സൂര്യവൻശി പ്രായം കുറഞ്ഞ വൈസ് ക്യാപ്റ്റൻ; രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് 14 കാരൻ
പറ്റ്ന: രഞ്ജി ട്രോഫി ചരിത്രത്തിലെ തന്നെ പ്രായം കുറഞ്ഞ വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവൻശി. സീസണിലെ ആദ്യ രണ്ടു മത്സരങ്ങൾക്കാണ് 14 വയസ്സുകാരനെ വൈസ് ക്യാപ്റ്റനായി ബീഹാർ നിയമിച്ചത്. സാകിബുൽ ഗനിയാണ് ക്യാപ്റ്റൻ. ഞായറാഴ്ചയാണ് രഞ്ജി ട്രോഫിക്കുള്ള ബീഹാർ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഒക്ടോബർ 15 ന് തുടങ്ങുന്ന പ്ലെയ്റ്റ് ലീഗ് സീസണിൽ ആദ്യ മത്സരത്തിൽ ബീഹാർ അരുണാചൽ പ്രദേശിനെ നേരിടും. കഴിഞ്ഞ സീസണിൽ ഒരു വിജയം പോലും നേടാൻ സാധിക്കാതിരുന്ന ബിഹാറിനെ രണ്ടാം ഡിവിഷനായ പ്ലെയ്റ്റ് ലീഗിലേക്ക് തരംതാഴ്ത്തിയിരുന്നു.
2023-24 സീസണിൽ രഞ്ജി ട്രോഫിയിൽ തന്റെ 12 വയസ്സിലാണ് വൈഭവ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഈ വർഷം ലേലത്തിൽ രാജസ്ഥാൻ റോയൽസ് യുവ താരത്തെ സ്വന്തമാക്കിയപ്പോൾ ഐപിഎൽ ടീമിൽ അംഗമാകുന്ന പ്രായം കുറഞ്ഞ താരവുമായി. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ നിന്ന് രാജസ്ഥാന് വേണ്ടി സെഞ്ച്വറി നേടിയതോടെ, ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ക്രിക്കറ്റർ എന്ന ലോക റെക്കോർഡും തന്റെ പേരിലാക്കി. ഐപിഎൽ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയും അതായിരുന്നു.
കഴിഞ്ഞ മാസം നടന്ന ഇന്ത്യ അണ്ടർ 19 ടീമിന്റെ ആസ്ട്രേലിയൻ പര്യടനത്തിൽ ഭാഗമായിരുന്നു. അടുത്ത വർഷം ജനുവരിയിൽ സിംബാബ്‌വേയിലും നമീബിയയിലുമായി നടക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ സാധ്യതയുള്ളതിനാൽ വരുന്ന രഞ്ജി സീസണിൽ പൂർണമായും വൈഭവ് പങ്കെടുക്കാൻ സാധ്യതയില്ല.