വിവാഹ വാര്‍ത്തകള്‍ ഒരു ഭാഗത്ത്: ബുംറയെക്കുറിച്ചുള്ള സഞ്ജനയുടെ പഴയ ട്വീറ്റ് 'കുത്തിപ്പൊക്കി' ആരാധകര്‍
ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ വിവാഹം കഴിക്കുന്നത് മോഡലും പ്രമുഖ സ്‌പോര്‍ട്‌സ് ചാനല്‍ അവതാരകയുമായ സഞ്ജന ഗണേഷിനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ വിവാഹം കഴിക്കുന്നത് മോഡലും പ്രമുഖ സ്‌പോര്‍ട്‌സ് ചാനല്‍ അവതാരകയുമായ സഞ്ജന ഗണേഷിനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബുംറയുടെ കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ച് പലദേശീയ മാധ്യമങ്ങളും ഈ വിവാഹക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബുംറയെകുറിച്ചുള്ള സഞ്ജനയുടെ പഴയൊരു ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗ്രൗണ്ടിലെ ബുംറയുടെ ഭാവങ്ങളും ദിനേനയുള്ള എന്റെ ഭാവങ്ങളും ഒന്നാണ് എന്നായിരുന്നു ബുംറയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സഞ്ജന ട്വീറ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഇന്ത്യാ ആസ്‌ട്രേലിയ പരമ്പരയിലെ ബുംറയുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു സഞ്ജനയുടെ ട്വീറ്റ്. നേരത്തെ അറിയാമെന്നും ഇരുവരും പ്രണയത്തിലായിരുന്നുവെന്നും തുടങ്ങി നിരവധി കമന്റുകളാണ് പ്രവഹിക്കുന്നത്.
Jasprit Bumrah’s on-field moods & my daily mood swings look exactly alike. 🙊😋#AUSvIND https://t.co/e0kmWVNCHR
— Sanjana Ganesan (@SanjanaGanesan) January 10, 2021
അടുത്ത ആഴ്ച ഗോവയില്‍ ലളിതമായ ചടങ്ങുകളോടെയായിരിക്കും ബുംറയും സഞ്ജനയും തമ്മിലുള്ള വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത കുടുംബ സുഹൃത്തുക്കള്‍ മാത്രമാവും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. കോവിഡ് മുന്‍ നിര്‍ത്തി ബയോബബ്ള്‍ സംവിധാനമുള്ളതിനാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ആരും പങ്കെടുക്കില്ല. അടുത്തിടെ ഒരു സ്‌പോര്‍ട്‌സ് ചാനലിന് വേണ്ടി പ്രോഗ്രാം ചെയ്യാന്‍ കരാര്‍ ഏറ്റെടുത്തിട്ടുണ്ട് സഞ്ജന. ഇതിനിടെയാണ് താരം അവധിയെടുക്കുന്നത്. എന്നാല്‍ എന്തിനാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല. വിവാഹ ശേഷം മുംബൈയിലോ അല്ലെങ്കില്‍ അഹമ്മദാബാദിലോ വെച്ച് പാര്‍ട്ടി നടത്തിയേക്കും. പരിശീലകന്‍ രവിശാസ്ത്രി, ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ്ഷാ എന്നിവരും ഈ പാര്‍ട്ടിയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വരനും വധുവിനും ഒപ്പം 20 പേരെ ഗോവയിലേക്ക് തിരിക്കുന്നുള്ളൂ. ബുംറയും അമ്മയും ഈ ആഴ്ചയോടെ ഗോവയിലേക്ക് തിരിക്കും. എന്നാല്‍ ഗോവയിലെ ഏത് സ്ഥലത്ത് വെച്ചാണ് വിവാഹമെന്ന് പറയുന്നില്ല. നിരവധി ഐപിഎല്ലുകൾ കവർ ചെയ്തിട്ടുള്ള മാധ്യമപ്രവർത്തകയാണ് സഞ്ജന. നേരത്തെ മലയാളി നടി അനുപമ പരമേശ്വനെ ചേർത്തുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അനുപമയുടെ മാതാവ് ഇക്കാര്യം നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. വ്യക്തിപരമായ കാര്യങ്ങൾക്ക് അവധി അനുവദിക്കണം എന്നാണ് ബുംറ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത്. ക്രിക്കറ്റ് ബോർഡ് അതംഗീകരിക്കുകയും ചെയ്തു. വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കായാണ് താരം അവധിയെടുത്തത് എന്ന് പിന്നീട് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്