപം, പരിഹാസം

ഗസ്സയിൽ രണ്ടു വർഷമായി നടക്കുന്ന വംശഹത്യക്ക് ഇസ്രായേൽ ന്യായമുണ്ടാക്കിയത്, കള്ള വാർത്തകളുണ്ടാക്കിയാണ്; അവ പാശ്ചാത്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുകൊണ്ടാണ്. ഡസൻ കണക്കിനുണ്ട്, വ്യക്തവും ഖണ്ഡിതവുമായ തെളിവുകൾക്കു മുമ്പിൽ പൊളിഞ്ഞു പോയ സയണിസ്റ്റ് വ്യാജങ്ങൾ. പക്ഷേ രണ്ടു വർഷമായിട്ടും മലയാള പത്രങ്ങൾക്കു പോലും അപ്പ്ഡേറ്റ് ചെയ്യാൻ തോന്നിയില്ല

Update: 2025-10-15 06:11 GMT

മാതൃഭൂമി, ദീപിക: ഗസ്സ നുണക്കഥകൾ വീണ്ടും

ഗസ്സയിൽ രണ്ടു വർഷമായി നടക്കുന്ന വംശഹത്യക്ക് ഇസ്രായേൽ ന്യായമുണ്ടാക്കിയത്, കള്ള വാർത്തകളുണ്ടാക്കിയാണ്; അവ പാശ്ചാത്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുകൊണ്ടാണ്. ഡസൻ കണക്കിനുണ്ട്, വ്യക്തവും ഖണ്ഡിതവുമായ തെളിവുകൾക്കു മുമ്പിൽ പൊളിഞ്ഞു പോയ സയണിസ്റ്റ് വ്യാജങ്ങൾ. പക്ഷേ രണ്ടു വർഷമായിട്ടും മലയാള പത്രങ്ങൾക്കു പോലും അപ്പ്ഡേറ്റ് ചെയ്യാൻ തോന്നിയില്ല. ഉദാഹരണത്തിന്, 2023 ഒക്ടോബർ 7 ലെ സംഭവങ്ങളെപ്പറ്റി ചില പത്രങ്ങൾ ഇപ്പോഴും തുടരുന്ന പഴയ, തെറ്റാണെന്ന് തെളിയിക്കപ്പെട്ട വ്യാജങ്ങൾ നോക്കുക. മാതൃഭൂമി ഇപ്പോഴും പറയുന്നത്, ഒക്ടോബർ 7ന് ഹമാസ് ചെയ്തത് ഇസ്രായേൽ പിന്നീട് നടത്തിയ കുരുതിക്ക് ന്യായമാണെന്ന മട്ടിലാണ്. എഡിറ്റ് പേജിൽ ചേർത്ത ഫീച്ചർ സംഭവങ്ങളുടെ ശരിയായ ചിത്രം നൽകുന്നുണ്ടെങ്കിലും "ആ ശനി" എന്ന ബോക്സ് വാർത്ത ഇസ്രായേലി പക്ഷം ചേർന്നുള്ള, പഴയതും ഖണ്ഡിക്കപ്പെട്ടതുമായ വ്യാജങ്ങൾ ആവർത്തിക്കുന്നു. ഈ വിവരണമനുസരിച്ച്, ഹമാസ് കണ്ണിൽക്കണ്ടവരെയെല്ലാം കൊന്നെന്നും രണ്ടായിരത്തോളമാളുകളെ അവരാണ് കൊന്നതെന്നുമാണ് വായനക്കാരൻ മനസ്സിലാക്കുക. ഹമാസുകാർ ഗ്രാമങ്ങളിൽ പാഞ്ഞുകയറി സ്ത്രീകളെ ബലാത്സംഗം ചെയ്തു, കുഞ്ഞുങ്ങളെ തലയറുത്ത്‌ കൊന്നു തുടങ്ങിയ വ്യാജങ്ങളും അതിൽ കാണാം. ഈ മൂന്ന് ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതാണ്. മാതൃഭൂമി രണ്ടുവർഷം മുമ്പത്തെ ഫയൽ നോക്കി ആ വ്യാജം പകർത്തിക്കൊണ്ട് വായനക്കാരെ ഗുരുതരമായി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്.

