കണ്ണൂരിന്റെ മൗലവി സാഹിബ്

തൂവെള്ള വസ്ത്രവും സാധാരണ തുണിയില്‍ തുന്നിയുണ്ടാക്കുന്ന പ്രത്യേകതരം തൊപ്പിയും ധരിച്ച് വികെ അബ്ദുല്‍ഖാദര്‍ മൗലവി നടന്നുകയറിയത് ഒരു ജനതയുടെ മനസിലേക്കാണ്

Update: 2021-09-24 19:34 GMT
Advertising

അറുപതുകളിലാണ് വികെ അബ്ദുല്‍ഖാദര്‍ മൗലവി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ന് അദ്ദേഹത്തിന് 20 വയസ്സ് പ്രായം. കേരളത്തില്‍ വിമോചന സമരത്തിനുശേഷം ബാഫക്കി തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് സജീവമായിക്കൊണ്ടിരിക്കുന്ന കാലം. മൗലവി സാഹിബും മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ സജീവമായി.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മൗലവി സാഹിബ് ഏതൊരു മുസ്‌ലിം ലീഗുകാരനെയും പോലെ താഴേതട്ടില്‍ നിന്നുതന്നെയാണ് വളര്‍ന്നുവന്നത്. ചാലാട് ശാഖാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റാണ് ആദ്യം പാര്‍ട്ടിയില്‍ കൈയാളിയ സ്ഥാനം. അവിഭക്ത കണ്ണൂര്‍ ജില്ലാ എംഎസ്എഫ് വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് കണ്ണൂര്‍ താലൂക്ക് പ്രസിഡന്റ്, ചിറക്കല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ്, കണ്ണൂര്‍ താലൂക്ക് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, 1975 മുതല്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നിങ്ങനെ പടിപടിയായി ഇപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റില്‍ എത്തിനില്‍ക്കുന്നു.

1974ലെ മുസ്‌ലിം ലീഗിലെ പിളര്‍പ്പോടുകൂടിയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ മുഖ്യ നേതൃസ്ഥാനത്തേക്ക് എത്തിപ്പെടുന്നത്. 1975ല്‍ കണ്ണൂര്‍ താലൂക്ക് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി. 1980ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അന്ന് അഹമ്മദ് സാഹിബായിരുന്നു ജനറല്‍ സെക്രട്ടറി. ഒ.കെ പ്രസിഡന്റും. അന്ന് അഹമ്മദ് സാഹിബ് മന്ത്രിയായപ്പോള്‍ ആക്ടിങ് ജനറല്‍ സെക്രട്ടറിയായി. പിന്നീട് ലീഗ് ലയനം നടന്നപ്പോള്‍ വിപി മഹമൂദ് ഹാജി ജനറല്‍ സെക്രട്ടറിയായി വന്നു. അദ്ദേഹത്തിന്റെ മരണശേഷം ജനറല്‍ സെക്രട്ടറിയുമായി.

ഇതിനിടയില്‍ ഭരണരംഗത്തും ഏതാനും പദവികള്‍ വഹിച്ചു. കണ്ണൂര്‍ സ്പിന്നിങ് മില്‍ ഡയരക്ടര്‍, കയര്‍ഫെഡ് ഡയരക്ടര്‍, ഹാന്‍വീവ് ചെയര്‍മാന്‍, ടെക്‌സ്റ്റൈല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു തൊഴിലാളികള്‍ക്കും പൊതുമേഖലയ്ക്കും സേവനം ചെയ്തു. കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മെമ്പറായും ജില്ലാ പഞ്ചായത്ത് മെമ്പറായും മാടായി ഡിവിഷനെ രണ്ടുതവണ പ്രതിനിധീകരിച്ചു. പെരിങ്ങളം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

