മഴമൂലം മൂന്നാം ഏകദിനം ഉപേക്ഷിച്ചു; ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് പരമ്പര

പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് വിജയിക്കുകയും രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു

Update: 2022-11-30 09:28 GMT
Advertising

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യക്കെതിരെയുള്ള മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചതോടെ ന്യൂസിലാൻഡിന് പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് വിജയിക്കുകയും രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ന് ഇന്ത്യയുടെ ബാറ്റിംഗിന് ശേഷം ന്യൂസിലാൻഡ് മറുപടി ബാറ്റിംഗ് നടത്തവേയാണ് മഴയെത്തിയത്. ന്യൂസിലാൻഡ് ബാറ്റിംഗ് 18 ഓവറിൽ 104 റൺസിലെത്തിയിരുന്നു. അർധ സെഞ്ച്വറി നേടിയ ഫിൻ അലെന്റെ വിക്കറ്റ് മാത്രമാണ് കിവികൾക്ക് നഷ്ടപ്പെട്ടിരുന്നത്. 38 റൺസുമായി ഡേവൻ കോൺവേയും റൺസൊന്നുമെടുക്കാതെ നായകൻ കെയിൻ വില്യംസണുമാണ് ക്രീസിലുണ്ടായിരുന്നത്. ഇനി 32 ഓവറിൽ 116 റൺസാണ് അവർക്ക് വേണ്ടിയിരുന്നത്.

ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങിന് ക്ഷണിച്ചതിനെ തുടർന്ന് ഇറങ്ങിയ ഇന്ത്യ പത്ത് വിക്കറ്റ് നഷ്ടത്തിൽ 47.3 ഓവറിൽ 219 റൺസാണ് നേടിയിരുന്നത്. അർധ സെഞ്ച്വറി നേടിയ വാഷിങ്ടൺ സുന്ദറിന്റെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ശ്രേയസ് അയ്യർ 49 റൺസ് നേടി. ബാക്കിയുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് 16 പന്തുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളൂ. രണ്ട് ഫോറുൾപ്പെടെ നേടിയത് 10 റൺസ്. ഡാരിൽ മിച്ചലിനായിരുന്നു വിക്കറ്റ്. മോശം ഫോമിലൂടെയടാണ് പന്ത് കടന്നുപോകുന്നത്. എന്നിട്ടും നിരന്തരം അവസരം ലഭിക്കുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ആദം മിൽനെ. ഡാരിൽ മിച്ചൽ എന്നിവരാണ് ഇന്ത്യയെ എളുപ്പത്തിൽ മടക്കിയത്.

ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ന്യൂസിലാൻഡിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 307 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡ് 47.1 ഓവറിൽ വെറും മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. 36 റൺസും നേടി. 38 പന്തുകളിൽ നിന്ന് നാല് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. എന്നാൽ രണ്ടാം ഏകദിനത്തിൽ സഞ്ജുവിന് അവസരം ലഭിച്ചില്ല. പകരം ദീപക് ഹൂഡക്കാണ് അവസരം നൽകിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 12.5 ഓവറിൽ 89 റൺസിൽ നിൽക്കെ മത്സരം മഴ എടുക്കുകയായിരുന്നു.

ഈ വർഷം ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ തഴയുന്നതിൽ സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നിരുന്നു. ഏതാനും മുൻതാരങ്ങളും സഞ്ജുവിനെ പിന്തുണച്ച് രംഗത്ത് എത്തി. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഒരൊറ്റ മത്സരത്തിൽ പോലും സഞ്ജുവിന് അവസരം കൊടുത്തിരുന്നില്ല.

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലെ ഇന്ത്യൻ ടീം ഇങ്ങനെ: ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചാഹർ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്, യൂസ്വേന്ദ്ര ചാഹൽ.

New Zealand won the ODI series against India

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News