ഹീറോയായി ഷമി, ഉറച്ച പിന്തുണയുമായി ബുംറ; മുൻനിര തകർന്നപ്പോൾ രക്ഷകരായി വാലറ്റം

അർധസെഞ്ച്വറി(56*)യുമായി ശരിക്കും ഹീറോയായത് മുഹമ്മദ് ഷമി. ഷമിക്ക് ഉറച്ച പിന്തുണയുമായി ജസ്പ്രീത് ബുംറ(34*)യും. ഇരുവരും ചേർന്ന് ഇന്ത്യൻ ലീഡ് 271 റൺസായി ഉയർത്തി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലീഷ് ഓപണർമാരെ പറഞ്ഞയച്ചും ഷമിയും ബുംറയും ഇന്ത്യയ്ക്ക് വിജയപ്രതീക്ഷകള്‍ നല്‍കുന്നു

Update: 2021-08-16 16:17 GMT
Editor : Shaheer | By : Web Desk
Advertising

ആദ്യ ഇന്നിങ്‌സിലെ ടോപ്‌സ്‌കോറര്‍മാര്‍ കെഎൽ രാഹുലും രോഹിത് ശർമയും തുടക്കത്തിലേ കീഴടങ്ങി. രക്ഷകനാകേണ്ട നായകൻ വിരാട് കോഹ്ലി പോരാടാൻ മറന്ന് മടങ്ങി. ഇടയ്ക്ക് ടെസ്റ്റ് സ്‌പെഷലിസ്റ്റുകളായ ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയും പാറപോലെ ഉറച്ച് ഇന്ത്യയെ കാത്തു. എന്നാൽ, ഇന്ത്യയെ വിജയപ്രതീക്ഷയുള്ള സ്‌കോറിലേക്കെത്തിക്കാനാകാതെ ഇരുവരും തിരിച്ചുനടക്കുകയും ചെയ്തു ചെയ്തു. യുവതാരം റിഷഭ് പന്ത് ഒരിക്കല്‍കൂടി ഹീറോയിസം കാണിക്കുമെന്നായിരുന്നു ഇന്ത്യൻ ആരാധകരുടെ അവസാന പ്രതീക്ഷ. എന്നാൽ, അതും സംഭവിച്ചില്ല.

ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ലോർഡ്‌സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാനദിനം റിഷഭ് പന്തിനു വേണ്ടി ഗൃഹപാഠം ചെയ്തു വന്ന ഇംഗ്ലീഷ് ബൗളർമാരെയും ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ച് ഒടുവിൽ വാലറ്റത്തിന്റെ അസാമാന്യ ചെറുത്തുനിൽപ്പ്. അർധസെഞ്ച്വറി(56*)യുമായി ശരിക്കും ഹീറോയായത് മുഹമ്മദ് ഷമി. ഷമിക്ക് ഉറച്ച പിന്തുണയുമായി ജസ്പ്രീത് ബുംറ(34*)യും. ഇരുവരും ചേർന്ന് ഇന്ത്യൻ ലീഡ് 271 റൺസായി ഉയർത്തി.

എട്ടു വിക്കറ്റ് നഷ്ടത്തിൽ സ്‌കോർ 298ൽ നിൽക്കെ നായകൻ വിരാട് കോഹ്ലി ഡിക്ലയർ ചെയ്യുകയായിരുന്നു. 60 ഓവറിൽ 272 എന്ന ടോട്ടൽ പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് ഓപണർമാരെ ആദ്യ ഓവറുകളിൽ തന്നെ മടക്കിയയച്ച് വീണ്ടും ഷമിയും ബുംറയും ഇന്ത്യയ്ക്ക് വിജയപ്രതീക്ഷകൾ നൽകി. നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 48 ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 232 റണ്‍സ്. ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് എട്ടു വിക്കറ്റും.

