ജെമിമ കരുത്തിൽ ഇന്ത്യ; ശ്രീലങ്കയെ തോൽപിച്ചത് എട്ട് വിക്കറ്റിന്
വിശാഖപട്ടണം: അർദ്ധ സെഞ്ച്വറി നേടിയ ജെമിമ റോഡ്രിഗസിന്റെ ബാറ്റിങ് മികവിൽ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. പത്ത് ബൗണ്ടറികളുമായി 44 പന്തിൽ 69 റൺസാണ് ജെമിമ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 121 റൺസിൽ ഒതുക്കിയ ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ടോസ് നഷ്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്കായി 39 റൺസ് നേടിയ വിഷ്‍മി ഗുണരത്നയാണ് ടോപ് സ്‌കോറർ. 20 റൺസ് നേടിയ ഹാസിനി പേരേര 15 റൺസ് നേടിയ ക്യാപ്റ്റൻ ചമാരി അതാപത്തു 21 റൺസ് നേടിയ ഹർഷിത എന്നിവർ മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത്. 20 ഓവറിൽ 121 റൺസ് മാത്രമേ ശ്രീലങ്കക്ക് എടുക്കാൻ കഴിഞ്ഞുള്ളു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വൈഷ്ണവി ശർമ നാല് എക്കണോമിയിൽ ബൗൾ ചെയ്ത് നാല് ഓവറുകളിൽ 16 റൺസ് മാത്രമാണ് വിട്ട് കൊടുത്തത്. ക്രാന്തി ഗൗഡും ദീപ്തി ശർമയും ശ്രീ ചരണിയും ഓരോ വിക്കറ്റുകൾ വീഴ്ത്തി.
122 റൺസെന്ന ലക്ഷ്യത്തിലേക്ക് ബാറ്റ്‌സി ചെയ്ത ഇന്ത്യക്കായി ഓപ്പൺ ചെയ്തത് ഷെഫാലി വർമയും സ്‌മൃതി മന്ദനയുമാണ്. രണ്ടാമത്തെ ഓവറിൽ ഒമ്പത് റൺസിന് ഷെഫാലി വർമ പുറത്തായി. പിന്നാലെ വന്ന ജെമിമ റോഡ്രിഗസും സ്‌മൃതിയും ചേർന്ന് 54 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. പക്ഷെ ഒമ്പതാം ഓവറിൽ നീലാക്ഷി ഡിസിൽവയുടെ കയ്യിലെത്തിച്ച് ഇനോക രണവീര സ്‌മൃതിയെ പുറത്താക്കി. 25 പന്തിൽ 25 റൺസാണ് താരം നേടിയത്. പകരമിറങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീതുമൊത്ത് ബാറ്റ് ചെയ്ത ജെമിമ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. വൈകാതെ 15 ഓവറിൽ വിജയത്തിലെത്തിച്ചു.
പരമ്പരയിലെ രണ്ടാം മത്സരം ചുവ്വാഴ്ച വിശാഖപട്ടണത് തന്നെയാണ് നടക്കുക. അവസാന മൂന്ന് മത്സരങ്ങൾ നടക്കുന്നത് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ്.