കെപിസിസി പ്രസിഡന്റ്; പേരുകള്‍ നിര്‍ദേശിക്കാന്‍ നേതാക്കളോട് രാഹുല്‍ ഗാന്ധി

Update: 2018-05-24 04:26 GMT
Editor : Subin
കെപിസിസി പ്രസിഡന്റ്; പേരുകള്‍ നിര്‍ദേശിക്കാന്‍ നേതാക്കളോട് രാഹുല്‍ ഗാന്ധി

ശക്തമായ സംഘടന സംവിധാനം കേരളത്തില്‍ ഉള്ളതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിയോടു രമേശ് ചെന്നിത്തലയോടും മൂന്ന് പേരുകള്‍ വീതം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായാണ് വിവരം.

പുതിയ കെപിസിസി പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനായി ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പേരുകള്‍ നിര്‍ദേശിക്കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രം സ്ഥാനമാറ്റം മതിയെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. ഉമ്മന്‍ ചാണ്ടിയെ കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുവരാനും നീക്കമുണ്ട്.

ഇന്ന് രാവിലെയാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തിയത്. പ്രായം അടക്കമുള്ള മാനദണ്ഡങ്ങള്‍ മയപ്പെടുത്തണം എന്ന ആവശ്യമാണ് ഉമ്മന്‍ചാണ്ടി മുന്നോട്ട് വച്ചതെന്നാണ് വിവരം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം അധ്യക്ഷ മാറ്റം മതിയെന്ന അഭിപ്രായവും പങ്കു വച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ ഹൈക്കമാന്‍ഡിനും കടുംപിടുത്തം ഉണ്ടാകാനിടയില്ല.

Advertising
Advertising

ശക്തമായ സംഘടന സംവിധാനം കേരളത്തില്‍ ഉള്ളതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിയോടു രമേശ് ചെന്നിത്തലയോടും മൂന്ന് പേരുകള്‍ വീതം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായാണ് വിവരം. ആ പേരുകളില്‍ ചര്‍ച്ച നടത്തിയ ശേഷമായിരികക്കും അന്തിമ തീരുമാനത്തില്‍ എത്തുക. വി.ഡി സതീശന്റെയും കെ സുധാകരന്റെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എ ഗ്രൂപ്പില്‍ നിന്ന് പിസി വിഷ്ണുനാഥ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ഒഡിഷ മോഡലായ 3 വര്‍ക്കിങ് പ്രസിഡണ്ടുമാരും പിസിസി അധ്യക്ഷനും എന്ന രീതി കേരളത്തിലും കൊണ്ടുവന്നേക്കും. രമേശ് ചെന്നിത്തലയും ഉടന്‍തന്നെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇക്കാര്യങ്ങളില്‍ എ കെ ആന്റണിയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News