Advertising
Advertising

ദീപിക പത്രം മുമ്പ് തന്നെ അതിന്‍റെ മുൻ വിധിയും സയണിസ്റ്റ് പക്ഷപാതിത്വവും വെളിപ്പെടുത്തിയതാണ്. ഇത്തവണയും അവർ അത് ആവർത്തിച്ചു. നീണ്ട ലേഖനത്തിൽ, ഹമാസിനെ ഭീകരരെന്ന് മുദ്രകുത്തുന്നു; ഇസ്രായേൽ നേതാക്കൾക്കെതിരെ ലോക കോടതിയുടെ അറസ്റ്റ് വാറന്‍റുള്ളത് വിട്ടു കളയുകയും ചെയ്തിരിക്കുന്നു. ലോകകോടതിയുടെ അറസ്റ്റ് വാറന്‍റുള്ള പ്രതികളാണ് ഇസ്രായേലി നേതാക്കൾ എന്ന വിവരം എവിടെയുമില്ല. ഗസ്സയിലേത് വംശഹത്യയാണെന്ന് യു.എന്നും, ഇസ്രായേലിലേതടക്കമുള്ള മനുഷ്യാവകാശ സംഘടനകളും വംശഹത്യാ പണ്ഡിതരുമെല്ലാം സാക്ഷ്യപ്പെടുത്തിയതാണെങ്കിലും, ആ വാക്ക് ദീപികയുടെ ഉള്ളടക്കത്തിൽ കാണില്ല.

ഇസ്രായേൽ ആവർത്തിച്ചുറപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു വ്യാജവും അതിൽ ചേർത്തിരിക്കുന്നു. “ഒക്ടോബർ 7നാണ് എല്ലാം തുടങ്ങിയത്, അതിന് കാരണക്കാർ ഹമാസാണ്, അവർ ഇസ്രായേലികളെ ബന്ദികളാക്കിയതാണ് പ്രശ്നം.” – ഈ ഇസ്രായേലി ആഖ്യാനം പത്രം അതേപടി പകർത്തുന്നു. എത്ര ലളിതമായാണ് 77 വർഷം നീണ്ട ഇസ്രായേലി അധിനിവേശത്തെയും രണ്ട് പതിറ്റാണ്ടായി ഗസ്സയെ ശ്വാസം മുട്ടിക്കുന്ന കര,കടൽ, വ്യോമ ഉപരോധത്തെയും മറച്ചുവെക്കുന്നത്! ഇവർക്ക്, വംശഹത്യ ചെയ്യുന്നവർ ഭീകരരല്ല, ചെറുത്തു നിൽക്കുന്നവരാണ് ഭീകരർ. അതെ, ജേണലിസത്തിലെ നെല്ലും പതിരും കൃത്യമായി വേർതിരിക്കുന്നുണ്ട് ഗസ്സ.

Full View

എട്ടുമുക്കാലട്ടി, അധിക്ഷേപം, പരിഹാസം

ഒറ്റനോട്ടത്തിൽ വെറുമൊരു വാർത്ത. പക്ഷേ അത് ആഴത്തിൽ വേരുള്ള വിദ്വേഷത്തിന്‍റെ പുറം ലക്ഷണമാകാം. ഇതാ മൂന്നു വാർത്തകൾ. കേരള നിയമസഭയിൽ നിന്നും, ഇന്ത്യയുടെ സുപ്രീം കോടതിയിൽ നിന്നും, അമേരിക്കൻ ടിവി ചാനലിൽ നിന്നും.

പിണറായിയിലെ വാമൊഴി വഴക്കം എന്ന മട്ടിൽ കേരള മുഖ്യമന്ത്രി അസംബ്ലിയിൽ പറഞ്ഞ "എട്ടുമുക്കാലട്ടി വെച്ചപോലെ" എന്ന പ്രയോഗം ഒരു പ്രതിപക്ഷാംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിക്കാനുപയോഗിച്ചതാണ്. ഉയരക്കുറവ് അന്തസ്സാക്കിയ നെപ്പോളിയനും ലാൽ ബഹദൂർ ശാസ്ത്രിയും, “പൊക്കമില്ലായ്മയാണെന്‍റെ പൊക്ക”മെന്ന് പറഞ്ഞ കുഞ്ഞുണ്ണി മാഷും ഇത് കേട്ട് ചിരിക്കും. എന്നാൽ, "എട്ടുമുക്കാലട്ടി" പ്രയോഗം സഭക്കോ മുഖ്യമന്ത്രിക്കോ പൊതുസമൂഹത്തിനോ ചേരുന്നതായില്ല. എന്നിട്ടും അതിനോട് വിയോജിക്കുന്നതിനു പകരം ഭരണപക്ഷം അദ്ദേഹത്തെ ന്യായീകരിച്ചു. മാനുഷിക മര്യാദക്കു മീതെ കക്ഷിരാഷ്ട്രീയവും വ്യക്തിപൂജയും വളരുന്നത് നല്ല ലക്ഷണമല്ല. ബോഡിഷെയ്മിങ്ങിനെക്കാൾ ഭയക്കേണ്ടതല്ലേ അതിനെ ന്യായീകരിക്കുന്നത്?

