അവസാന മിനുട്ടിലെ ഗോളില്‍ മുംബൈ സിറ്റിക്ക് കന്നി ഐ.എസ്.എല്‍ കിരീടം
ആദ്യ സീസണ്‍ മുതല്‍ ഐ.എസ്.എല്‍ കളിക്കുന്ന മുംബൈ സിറ്റിയുടെ കന്നി കിരീടത്തിനാണ് ഗോവയിലെ ഫത്തോർഡ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഐ.എസ്.എൽ ഫൈനലിലെ ആവേശ പോരാട്ടത്തില്‍ മോഹന്‍ബഗാനെ കീഴടക്കി മുംബൈ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം. ആദ്യ സീസണ്‍ മുതല്‍ ഐ.എസ്.എല്‍ കളിക്കുന്ന മുംബൈ സിറ്റിയുടെ കന്നി കിരീടത്തിനാണ് ഗോവയിലെ ഫത്തോർഡ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഐ.എസ്.എല്ലില്‍ നാലാം കപ്പ് ലക്ഷ്യമിട്ടിറങ്ങിയ എടികെ മോഹന്‍ ബഗാന് നിരാശയോടെ മടങ്ങാനായിരുന്നു വിധി.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് മുംബൈ കിരീടം ചൂടിയത്. മത്സരം ആദ്യ പകുതി പിന്നിട്ടപ്പോള്‍ മോഹൻ ബഗാനും മുംബൈ സിറ്റിയും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ 90 മിനുറ്റ് പൂര്‍ത്തിയാകാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ബിപിന്‍ സിംഗിന്‍റെ ഗോളിലൂടെ മുംബൈ കിരീടത്തിലെത്തുകയായിരുന്നു. രണ്ട് ടീമിന്‍റെയും ആദ്യ ഗോളുകൾ ഡിഫൻസീവ് പിഴവുകളിൽ നിന്നായിരുന്നു.
ഇന്ന് മത്സരം നന്നായി തുടങ്ങിയത് എ.ടി.കെ ആണ്. തുടക്കത്തിൽ ഹാവി ഹെർണാണ്ടസിന്‍റെ ഒരു ഫ്രീകിക്കും പിന്നാലെ താരത്തിന്‍റെ ഒരു ഷോട്ടും മുംബൈ ഡിഫൻസിനെ പ്രതിരോധത്തിലാക്കി. മുംബൈ സിറ്റിയെ പന്ത് സൂക്ഷിക്കാൻ വിടാതെ കളിച്ച മോഹൻ ബഗാൻ ആ മികവ് കൊണ്ട് തന്നെ ആദ്യ ഗോൾ നേടുകയായിരുന്നു. മുംബൈയുടെ അഹമ്മദ് ജാഹുവിന്‍റെ കാലിൽ നിന്ന് പന്ത് നേരെ എത്തിയത് പെനാല്‍ട്ടി ബോക്സിൽ ഉണ്ടായിരുന്ന വില്യംസിനായിരുന്നു. വില്യംസിന്‍റെ തട്ടുപൊളിപ്പന്‍ ഷോട്ട് തടുക്കാന്‍ ഗോള്‍കീപ്പര്‍ അമരീന്ദറിനായില്ല. അതോടെ കളിയുടെ 18ആം മിനുട്ടിൽ മോഹൻ ബഗാൻ ഒരു ഗോളിന് മുന്നിലെത്തി.
കളിയിലേക്ക് തിരികെ വരാൻ അവസരം നോക്കി നിന്ന മുംബൈ സിറ്റിക്ക് മോഹൻ ബഗാൻ ഡിഫൻസ് ഗോൾ സമ്മാനിക്കുകയായിരുന്നു. അഹ്മദ് ജഹുവിന്‍റെ ഒരു ലോംഗ് പാസ് ഹെഡ് ചെയ്ത തിരി അത് സ്വന്തം വലയിലേക്ക് തിരിച്ച് വിടുകയായിരുന്നു. ഇതോടെ സ്കോർ ഒപ്പമെത്തി. ഗോള്‍ നേടിയ ശേഷം മുംബൈ സിറ്റി അവരുടെ യഥാര്‍ത്ഥ ഫോമിലേക്ക് തിരിച്ചെത്തകയായിരുന്നു.
ഹാവി ഹെര്‍ണാണ്ടസ് 72-ാം മിനിട്ടില്‍ വീണ്ടും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ മുംബൈയുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് ആ ഷോട്ട് തട്ടിയകറ്റി. അമരീന്ദറിന്‍റെ കൈയ്യില്‍ തട്ടിയ പന്ത് പോസ്റ്റില്‍ ഇടിച്ചാണ് തെറിച്ചത്. ഒടുവില്‍ 90-ാം മിനിട്ടില്‍ മുംബൈ കിരീടത്തിലേക്കുള്ള തങ്ങളുടെ വിജയഗോള്‍ സ്വന്തമാക്കി. ടീം ഫോര്‍വേഡ് ബിപിന്‍ സിങ്ങാണ് മുംബൈക്കായി വിജയ ഗോള്‍ നേടിയത്.