അയാൾ ഉസാമ ബിൻ ലാദനല്ല; എസ്.യു.വി കേസിൽ സച്ചിൻ വസെയെ ന്യായീകരിച്ച് ഉദ്ധവ് താക്കറെ
"അന്വേഷണം കഴിയട്ടെ. കുറ്റക്കാർ ആരായിരുന്നാലും വെറുതെ വിടില്ല"
മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിന്റെ ഉടമ മൻസുഖ് ഹിരൺ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വസെയെ ന്യായീകരിച്ച് ഉദ്ധവ് താക്കറെ. സച്ചിൻ വസെയെ ലക്ഷ്യമിടുന്നത് ശരിയല്ല എന്നും അദ്ദേഹം ഉസാമ ബിൻ ലാദനല്ല എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ ബജറ്റ് സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സച്ചിൻ വസെ ഉസാമ ബിൻ ലാദനല്ല. ഒരു വ്യക്തിയെ ലക്ഷ്യം വയ്ക്കുന്നത് ശരിയല്ല. തൂക്കിക്കൊന്ന് പിന്നീട് അന്വേഷണം നടത്തണം എന്നു പറയുന്നതും ശരിയല്ല. അന്വേഷണം കഴിയട്ടെ. കുറ്റക്കാർ ആരായിരുന്നാലും വെറുതെ വിടില്ല' - ഉദ്ധവ് വ്യക്തമാക്കി.
ഹിരൺ കൊല്ലപ്പെട്ട കേസ് ആദ്യം അന്വേഷിച്ചിരുന്നത് സച്ചിൻ വസെയായിരുന്നു. ദിവസങ്ങൾക്കകം ഇദ്ദേഹത്തെ മാറ്റി. വസെയും മൻസുഖ് ഹിരണും തമ്മിൽ 2020 ജൂൺ, ജൂലൈ മാസങ്ങളിൽ ഫോൺ സംഭാഷണങ്ങൾ നടന്നു എന്ന് ഫഡ്നാവിസ് നിയമസഭയിൽ ആരോപിച്ചിരുന്നു. നിതിൻ അൽകുനുറെയ്ക്കാണ് ഇപ്പോൾ അന്വേഷണ ചുമതല.
സ്ഫോടകവസ്തു കണ്ടെത്തി എന്ന വിവരത്തിന് പിന്നാലെ, പ്രദേശത്ത് ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വസെയാണ് എന്ന് ഫഡ്നാവിസ് അവകാശപ്പെട്ടിരുന്നു. ദിവസങ്ങൾക്കുള്ളിൽ അന്വേഷണം വസെയിൽ നിന്ന് എടുത്തു കളഞ്ഞതിൽ ദുരൂഹതയുണ്ട്. എന്തു കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയത് എന്ന് സർക്കാർ വിശദീകരിക്കണമെന്നും മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഖ്വാജ യൂനുസ് മരണ കേസുമായി ബന്ധപ്പെട്ട് 12 വർഷം മുമ്പ് സേനയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് വസെ. സസ്പെൻഷന് ശേഷം ഇദ്ദേഹം ശിവസേനയിലെത്തിയിരുന്നു. ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ മുംബൈ ക്രൈംബ്രാഞ്ചിൽ തിരിച്ചെടുക്കുകയായിരുന്നു. അർണബ് ഗോസ്വാമി ഉൾപ്പെട്ട അൻവയ് നായിക് ആത്മഹത്യാ കേസ്, വിഖ്യാത കാർ ഡിസൈനർ ദിലീപ് ഛബ്രിയ ഉൾപ്പെട്ട തട്ടിപ്പു കേസ് എന്നിവ അന്വേഷിക്കുന്നത് സച്ചിൻ വസെയാണ്.
ഫെബ്രുവരി 25നാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ വസതിയായ ആൻറിലയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട സ്‌കോർപിയോ കാർ ശ്രദ്ധയിൽപ്പെടുന്നത്. കാർ കൂടുതൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ജെലാറ്റിൻ സ്റ്റിക്കുകളും (ക്വാറികളിൽ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കൾ) അംബാനി കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന കത്തും കണ്ടെടുത്തിരുന്നു.
മാർച്ച് അഞ്ചിനാണ് മൻസുഖ് ഹിരണെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം താനെയ്ക്കടുത്തു കൽവ കടലിടുക്കിൽ നിന്നാണ് കണ്ടെടുത്തത്. ഹിരണിന് ആത്മഹത്യാ ചിന്തയുണ്ടായിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്. അതിന് പുറമേ, നന്നായി നീന്തൽ വശമുള്ളയാളുമായിരുന്നു ഹിരൺ.