ഹീറോയായി ജെമിമ റോഡ്രിഗസ്; ആസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലിൽ
വനിതാ ഏകദിന ലോകകപ്പിലെ ഉയർന്ന റൺചേസ് വിജയമാണിത്
നവി മുംബൈ: ആസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ. സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയർത്തിയ 339 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ മറികടന്നു. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന (127) ജെമിമ റോഡ്രിഗസാണ് വിജയശിൽപി. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ(89) അർധ സെഞ്ച്വറി സെഞ്ച്വറി നേടി. ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ദീപ്തി ശർമ(24), സ്മൃതി മന്ഥാന(24), റിച്ച ഘോഷ്(26) എന്നിവരും മികച്ച പിന്തുണ നൽകി.
റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഷഫാലി വർമയെ(10) നഷ്ടമായി. കിംഗ്രാത്തിന്റെ ഓവറിൽ വിക്കറ്റിന് മുന്നിൽകുരുങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ജെമീമ റോഡ്രിഗസും സ്മൃതി മന്ദാനയും ചേർന്ന് ഇന്ത്യയെ 50 കടത്തി. എന്നാൽ പവർ പ്ലെയിലെ അവസാന ഓവറിൽ കിം ഗാരത്തിന്റെ പന്തിൽ സ്മൃതി മന്ദാന നിർഭാഗ്യകരമായി പുറത്തായി. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തിൽ സ്മൃതി ബാറ്റ് വീശിയെങ്കിലും പന്ത് ബാറ്റിൽ കൊണ്ടില്ല. അമ്പയർ വൈഡ് വിളിക്കുകയും ചെയ്തു. എന്നാൽ പന്ത് കൈയിലൊതുക്കിയ ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി ഔട്ടിനായി അപ്പീൽ ചെയ്തു. അൾട്രാ എഡ്ജിൽ സ്മൃതിയുടെ ബാറ്റിൽ പന്ത് ഉരസിയെന്ന് വ്യക്തമായതോടെ നിരാശയോടെ സ്മൃതി കളംവിട്ടു.
പവർപ്ലെയിൽ രണ്ട് പ്രധാന വിക്കറ്റുകൾ നഷ്ടമായതോടെ ഓസീസ് കളിയിലേക്ക് മടങ്ങിയെത്തി. എന്നാൽ മൂന്നാം വിക്കറ്റിൽ ജെമിമ റോഡ്രിഗസ്-ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ത്യൻ വിജയത്തിന് അടിത്തറപാകി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 154 പന്തിൽ 167 റൺസാണ് കൂട്ടിചേർത്തത്. സെഞ്ചുറി തികക്കാതെ 88 പന്തിൽ 89 റൺസെടുത്ത് ഹർമൻപ്രീത് മടങ്ങിയെങ്കിലും ദിപ്തി ശർമയെ കൂട്ടുപിടിച്ച് ജെമീമ പോരാട്ടം തുടർന്നു. 41-ാം ഓവറിൽ ദീപ്തി ശർമ(17 പന്തിൽ 24) റണ്ണൗട്ടായി പുറത്തായശേഷം റിച്ച ഘോഷിനെ കൂട്ടുപിടിച്ച് 115 പന്തിൽ സെഞ്ചുറി തികച്ച ജെമീമ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറുകളിൽ ദീപ്തി ശർമ റണ്ണൗട്ടായതോടെ ഇന്ത്യൻ ക്യാമ്പിൽ വീണ്ടും ആശങ്ക തീർത്തു. എന്നാൽ അവസാന ഓവറുകളിൽ അമൻജോത് കൗറുമായി ചേർന്ന് ജമീമ ഇന്ത്യയെ ചരിത്രഫൈനലിലേക്ക് നയിച്ചു.
വുമൺസ് ലോകകപ്പിലെ ഏറ്റവും ഉയർന്ന റൺചേസ് വിജയമാണിത്. നേരത്തെ ഫീബെ ലിച്ച്ഫീൽഡിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസീസ് 338 റൺസെന്ന കൂറ്റൻ സ്‌കോറിലേക്ക് മുന്നേറിയത്. കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.