പെട്രോളിന്​ നൂറാകാമെങ്കിൽ പാലിനും നൂറാകാം; വില ഉയർത്താനൊരുങ്ങി ക്ഷീരകർഷകർ

കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ചാണ് കർഷകരുടെ തീരുമാനം

Update: 2021-02-27 11:11 GMT

കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച്​ പാൽ ലിറ്ററിന്​ നൂറുരുപയാക്കി ഉയർത്തുമെന്ന്​ കർഷകർ. പെട്രോൾ വില വിവിധ നഗരങ്ങളിൽ 100 കടന്നതിനെ തുടർന്നാണ്​ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. മാർച്ച്​ ഒന്നുമുതൽ പാൽ ലിറ്ററിന്​ നൂറുരുപയാക്കി ഉയർത്താനാണ് കർഷകര്‍ തീരുമാനിച്ചിരിക്കുന്നത്. കർഷക ​പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടാണ്​ സംഘടനകളുടെ പുതിയ തീരുമാനം. ന്യൂസ് പോർട്ടലായ ലോക്മതാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പെട്രോൾ, ഡീസൽ വില ഉയർന്നതോടെ ഗതാഗത ചെലവ്​ കുത്തനെ ഉയർന്നു. കൂടാതെ മൃഗങ്ങൾക്കുള്ള തീറ്റ, മറ്റു ചെലവുകൾ തുടങ്ങിയവയും വർധിച്ചു. ഇതിനാലാണ് പാൽവില ഉയർത്താൻ തീരുമാനിച്ചതെന്നും സംയുക്ത കിസാൻ മോർച്ച പറഞ്ഞു.

Advertising
Advertising

നിലവിൽ ലിറ്ററിന്​ 50 രൂപക്കാണ്​ പാൽ വിൽക്കുന്നത്​. മാർച്ച്​ ഒന്നുമുതൽ ഇരട്ടിവിലയാക്കും. കർഷകർ ഇതുസംബന്ധിച്ച്​ തീരുമാനം എടുത്തതായും ഭാരതീയ കിസാൻ യൂനിയൻ പറഞ്ഞു.

പാലിന്‍റെ വില വർധിപ്പിക്കുന്നതിനെ പ്രതിരോധിക്കാൻ കേന്ദ്രം എല്ലാവഴിയും സ്വീകരിക്കുമെന്ന്​ അറിയാം. എന്നാൽ തീരുമാനത്തിൽനിന്ന്​ കർഷകർ പിന്നോട്ട്​ പോകില്ല. വില ഇരട്ടിയാക്കാനാണ്​ തീരുമാനമെന്നും കിസാൻ യൂനിയൻ വ്യക്തമാക്കി.

കർഷകരുടെ നീക്കത്തെ എതിർക്കാനാണ്​ കേന്ദ്രത്തിന്‍റെ തീരുമാനമെങ്കിൽ വരും ദിവസങ്ങളിൽ പച്ചക്കറി വില ഉയർത്തുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി.

Tags:    

Similar News