ധവാനും പുജാരക്കും ശതകം, ഇന്ത്യ മൂന്നിന് 399

Update: 2018-05-25 15:39 GMT
Editor : Alwyn K Jose
ധവാനും പുജാരക്കും ശതകം, ഇന്ത്യ മൂന്നിന് 399
Advertising

രോഹിത് ശര്‍മയെ ഒഴിവാക്കി, ഹാര്‍ദിക് പാണ്ഡ്യക്ക് ടെസ്റ്റ് അരങ്ങേറ്റം

ശ്രീലങ്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ആദ്യ ദിനം 3 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് തുണയായത്

ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ് കെങ്കേമമാക്കി ശിഖര്‍ ധവാന്‍.ചേതോഹരമായ ഇന്നിംഗ്സിലൂടെ വീണ്ടും പൂജാര. ഗാലെയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ നടത്തിയ അശ്വമേധത്തിന് മുന്നില്‍ ലങ്കന്‍ ബൌളര്‍മാര്‍ പരുങ്ങി. ആദ്യ ദിനം ഇന്ത്യ അടിച്ചുകൂട്ടിയത് 399 റണ്‍സ്..

ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് അഭിനവ് മുകുന്ദിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും ഇന്ത്യയെ മുന്നോട്ടുനയിച്ചു. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ ധവാന്‍ 110 പന്തില്‍ സെഞ്ചുറി കണ്ടെത്തി.
പിന്നീട് ഏകദിന ശൈലിയില്‍ ബാറ്റേന്തിയ ധവാന്‍ ഇരട്ടസെഞ്ചുറിക്ക് 10 റണ്‍സകലെയാണ് പുറത്തായത്. മൂന്നാമനായിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലി 3 റണ്‍സെടുത്ത് പുറത്തായി.പിറകെ പൂജാരയുടെ സെഞ്ചുറിയെത്തി. ഒന്നാം ദിനം സ്റ്റംപെടുക്കുന്പോള്‍ 144 റണ്‍സെടുത്ത പൂജാരക്കൊപ്പം 39 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ക്രീസില്‍

പനി മൂലം കെഎല്‍ രാഹുലിന്‍റെ സേവനം നഷ്ടമായ ഇന്ത്യ ഓള്‍ റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കി. ഇതോടെ രോഹിത് ശര്‍മ കളത്തിന് പുറത്തായി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News