ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന വേദി കൊച്ചിയില്‍ നിന്ന് മാറ്റിയേക്കും

Update: 2018-05-26 06:07 GMT
ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന വേദി കൊച്ചിയില്‍ നിന്ന് മാറ്റിയേക്കും

കൊച്ചിയില്‍ നടക്കാനിരുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വേദി തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും.

കൊച്ചിയില്‍ നടക്കാനിരുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വേദി തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച സ്റ്റേഡിയത്തിലെ ടര്‍ഫ് ക്രിക്കറ്റ് മത്സരത്തിനായി രൂപമാറ്റം വരുത്തേണ്ടി വരുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കണം മത്സരം നടത്തേണ്ടതെന്ന് കേരള ഫുട്ബോള്‍ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

Advertising
Advertising

Full View

കൊച്ചിയില്‍ ക്രിക്കറ്റ് മത്സരത്തിന് പിച്ചൊരുക്കാന്‍ ടര്‍ഫ് കുത്തിപ്പൊളിക്കേണ്ടി വരികയും രൂപമാറ്റം വരുത്തുകയും ചെയ്യേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമാണ് ഫുട്ബോള്‍ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്. ഫുട്ബോള്‍ താരങ്ങളും സാഹിത്യകാരന്‍മാരുമടക്കം ഇതിനെതിരെ രംഗത്തെത്തി. മത്സരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നു. കൊച്ചിയിലെ ടര്‍ഫിന് കേടുപാടുകള്‍ വരാതെ സംരക്ഷിക്കുമെന്നും മത്സരം തിരുവനന്തപുരത്തേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

നാളെ ചേരുന്ന കെസിഎയും കെഎഫ്എയും അടക്കമുള്ള സംഘടനകളുടെ യോഗത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമുണ്ടാവുക. മത്സരം കൊച്ചിയില്‍ തന്നെ നടത്തണമെന്ന നിലപാടാണ് കെസിഎക്കുള്ളത്. ടര്‍ഫിന്റെ സംരക്ഷണം ഉറപ്പാക്കി കൊച്ചിയില്‍ തന്നെ മത്സരം നടത്തുന്നതിന് എതിര്‍പ്പില്ലെന്നാണ് കേരള ഫുട്ബോള്‍ അസോസിയേഷന്റെയും നിലപാട്.

Tags:    

Similar News