സന്തോഷ് ട്രോഫി: കേരളം പശ്ചിമ ബംഗാള്‍ ഫൈനല്‍ നാളെ

Update: 2018-06-01 22:17 GMT
Editor : Subin
സന്തോഷ് ട്രോഫി: കേരളം പശ്ചിമ ബംഗാള്‍ ഫൈനല്‍ നാളെ

2004ല്‍ ആണ് കേരളം അവസാനമായി ജേതാക്കളായത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം...

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരളം വീണ്ടും സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിനിറങ്ങുന്നു. നാളെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം. പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളി. 2004ല്‍ ആണ് കേരളം അവസാനമായി ജേതാക്കളായത്.

ഒറ്റ മത്സരം പോലും തോല്‍ക്കാതെ ഫൈനലിലെത്തുന്ന കേരളത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ പശ്ചിമ ബംഗാളിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം കൂടിയുണ്ട്. ബംഗാളിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. 14 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു കിരീടം എന്ന സ്വപ്നവുമായി കളത്തിലിറങ്ങുന്ന കേരളത്തിന് പരിശീലകന്‍ സതീവന്‍ ബാലന്റെ തന്ത്രങ്ങള്‍ തന്നെയാണ് മുഖ്യ ആയുധം. ഒപ്പം മികച്ച പ്രകടനവുമായി എംഎസ് ജിതിന്‍, രാഹുല്‍, അഫ്ദല്‍, ജിതിന്‍ ഗോപാലന്‍ തുടങ്ങിയ താരങ്ങളും. അഫ്ദലിന്റെ ഗോളില്‍ കരുത്തരായ മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്.

എതിരില്ലാത്ത രണ്ട് ഗോളിന് കര്‍ണാടകയെ തോല്‍പ്പിച്ചാണ് ബംഗാളിന്റെ ഫൈനല്‍ പ്രവേശം. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സന്തോഷ് ട്രോഫിയില്‍ കേരളം ബംഗാള്‍ ഫൈനല്‍ വരുന്നത്. 1989ല്‍ ഗുവാഹത്തിയില്‍ നടന്ന ആ ഫൈനലില്‍ ബംഗാളിനായിരുന്നു കിരീടം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News