കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് രണ്ടാം ജയം; ആലപ്പി റിപ്പിൾസിനെ 34 റൺസിന് തോൽപിച്ചു

കൊച്ചിയ്ക്കായി കളത്തിലിറങ്ങിയ സഞ്ജു സാംസൺ 13 റൺസെടുത്ത് പുറത്തായി

Update: 2025-08-23 14:22 GMT
Editor : Sharafudheen TK | By : Sports Desk

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തുടർച്ചയായ രണ്ടാം ജയം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ 34 റൺസിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത് കൊച്ചി ഉയർത്തി 184 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആലപ്പിയുടെ പോരാട്ടം 19.2 ഓവറിൽ 149ൽ അവസാനിച്ചു. ഓപ്പണർ വിനൂപ് മനോഹരൻ അർധ സെഞ്ച്വറിയുമായി(31 പന്തിൽ 66) കൊച്ചി ടീമിന്റെ ടോപ് സ്‌കോററായി. അവസാന ഓവറുകളിൽ തകർത്തടിച്ച ആൽഫി ഫ്രാൻസിസ് ജോണിന്റെ വിസ്‌ഫോടന ബാറ്റിങാണ് (13 പന്തിൽ നാല് സിക്‌സറും ഒരു ഫോറും സഹിതം 31) മികച്ച സ്‌കോറിലെത്തിച്ചത്. കൊച്ചിക്കായി നാല് വിക്കറ്റ് വീഴത്തിയ മുഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്.

Advertising
Advertising

ഇന്നിങ്‌സിന്റെ തുടക്കവും ഒടുക്കവും ഗംഭീരമായപ്പോൾ കൂറ്റൻ സ്‌കോറാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആലപ്പി റിപ്പിൾസിന് മുന്നിൽ വച്ചത്. മുൻനിരയിൽ വിനൂപ് മനോഹരനും വാലറ്റത്ത് ആൽഫി ഫ്രാൻസിസുമാണ് കൂറ്റനടികളിലൂടെ കൊച്ചിയുടെ സ്‌കോർ ഉയർത്തിയത്. വിപുൽ ശക്തി ആയിരുന്നു വിനൂപിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനിറങ്ങിയത്. എന്നാൽ വിപുലിനെ വെറും കാഴ്ചക്കാരനാക്കി തുടക്കം മുതൽ വിനൂപ് തകർത്തടിച്ചു. ഓവറിൽ 12 റൺസിലും കൂടുതൽ ശരാശരിയിലാണ് കൊച്ചിയുടെ ഇന്നിങ്‌സ് മുന്നോട്ടു നീങ്ങിയത്. 11 റൺസെടുത്ത വിപുൽ ശക്തിയെ നാലാം ഓവറിൽ വിഘ്‌നേഷ് പുത്തൂർ പുറത്താക്കി.

തുടർന്നെത്തിയ മുഹമ്മദ് ഷാനു മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അഞ്ച് പന്തുകളിൽ നിന്ന് 15 റൺസുമായി മടങ്ങി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സാലി സാംസൺ ആദ്യ പന്തിൽ സിക്‌സുമായി തുടങ്ങിയതെങ്കിലും മൂന്നാം പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. ഇരുവരെയും അക്ഷയ് ചന്ദ്രനായിരുന്നു പുറത്താക്കിയത്. 13 റൺസെടുത്ത സഞ്ജു സാംസനെ ജലജ് സക്‌സേനയാണ് പുറത്താക്കിയത്. തുടരെ വീണ വിക്കറ്റുകൾ കൊച്ചിയുടെ റൺറേറ്റിനെയും ബാധിച്ചു. ശരാശരി സ്‌കോറിൽ ഒതുങ്ങുമെന്ന് തോന്നിച്ച കൊച്ചിയുടെ ഇന്നിങ്‌സിനെ 183 വരെയെത്തിച്ചത് ആൽഫി ഫ്രാൻസിസിന്റെ ഡെത്ത് ഓവറിലെ വെടിക്കെട്ട് ബാറ്റിങായിരുന്നു.13 പന്തുകളിൽ ഒരു ഫോറും നാല് സിക്‌സുമടക്കം 31 റൺസുമായി ആൽഫി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ശ്രീഹരി എസ് നായരും അക്ഷയ് ചന്ദ്രനും ജലജ് സക്‌സേനയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പിക്ക് അക്ഷയ് ചന്ദ്രനും ജലജ് സക്‌സേനയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ സ്‌കോർ 43ൽ നിൽക്കെ ജലജ് സക്‌സേനയെ ക്ലീൻ ബൗൾഡാക്കി കെ എം ആസിഫ് കൊച്ചിക്ക് ആദ്യ ബ്രേക് ത്രൂ നൽകി. ജലജ് സക്‌സേന 16 റൺസെടുത്തു. 11 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനെ ആൽഫി ഫ്രാൻസിസും 33 റൺസെടുത്ത അക്ഷയ് ചന്ദ്രനെ വിനൂപ് മനോഹരനും പുറത്താക്കിയതോടെ ആലപ്പിയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇടയ്ക്ക് മികച്ച ഷോട്ടുകളുമായി അഭിഷേക് പി നായർ പ്രതീക്ഷ നല്കിയെങ്കിലും ആസിഫിന്റെ പന്തിൽ പുറത്തായി. 13 പന്തുകളിൽ നിന്ന് നാല് ഫോറടക്കം 29 റൺസാണ് അഭിഷേക് നേടിയത്. തൊട്ടടുത്ത ഓവറിൽ അനൂജ് ജോതിനെയും അക്ഷയ് ടി കെയെയും ബാലു ബാബുവിനെയും പുറത്താക്കി മുഹമ്മദ് ആഷിഖ് ആലപ്പിയുടെ ശേഷിക്കുന്ന പ്രതീക്ഷകൾ കൂടി തല്ലിക്കെടുത്തി. തുടർന്നും തുടരെ വിക്കറ്റുകൾ വീണതോടെ 149 റൺസിന് ആലപ്പിയുടെ ഇന്നിങ്‌സിന് അവസാനിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News