കഴിഞ്ഞ ദിവസം കളിനിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. 14 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ഇശാന്ത് ശർമയുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. അവസാന ദിനമായ ഇന്ന് കളി തുടങ്ങി നാലാമത്തെ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് റിഷഭ് പന്തിനെ നഷ്ടമായി. റോബിൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബട്ലറിനു ക്യാച്ച് നൽകി മടങ്ങുകയായിരുന്നു പന്ത്(22). അധികം വൈകാതെ റോബിൻസന്റെ പന്തിൽ തന്നെ ഇശാന്തും കീഴടങ്ങി. ഒൻപതാം വിക്കറ്റിൽ ഒന്നിച്ച ബുംറയും ഷമിയുമാണ് ഇന്ത്യയുടെ ലീഡ് 200ലേക്ക് ഉയർത്തിയത്. 26 റൺസുമായി ഷമിയും 20 റൺസുമായി ബുംറയും ഇന്ത്യൻ സ്‌കോർ ഭേദപ്പെട്ട നിലയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 27 റൺസ് ലീഡ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപണർമാരായ കെ.എൽ രാഹുൽ, രോഹിത് ശർമ്മ, നായകൻ വിരാട് കോഹ്ലി എന്നിങ്ങനെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരെ തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. തുടർന്നങ്ങോട്ട് ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയും ചേർന്ന് നടത്തിയ അസാമാന്യമായ പ്രതിരോധമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് ക്ഷമാപൂർവം ഇന്ത്യൻ സ്‌കോർ കെട്ടിപ്പടുത്തു. ഇടയ്ക്ക് ദീർഘനാളത്തെ റൺസ് ക്ഷാമത്തിന് അറുതിവരുത്തി രഹാനെ അർധസെഞ്ച്വറിയും കടന്നു. ഇംഗ്ലീഷ് ബൗളർമാരുടെ ക്ഷമകെടുത്തിയ കൂട്ടുകെട്ട് ഒടുവിൽ മാർക് വുഡാണ് തകർത്തത്. പുജാരയെ നായകൻ റൂട്ടിന്റെ കൈയിലെത്തിച്ചായിരുന്നു വുഡിന്റെ ഇടപെടൽ. പുറത്താകുമ്പോൾ 206 പന്തിൽ നാല് ഫോറുമായി 45 റൺസായിരുന്നു പുജാരയുടെ സമ്പാദ്യം. പുജാര പോയതോടെ രഹാനെയുടെ ഇന്നിങ്സും അധികം നീണ്ടുനിന്നില്ല. മോയിൻ അലിയുടെ പന്തിൽ ബട്ലറിനു ക്യാച്ച് നൽകി രഹാനെയും മടങ്ങി. 146 പന്തിൽ അഞ്ച് ഫോർ സഹിതം 61 റൺസാണ് ഇന്ത്യൻ ഉപനായകൻ നേടിയത്. തുടർന്നെത്തിയ രവീന്ദ്ര ജഡേജ(ആറ്) അലിയുടെ മനോഹരമായ പന്തിൽ ക്ലീൻ ബൗൾഡായി.

ഉജ്ജ്വല പോരാട്ടത്തിനൊടുവിൽ ഒൻപതാം വിക്കറ്റിൽ ഷമിയും ബുംറയും ചേർന്നു കുറിച്ചത് റെക്കോർഡാണ്; 77 റൺസിന്റെ കൂട്ടുകെട്ട്. ഇംഗ്ലീഷ് മണ്ണിൽ ഒൻപതാം വിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്‌കോർ. 1982ൽ കപിൽദേവും മദൻലാലും ചേർന്ന് ഇതേ മൈതാനത്ത് നേടിയ 66 റൺസ് കൂട്ടുകെട്ടാണ് ഇരുവരും പഴങ്കഥയാക്കിയത്.

ആദ്യ ഇന്നിങ്സിൽനിന്ന് വ്യത്യസ്തമായി മാർക്ക് വുഡാണ് ഇംഗ്ലീഷ് ബൗളർമാരിൽ വിക്കറ്റുമായി മുന്നിൽ നിന്നത്. വുഡ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഒലി റോബിൻസൻ, മോയിൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതവും സാം കറൻ ഒരു വിക്കറ്റും നേടി. ജിമ്മി ആൻഡേഴ്സന് വിക്കറ്റൊന്നും ലഭിച്ചിട്ടില്ല.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലീഷ് ഓപണര്‍ റോറി ബേണ്‍സിനെ ആദ്യ ഓവറില്‍ തന്നെ ബുംറ മടക്കിയയച്ചു. തൊട്ടടുത്ത ഓവറില്‍ ഡോം സിബ്ലിയെ ഷമിയും പുറത്താക്കി. രണ്ടുപേര്‍ക്കും അക്കൌണ്ട് തുറക്കാനായില്ല. ഹസീബ് ഹമീദ്(ഏഴ്), ജോ റൂട്ട്(17) എന്നിവരാണ് ക്രീസിലുള്ളത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News