പാകിസ്താൻ പാക്ക്ഡ്: നിലവിലെ ലോകചാമ്പ്യന്മാർക്ക് ജയിച്ച് മടക്കം

ഇംഗ്ലണ്ടിന്റെ ജയം 93 റൺസിന്

Update: 2023-11-11 16:57 GMT
Advertising

ഏകദിന ലോകകപ്പിൽ നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ജയിച്ച് മടക്കം. പാകിസ്താനെ 93 റൺസിന് കെട്ടുകെട്ടിച്ചാണ് ടീം മടങ്ങുന്നത്. ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 338 റൺസായിരുന്നു പാകിസ്താന് മുമ്പിൽ ഇംഗ്ലണ്ട് തീർത്ത വിജയലക്ഷ്യം. എന്നാൽ പാകിസ്താൻ 43.3 ഓവറിൽ 244 റൺസിന് ഓൾഔട്ടായി. മൂന്നു വിക്കറ്റ് നേടിയ ഡേവിഡ് വില്ലിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദ്, ഗസ് അറ്റ്കിൻസൺ, മുഈൻ അലി എന്നിവരാണ് പാക് പടയുടെ സെമി -വിജയ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തിയത്. ക്രിസ് വോക്‌സ് ഒരു വിക്കറ്റും നേടി. വില്ലിയാണ് കളിയിലെ താരം.

അർധ സെഞ്ച്വറി നേടിയ സൽമാൻ അലി ആഗ(51) പാക് ടീമിന്റെ ടോപ് സ്‌കോററർ. അവസാനത്തിൽ മൂന്നു വീതം സിക്‌സറും ഫോറുമടിച്ച് ഹാരിസ് റഊഫും ഒരു സിക്‌സറും മൂന്നു ഫോറുമടിച്ച് ഷഹീൻ അഫ്രീദിയും പൊരുതി, പക്ഷേ വിജയിപ്പിക്കാനായില്ല. ബാബർ അസം(38), റിസ്‌വാൻ (36), സൗദ് ഷക്കീൽ(29) എന്നിവരാണ് പാക് നിരയിലെ മറ്റു സ്‌കോറർമാർ. മറുപടി ബാറ്റിംഗ് തുടങ്ങിയ പാകിസ്താന് ആദ്യ മൂന്നോവർ കഴിയുന്നതിന് മുമ്പേ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. അബ്ദുല്ല ഷഫീഖ് (0), ഫഖർ സമാൻ (1) എന്നിവരുടെ വിക്കറ്റാണ് ആദ്യം വീണത്. ഡേവിഡ് വില്ലിയാണ് രണ്ടുപേരെയും പറഞ്ഞയച്ചത്. 

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബെൻ സ്റ്റോക്സ് (84), ജോ റൂട്ട് (60), ജോണി ബെയർസ്റ്റോ (59) എന്നിവരുടെ അർധസെഞ്ച്വറി മികവിലാണ് ടീം 337 റൺസ് നേടിയത്. എന്നാൽ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി. ഓപ്പണർ ഡേവിഡ് മലാനും(31) ഹാരി ബ്രൂക്കും(30) നായകൻ ജോസ് ബട്ലറും (27) ടീം സ്‌കോറിലേക്ക് ചെറിയ സംഭാവന നൽകി.

എട്ട് മത്സരങ്ങളിൽ നാല് വിജയങ്ങളുള്ള പാകിസ്താന് ഇന്ന് ഇംഗ്ലണ്ടിനെതിരെ വിജയം നേടിയാലും സെമിയിലേക്ക് മുന്നേറുക അപ്രാപ്യമായിരുന്നു. ന്യൂസിലൻഡിനെ മറികടന്ന് സെമിയിലെത്തണമെങ്കിൽ പാകിസ്താന് 287 റൺസിനോ 284 പന്ത് ശേഷിക്കെയോ വിജയിക്കണമായിരുന്നു. ഇത്തവണകൂടി സെമിയിൽ എത്താനാകാത്ത ടീമിന് തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് സെമി കാണാതെ പുറത്തുപോകേണ്ടി വരുന്നത്. ഇത്തവണത്തെ ലോകകപ്പ് ഓർക്കാൻ ഇംഗ്ലണ്ടും ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാകില്ല. നിലവിലെ ചാമ്പ്യൻമാരായി എത്തിയ ഇംഗ്ലീഷ് സംഘത്തിന് പാകിസ്താന് മുമ്പ് നെതർലൻഡ്സിനെതിരെയും ബംഗ്ലാദേശിനെതിരെയും മാത്രമാണ് വിജയം നേടാനായത്. ലോകക്രിക്കറ്റിലെ വമ്പൻമാർ ഒപ്പമുണ്ടായിട്ടും ദയനീയപ്രകടനമാണ് പല മത്സരങ്ങളിലും ടീം പുറത്തെടുത്തത്.

In the ODI World Cup, England, the current world champions, returned home after winning against Pakistan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News