'ദുശ്മൻ മുൽക്'; പ്രസ്താവന തിരുത്തി പി.സി.ബി തലവൻ

''ഇന്ത്യയും പാകിസ്താനും മൈതാനങ്ങളിൽ ചിരവൈരികളാണ്, എന്നാല്‍ ശത്രുക്കളല്ല''

Update: 2023-09-29 16:18 GMT

 Zaka Ashraf

Advertising

ഇന്ത്യയെ ശത്രു രാജ്യമെന്ന് വിളിച്ച് വിവാദത്തിൽ അകപ്പെട്ട പാക് ക്രിക്കറ്റ് ബോർഡ് തലവൻ സാക അഷ്‌റഫ് തന്റെ പ്രസ്താവന തിരുത്തി രംഗത്ത്. ഇന്ത്യയും പാകിസ്താനും മൈതാനങ്ങളിൽ ചിരവൈരികളാണെങ്കിലും ഒരിക്കലും ശത്രുക്കളല്ലെന്ന് സാക അഷ്‌റഫ്  പറഞ്ഞു.

''പാകിസ്താൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയിൽ ലഭിച്ച സ്വീകരണം ഇരുരാജ്യങ്ങളിലെയും ജനങ്ങൾ ഈ താരങ്ങളെ എത്രമേൽ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവാണ്. ഇത്രയും മികച്ചൊരു സ്വീകരണം പാക് താരങ്ങൾക്ക് ഒരുക്കിയ ഇന്ത്യക്ക് നന്ദി. മൈതാനത്ത് പാകിസ്താനും ഇന്ത്യയും ചിരവൈരികളാണ്. എന്നാൽ ഒരിക്കലും ശത്രുക്കളല്ല''- സാക അഷ്‌റഫ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സാക അഷ്‌റഫ്  ഇന്ത്യയെ ശത്രു രാജ്യം എന്ന് വിശേഷിപ്പിച്ചത് . ക്രിക്കറ്റ് ലോകകപ്പിനായി പാക് ക്രിക്കറ്റ് ടീമംഗങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചതിന് പിറകേയായിരുന്നു പാക് ക്രിക്കറ്റ് ബോർഡ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സണായ സാക അഷ്‌റഫിന്റെ വിവാദ പരാമർശം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ''ദുശ്മൻ മുൽക്'' എന്നാണ് അഷ്‌റഫ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്.

''ഏറെ സ്‌നേഹത്തോടെയാണ് കളിക്കാരുമായി ഞങ്ങള്‍ കരാറൊപ്പിട്ടത്. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇത്രയും തുക കളിക്കാർക്ക് നൽകിയിട്ടില്ല. മത്സരങ്ങൾക്കായി ശത്രു രാജ്യത്തേക്ക് ('ദുശ്മന്‍ മുൽക്ക്') പോകുമ്പോൾ കളിക്കാരുടെ മനോവീര്യം ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം''- സാക അഷ്റഫ് പറഞ്ഞു.

ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാക് ക്രിക്കറ്റ് ടീമിന് ഉജ്ജ്വല സ്വീകരണമാണ് ഇന്നലെ ലഭിച്ചത്. കനത്ത സുരക്ഷയ്ക്കിടെയാണ് നായകൻ ബാബർ അസമിന്റെ നേതൃത്വത്തിൽ പാക് സംഘം ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് പാക് ക്രിക്കറ്റ് ടീം ഇന്ത്യയിൽ ഒരു അന്താരാഷ്ട്ര മത്സരത്തിനായി എത്തുന്നത്.

താരങ്ങളുടെ വരവ് അറിഞ്ഞ് വിമാനത്താവളത്തിലെത്തിയ ക്രിക്കറ്റ് ആരാധകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്നു വൻവരവേൽപ്പാണ് ടീമിനു നൽകിയത്. രാജകീയ സ്വീകരണത്തിന്റെ സന്തോഷം ബാബർ അസം ഉൾപ്പെടെ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദിൽ ലഭിച്ച പിന്തുണയും സ്‌നേഹവും മനംനിറക്കുന്നതാണെന്നാണ് ബാബർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

വൻ വരവേൽപ്പാണ് ഇതുവരെ ലഭിച്ചതെന്ന് പാക് പേസർ ഷഹിൻഷാ അഫ്രീദിയും കുറിച്ചു. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും സ്വീകരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യൻ തീരത്ത് കാലുകുത്തുമ്പോൾ ഊഷ്മളമായ സ്വീകരണമാണ് ടീമിനു ലഭിച്ചതെന്ന് പാകിസ്താൻ ക്രിക്കറ്റ് ട്വീറ്റ് ചെയ്തു.

ഒക്ടോബർ ആറിന് നെതർലൻഡ്‌സിനെതിരെയാണ് ലോകകപ്പിൽ പാകിസ്താന്റെ ആദ്യ മത്സരം. ഇതിനു മുന്നോടിയായി ന്യൂസിലൻഡിനെതിരെ നാളെ സന്നാഹമത്സരം നടക്കും. 14ന് അഹ്മദാബാദിലാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News