പേരിലെ മൗലവി എന്ന വിശേഷണം സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു അറബി അധ്യാപകനായിരുന്നു അദ്ദേഹം. 1970 മുതല്‍ 27 വര്‍ഷക്കാലം അഴീക്കല്‍ കിഫായത്തുല്‍ ഇസ്‌ലാം മദ്രസാ സ്‌കൂളിലായിരുന്നു അത്. 1997ല്‍ സ്വയം വിരമിച്ചു. പാര്‍ട്ടിയുടെ ഉത്തരവാദിത്തം കൂടി വന്നപ്പോള്‍ ജോലിയില്‍ തുടരാന്‍ പ്രയാസം നേരിട്ടതോടെയാണ് അധ്യാപകവൃത്തി അവസാനിപ്പിച്ച് മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് മാറിയത്.

1987ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കാന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മൗലവി സാഹിബിനെയായിരുന്നു. പാണക്കാട്ട് പോയി കെട്ടിവയ്ക്കാനുള്ള പണവും വാങ്ങിവന്ന് നോമിനേഷനും കൊടുത്തു. എന്നാല്‍ എംവി രാഘവന്‍ സിപിഎം വിട്ടുപുറത്തുവന്ന കാലമായിരുന്നു അത്. രാഘവനെ കൂടെനിര്‍ത്തിയാല്‍ വര്‍ഷങ്ങളായി സിപിഎമ്മില്‍നിന്ന് പീഡനമേറ്റുവാങ്ങുന്നവര്‍ എന്ന നിലയില്‍ അവര്‍ക്കൊരു തിരിച്ചടി നല്‍കാന്‍ കഴിയുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം തിരിച്ചറിഞ്ഞു. അങ്ങനെ അഴീക്കോട് സീറ്റ് രാഘവന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. പാണക്കാട് തങ്ങള്‍ നേരിട്ട് വിളിച്ച് അദ്ദേഹത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടുവട്ടം ആലോചിക്കാതെ മാറിനിന്നു. കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപക ഫലമുണ്ടാക്കിയ ലീഗിന്റെ ഒരു രാഷ്ട്രീയനീക്കമായിരുന്നു അത്.

കണ്ണൂരിന്റെ വികസനത്തിലും മൗലവി സാഹിബിന്റെ നിരന്തര ഇടപെടലുകളുണ്ടായിട്ടുണ്ട്. കണ്ണൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരനാണ് മൗലവി സാഹിബ്. പാണക്കാട് കുടുംബം കഴിഞ്ഞാല്‍ തങ്ങളുടെ സുഖത്തിലും ദുഃഖത്തിലും പ്രതീക്ഷിക്കുന്ന സാന്നിധ്യവും ആശ്വാസവുമായി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ഈ നേതാവിനെയാണ്. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി മൗലവിയുടെ സാന്നിധ്യവും ഇടപെടലും കണ്ണൂരില്‍ മുസ്‌ലിം ലീഗിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ പ്രധാന പ്രവര്‍ത്തകരുടെ വീടുകളിലേക്കുള്ള വഴിപോലും കാണാപാഠമാണ് മൗലവിക്ക്. രാവിലെ മുതല്‍ പാതിരാവുവരെ പ്രവര്‍ത്തകരുടെ ക്ഷേമം അന്വേഷിച്ച് ജില്ലമുഴുവന്‍ സഞ്ചരിക്കുന്ന അദ്ദേഹം ക്ഷീണം എന്തെന്നറിയാതെ പ്രവര്‍ത്തകരുടെ മനസ്സുകള്‍ കീഴടക്കി യാത്ര ചെയ്യുകയായിരുന്നു. തൂവെള്ള വസ്ത്രവും സാധാരണ തുണിയില്‍ തുന്നിയുണ്ടാക്കുന്ന പ്രത്യേകതരം തൊപ്പിയും ധരിച്ച് മൗലവി സാഹിബ് നടന്നുകയറിയത് ഒരു ജനതയുടെ മനസിലേക്കാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - ടിഎൻഎ ഖാദർ

മാധ്യമപ്രവര്‍ത്തകന്‍

Similar News