സുപ്രീംകോടതിയിൽ നടന്നത്, ശാരീരിക അധിക്ഷേപത്തിനപ്പുറം ശാരീരിക ആക്രമണം തന്നെയായിരുന്നു. തീവ്ര ഹിന്ദുത്വ വാദിയായ രാകേഷ് കിഷോർ എന്ന അഭിഭാഷകൻ, ദലിത് വിഭാഗക്കാരൻ കൂടിയായ ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഓങ്ങി. ഭരണ, നീതി, വ്യവസ്ഥകൾക്കെതിരെ ഒരു അഭിഭാഷകൻ തന്നെ കോടതിയിൽ ഇങ്ങനെ പെരുമാറുന്നതും, സർക്കാർ നടപടി എടുക്കാത്തതും, പ്രധാനമന്ത്രി പോലും പ്രതികരിക്കാൻ മണിക്കൂറുകളെടുത്തതും കാണിക്കുന്നത് നിയമവാഴ്ചയുടെ തകർച്ച നോർമലൈസ് ചെയ്യപ്പെടുന്നു എന്നാണ്. ദ വയർ എഡിറ്റർ സിദ്ധാർഥ വരദരാജൻ ചോദിക്കുന്നു, ബാബരി മസ്ജിദ് വിധിയിലുള്ള അരിശം കാരണം ഒരു മുസ്ലിം തീവ്രവാദി ജസ്റ്റിസ് ചന്ദ്ര ചൂഡിനു നേരെ ഷൂ എറിഞ്ഞിരുന്നെങ്കിൽ പ്രതികരണം എന്താകുമായിരുന്നു എന്ന്. മൂന്നാമത്തെ സമാന വാർത്ത, അമേരിക്കയിലെ എച്ച്.ബി.ഒ ചാനലിൽ "റിയൽ ടൈം വിത്ത് ബിൽ മാഹിർ" എന്ന പരിപാടിക്കിടെ വാൻ ജോൺസ്‌ എന്ന വർഗീയപക്ഷ രാഷ്ട്രീയക്കാരൻ ഗസ്സയിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ പരിഹസിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ്. ഇരുപതിനായിരത്തിലധികം കുഞ്ഞു ശരീരങ്ങൾ യഥാർത്ഥമൊന്നുമല്ലത്രെ. ഇറാനും ഖത്തറും വക പ്രചാരണമാണത്രേ. അതിനെക്കാൾ അശ്ലീലമാണ് സദസ്സിന്‍റെ കൈയടി. ഇവിടെയും വാർത്തയായ പരാമർശം കൂടുതൽ ഗുരുതരമായ രോഗത്തിന്‍റെ ലക്ഷണമാണ്. വെറുപ്പിന്‍റെ രാഷ്ട്രീയം സംസ്ഥാനത്തെ ഭരിക്കുന്നു; ജാതീയത രാജ്യത്തെ ഭരിക്കുന്നു; വംശീയത ലോകത്തെ ഭരിക്കുന്നു.

Full View

ടി.ജെ.എസ്: ജേണലിസ്റ്റുകൾക്ക് ഒരു പാഠപുസ്തകം

തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി.ജെ.എസ് ജോർജ് അന്തരിച്ചു. മാധ്യമപ്രവർത്തനം വെറും തൊഴിലല്ലെന്നും അതിന് സാമൂഹിക പ്രതിബദ്ധതയും പരന്ന വായനയും ആഴത്തിലുള്ള ചിന്തയും വേണമെന്നും കാണിച്ചുതന്നു അദ്ദേഹം.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News