പ്രതിഷേധ ധര്‍ണ അവസാനിച്ചു; മമത ബാനര്‍ജി നാളെ കുച്ച്ബിഹാറിലേക്ക്
കൊല്‍ക്കത്തയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഒറ്റയാള്‍ പ്രതിഷേധം നടന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കിയതിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി നടത്തിയ പ്രതിഷേധ ധര്‍ണ അവസാനിച്ചു. കൊല്‍ക്കത്തയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് നാലു മണിക്കൂര്‍ നീണ്ട ധര്‍ണ നടന്നത്.
ഏപ്രില്‍ 12ന് രാത്രി എട്ടുമുതല്‍ ഏപ്രില്‍ 13ന് രാത്രി എട്ടുവരെയാണ് മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. മുസ്‌ലിം വോട്ടുകളെ കുറിച്ചുളള പരാമര്‍ശത്തിലൂടെ ചട്ടലംഘനം നടത്തി, കേന്ദ്രസുരക്ഷാ സേനകള്‍ക്കെതിരെ കലാപം നടത്താന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.
ധര്‍ണയ്ക്കിടയില്‍ മമത പെയിന്‍റിങില്‍ ഏര്‍പ്പെടുകയായിരുന്നു. പ്രതിഷേധ സ്ഥലത്ത് മറ്റ് തൃണമൂല്‍ നേതാക്കളുണ്ടായിരുന്നില്ല. മായോ റോഡ് വെന്യുവിന് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപം വീല്‍ചെയറില്‍ ഇരുന്നുകൊണ്ടായിരുന്നു മമതയുടെ ഒറ്റയാള്‍ പ്രതിഷേധം.
കുച്ച്ബിഹാറില്‍ വോട്ടെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ വീടുകള്‍ മമത നാളെ സന്ദര്‍ശിക്കും. കൂച്ച്ബിഹാറിലുണ്ടായ അക്രമസംഭവത്തിനു ശേഷം 72 മണിക്കൂര്‍ നേരത്തേക്ക് പ്രദേശത്ത് രാഷ്ട്രീയ നേതാക്കളുടെ പ്രവേശനം വിലക്കിയിരുന്നു. വിലക്ക് അവസാനിക്കുമ്പോള്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുമെന്ന് മമത നേരത്തെ വ്യക്തമാക്കിയതാണ്.