ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദയ്ക്കിന്ന് 51ാം പിറന്നാൾ; ആശംസകളുമായി ക്രിക്കറ്റ് ലോകം

മുൻ ബിസിസിഐ പ്രസിഡൻറ് കൂടിയായ ഗാംഗുലിയ്ക്ക് ക്രിക്കറ്റ് ബോർഡ് ആശംസകൾ നേർന്നു

Update: 2023-07-08 06:25 GMT
Advertising

ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദ സൗരവ് ഗാംഗുലിയ്ക്ക് ഇന്ന് 51ാം പിറന്നാൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ടീമിന്റെ മനോഭാവം തന്നെ മാറ്റിയ താരത്തിന് നിരവധി പേരാണ് ആശംസകൾ നേരുന്നത്. മുൻ ബിസിസിഐ പ്രസിഡൻറ് കൂടിയായ അദ്ദേഹത്തിന് ക്രിക്കറ്റ് ബോർഡ് ആശംസകൾ നേർന്നു. 424 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുകയും 18575 റൺസ് നേടുകയും ചെയ്തതടക്കം പറഞ്ഞായിരുന്നു ആശംസ. 38 അന്താരാഷ്ട്ര സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ഗാംഗുലിയ്ക്ക് ആശംസകൾ നേർന്നു. നേരത്തെ ബിസിസിഐ പ്രസിഡൻറ് സ്ഥാനത്ത് ഗാംഗുലിയ്ക്ക് തുടരവസരം നൽകാത്തതിനെ ചൊല്ലി വിവാദമുണ്ടായിരുന്നു.

ഇന്ത്യക്ക് നിരവധി ഐതിഹാസിക വിജയങ്ങൾ സമ്മാനിച്ച നായകനാണ് ഗാംഗുലി. 2002ലെ നാറ്റ് വെസ്റ്റ് സീരീസ്, ചാമ്പ്യൻസ് ട്രോഫി, 2003 ഏകദിന ലോകകപ്പ് റണ്ണേഴ്‌സ് അപ്പ്, വിദേശത്തെ 11 ജയങ്ങളടക്കം 21 ടെസ്റ്റ് വിജയം തുടങ്ങിയവയൊക്കെ നായകനെന്ന നിലയിൽ ഗാംഗുലിയുടെ നേട്ടങ്ങളായിരുന്നു. 1996 ൽ ഇദ്ദേഹം ആദ്യമായി കളിച്ച ലോഡ്സിലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ചറി നേടി. അടുത്ത മത്സരത്തിലും സെഞ്ചറി നേട്ടം കൈവരിച്ചു. വൈകാതെ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ പ്രധാന ഭാഗമായി അദ്ദേഹം മാറി. 2000 ൽ ഒത്തുകളി വിവാദം ടീമിനെ പിടിച്ചു കുലുക്കിയപ്പോൾ അദ്ദേഹത്തിന് ക്യാപ്റ്റൻ പദവി ലഭിച്ചു.

കഴിവുള്ള താരങ്ങളെ വളർത്തികൊണ്ടുവരുന്നതിൽ ഗാംഗുലി അഗ്രഗണ്യനായിരുന്നു. വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, ഹർഭജൻ സിംഗ് ഗാംഗുലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മികവ് തെളിയിച്ചു. 2000ത്തിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ 2-1 ന് വിജയം നേടാൻ ഗാംഗുലിയുടെ ടീമിനായത് ചരിത്രമായിരുന്നു.

2002 ൽ ഇംഗ്ലണ്ടിനെതിരെ നടന്ന നാറ്റ് വെസ്റ്റ് ഫൈനൽ ഗാംഗുലിയുടെ മികച്ച മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് 326 എന്ന വൻസ്‌കോറായിരുന്നു. 146/5 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ടീമിനെ യുവരാജും കൈഫും ചേർന്ന് വിജയത്തിലേക്ക് നയിച്ചപ്പോൾ ഷർട്ട് ഊരി വീശിയ ഗാംഗുലിയുടെ ചിത്രം ക്രിക്കറ്റ് ചരിത്രത്തിലെ മനോഹര മുഹൂർത്തമാണ്.

ഗാംഗുലിയുടെ നേതൃത്വത്തിൽ 2003ൽ ലോകകപ്പിൽ ഫൈനൽ വരെയെത്താനും ടീമിനായി. 2008 ൽ നാഗ്പൂരിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇദ്ദേഹം അവസാന ടെസ്റ്റ് കളിച്ചത്. ഇന്ത്യക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഗാംഗുലി കളിച്ചിട്ടുണ്ട്.

Sourav Ganguly turns 51 today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News