കര്‍ഷക ആത്മഹത്യക്ക് കാരണം മോദിയുടെ പിഴച്ച നയങ്ങളെന്ന് തൊഗാഡിയ
‘കര്‍ഷക രോഷം പരിഹരിച്ചില്ലെങ്കില്‍ 2019ല്‍ ബി.ജെ.പിക്ക് ഇതിന്റെയൊക്കെ വില നല്‍കേണ്ടി വരും’
രാജ്യത്തെ കര്‍ഷക ആത്മഹത്യക്ക് പിന്നില്‍ മോദി സര്‍ക്കാറിന്റെ പിഴച്ച നയങ്ങളാണെന്ന് ഹിന്ദുത്വ വക്താവ് പ്രവീണ്‍ തൊഗാഡിയ. വി.എച്ച്.പിയില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന് തൊഗാഡിയ രൂപീകരിച്ച അന്തരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ (എ.എച്ച്.പി) ഭാഗമായുള്ള ‘രാഷ്ട്രീയ കീസാന്‍ പരിഷത്ത്’ സംഘടിപ്പിച്ച കര്‍ഷക മാര്‍ച്ചിലാണ് അദ്ദേഹം മോദിയെ കടന്നാക്രമിച്ചത്.
കര്‍ഷകരെ വോട്ടുബാങ്കായി മാത്രം കാണുന്ന ഏര്‍പ്പാട് ബി.ജെ.പി നിര്‍ത്തണം. താങ്ങാനാവാത്ത കടബാധ്യത മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് സാധാരണ സംഭവമായിരിക്കുകയാണ്. കര്‍ഷകരോട് നീതി ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജി വെക്കുന്നതാണ് സര്‍ക്കാറിന് നല്ലെതെന്നും തൊഗാഡിയ ഗാന്ധിനഗറില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകളൊന്നും തന്നെ മോദി പാലിച്ചില്ല. കര്‍ഷകര്‍ക്കായുള്ള സ്വാമിനാധന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന വാക്കും മോദി വിഴുങ്ങി. കര്‍ഷകരെ അവഗണിച്ച് വലിയ വ്യവസായികളെ സഹായിക്കുന്നതിലാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കര്‍ഷക രോഷം പരിഹരിച്ചില്ലെങ്കില്‍ 2019ല്‍ ബി.ജെ.പിക്ക് ഇതിന്റെയൊക്കെ വില നല്‍കേണ്ടി വരുമെന്നു തൊഗാഡിയ മുന്നറിയിപ്പ് നല്‍കി.