ഫിഞ്ചിന് ശതകം; ഇന്ത്യക്ക് 294 റണ്‍ വിജയലക്ഷ്യം
കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഓസീസിന് കുല്‍ദീപ് യാദവിന്‍റെ രണ്ട് വിക്കറ്റുകളാണ് തടയിട്ടത്
പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ആരോണ്‍ ഫിഞ്ചിന്‍റെ ശതകവും നായകന്‍ സ്റ്റീവന്‍ സ്മിത്തിന്‍റെ അര്‍ധശതകവും നല്‍കിയ കരുത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്ന കംഗാരുക്കളെ പൂട്ടി ഇന്ത്യന്‍ ബൌളിങ് നിരയുടെ ശക്തമായ തിരിച്ചുവരവ് - ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനത്തിന്‍റെ ആദ്യ പകുതിയെ ഇങ്ങനെ വരച്ചിടാം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് കരുതലോടെയാണ് തുടങ്ങിയത്. മോശം പന്തുകളെ തെരഞ്ഞെടുത്ത് അതിര്‍ത്തി കടത്തിയും വിക്കറ്റുകള്‍ക്കിടയിലൂടെ തളരാതെ ഓടിയും വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ തുന്നിച്ചേര്‍ത്തത് 70 റണ്‍സ്. ആക്രമണ ഗിയറിലേക്ക് ചുവട് മാറിയ വാര്‍ണര്‍ 42 റണ്‍സോടെ പാണ്ഡ്യയുടെ ഇരയായി മടങ്ങി.
പിന്നെ കണ്ടത് കംഗാരു നടനം. സ്മിത്തും ഫിഞ്ചും ആക്രമണോത്സുകതയുടെ മൂര്‍ത്ത രൂപങ്ങളായി നിറഞ്ഞാടി. 154 റണ്‍ പിറന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനിടെ ഫിഞ്ച് പരമ്പരയിലെ ആദ്യ ശതകക്കാരനായി മാറി. 110 പന്തുകളില്‍ നിന്നായിരുന്നു ആ നൂറ്. നാല് പടുകൂറ്റന്‍ സിക്സറുകള്‍ - അതും പരമ്പര നിയന്ത്രിച്ചുവരുന്ന ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്കെതിരെ അടങ്ങുന്നതായിരുന്നു ആ മിന്നല്‍ പോരാട്ടം.
നിറംമങ്ങി നിന്ന കുല്‍ദീപിന്‍റെ രൂപത്തിലായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ് . ആദ്യ ഇരയായി ഫിഞ്ച് കളം വിട്ടു. 64 റണ്‍സെടുത്ത സ്മിത്തും വൈകാതെ മടങ്ങി. കുല്‍ദീപിന്‍റെ ഈ ഇരട്ട പ്രബരത്തോടെ മത്സരത്തിലെ കംഗാരുക്കളുടെ ആധിപത്യത്തിന് പിടിയയഞ്ഞു. അടുത്ത ഓവറില്‍ മാക്സ്‍വെല്ലിനെ വീഴ്ത്തി ചഹാലും വിക്കറ്റ് വേട്ടക്കാരുടെ നിരയിലേക്ക്. ഓസീസിന്‍റെ പ്രതീക്ഷകളിലുള്ള വലിയ പ്രഹരമായിരുന്നു മൂന്ന് ഓവറുകളിനിടെ വീണ ആ മൂന്ന് വിക്കറ്റുകള്‍. ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 293 എന്ന സ്കോറിലേക്ക് സന്ദര്‍ശകര്‍ ഇഴഞ്ഞെത്തിയപ്പോള്‍ സമീപകാലത്ത് ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നായി അത്. ഒരു വിക്കറ്റിന് 224 എന്ന സ്കോറിലായിരുന്നു മുപ്പത്തിയെട്ടാം ഓവറില്‍ കംഗാരുക്കള്‍.