മരണഗ്രൂപ്പില്‍ നിന്നും ഇന്ത്യ കരകയറുമോ

Update: 2018-05-25 10:36 GMT
Editor : admin
മരണഗ്രൂപ്പില്‍ നിന്നും ഇന്ത്യ കരകയറുമോ
Advertising

കളിച്ച രണ്ട് പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പാകിസ്താന് പ്രത്യാശ പകരുന്നത് നെറ്റ് റണ്‍റേറ്റിലെ മേധാവിത്വമാണ്

ട്വന്‍റി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ കിവികള്‍ സെമിയിലേക്ക് പറന്നുയര്‍ന്നത് മരണ ഗ്രൂപ്പിലെ മറ്റ് ടീമുകളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്. അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാലും സെമി ഉറപ്പിക്കണമെങ്കില്‍ മറ്റ് ടീമുകളുടെ കാരുണ്യത്തിനായി കാത്തിരിക്കേണ്ട അവസ്ഥ. ഇന്ത്യ, പാകിസ്താന്‍, ആസ്ട്രേലിയ - പേപ്പറിലും കളത്തിലും ഒരുപോലെ ശക്തകാണ് മൂന്നു ടീമുകളും. കളിച്ച രണ്ട് പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പാകിസ്താന് പ്രത്യാശ പകരുന്നത് നെറ്റ് റണ്‍റേറ്റിലെ മേധാവിത്വമാണ്. ഓരോ ടീമിന്‍റെയും സാധ്യതകള്‍ പരിശോധിക്കാം

ഇന്ത്യ

അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കാനായാല്‍ ഇന്ത്യയെ സംബന്ധിച്ചിടച്ചോളം കാര്യങ്ങള്‍ എളുപ്പമാകും. എന്നാല്‍ ഒരു തോല്‍വി സമ്മാനിക്കുന്നത് ചില്ലറ ആഘാതമാകില്ല. ഇന്ന് ബംഗ്ലാ കടുവകളെ ഇന്ത്യ മറികടക്കുകയും പാകിസ്താനെ ആസ്ത്രേലിയ പരാജയപ്പെടുത്തുകയും ചെയ്താല്‍ 27ന് മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ - ആസ്ത്രേലിയ മത്സരമായിരിക്കും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയും സെമി ബെര്‍ത്തും നിശ്ചയിക്കുക. ബംഗ്ലാദേശിനോട് ഇന്ത്യ തോല്‍ക്കുകയാണേല്‍ ഓസീസിനെതിരെ വിജയം അനിവാര്യമാകും. വെള്ളിയാഴ്ച നടക്കുന്ന ഓസീസ് - പാക് പോരാട്ടത്തിലെ വിജയിയെ നെറ്റ് റണ്‍ റേറ്റില്‍ മറികടക്കാനായാല്‍ മാത്രമെ ഇന്ത്യക്ക് മുന്നോട്ട് പോകാനാകുകയുള്ളൂ. ബംഗ്ലാദേശിനെതിരെ ജയിക്കുന്ന ഇന്ത്യ സ്മിത്തിനും സംഘത്തിനും മുന്നില്‍ അടിയറവ് പറയുകയും പാകിസ്താന്‍ ഓസീസിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ആസ്ത്രേലിയ, പാകിസ്താന്‍, ഇന്ത്യ എന്നീ മൂന്ന് ടീമുകള്‍ക്കും നാല് പോയിന്‍റ് വീതമാകും. ഇവിടെയും നെറ്റ് റണ്‍ റേറ്റാകും രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന ഘടകം.

ആസ്ത്രേലിയ

കളിച്ച രണ്ട് മത്സരങ്ങളില്‍ ഒന്ന് തോല്‍ക്കുകയും ഒന്ന് ജയിക്കുകയും ചെയ്ത ആസ്ത്രേലിയ ഇന്ത്യയുടെ അതേ അവസ്ഥയില്‍ തന്നെയാണ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ രണ്ടാം സ്ഥാനം ഏറെക്കുറേ ഉറപ്പിക്കാം. പാകിസ്താനെതിരെ പരാജയപ്പെട്ടാലും ഇന്ത്യക്കെതിരായ മത്സരം വിജയിച്ചാല്‍ ഓസീസിന് പ്രതീക്ഷകള്‍ നിലനിര്‍ത്താം. ഇന്ത്യയെ പരാജയപ്പെടുത്തുകയും ബംഗ്ലാദേശിനെതിരെ ഇന്ത്യ ജയിക്കുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്കും നാല് പോയിന്‍റ് വീതമാകും. നെറ്റ് റണ്‍ റേറ്റിലാകും പിന്നെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക.

പാകിസ്താന്‍

കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പരാജയപ്പെട്ട പാകിസ്താന് രക്ഷയാകുന്നത് നെറ്റ് റണ്‍ റേറ്റാണ്. നിലവിലുള്ള കണക്കനുസരിച്ച് പാകിസ്താനാണ് ഇക്കാര്യത്തില്‍ ടീമിലെ രണ്ടാം സ്ഥാനക്കാര്‍. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഓസീസിനെ കീഴടക്കാനായാല്‍ നെറ്റ് റണ്‍ റേറ്റിന്‍റെ ഫലത്തില്‍ സെമി സ്വപ്നങ്ങള്‍ പാകിസ്താന് നിലനിര്‍ത്താനാകും. മൂന്ന് ടീമുകളും നാല് പോയിന്‍റുമായി പട്ടികയില്‍ തുല്യ സ്ഥാനം പങ്കിടുന്ന അവസ്ഥയാകും പാകിസ്താന്‍റെ സ്വപ്നം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News