ഉഭയകക്ഷി ബന്ധം ശക്തമാക്കാനൊരുങ്ങി കുവൈത്തും ഖത്തറും; ഇരു രാഷ്ട്രത്തലവന്‍മാരും കൂടിക്കാഴ്ച നടത്തി
ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഖത്തര്‍ കുവൈത്ത് അമീറുമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഏഷ്യാകപ്പില്‍ മുത്തമിട്ട ഖത്തര്‍ ടീമിന്‍റെ ജഴ്സി ഖത്തര്‍ അമീര്‍ കുവൈത്ത് അമീറിന് സമ്മാനിച്ചു. ഏകദിന സന്ദര്‍ശനാര്‍ത്ഥമാണ് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന് ഹമദ് അല്‍ത്താനി കുവൈത്തിലെത്തിയത്.
അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് ജാബര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച്ച നടത്തിയ ഖത്തര്‍ അമീര്‍ ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തമാക്കുന്നതിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. മേഖലയിലെയും രാജ്യാന്തര തലത്തിലെയും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ചയായി. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാംപ്യന്മാരായ ഖത്തര്‍ ടീമംഗങ്ങള്‍ ഒപ്പിട്ട ഖത്തറിന്‍റെ ജഴ്സി അമീര്‍ കുവൈത്ത് അമീറിന് സമ്മാനിച്ചു. നേരത്തെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അമീര്‍ ഷെയ്ഖ് തമീം ബിന് ഹമദ് അല്‍ത്താനിയെയും സംഘത്തെയും കുവൈത്ത് അമീര്‍ നേരിട്ടെത്തി സ്വീകരിച്ചു. ഒറ്റ ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഖത്തര്‍ അമീര്‍ നാട്ടിലേക്ക് മടങ്ങി.
ഏഷ്യാ കപ്പ് നേടിയ ഖത്തര്‍ ടീമംഗങ്ങള്‍ക്ക് ദോഹയില്‍ ഒരുക്കിയ സ്വീകരണത്തില്‍ താരങ്ങളെ വഹിച്ച തുറന്ന വാഹനത്തില്‍ കുവൈത്തിന്‍റെ പതാകയും ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു.