സൂപ്പർ താരങ്ങളുമായി ജയം പിടിച്ച് അൽ നസ്ർ, പിടിച്ചുനിന്ന് ഗോവ
മഡ്ഗോവ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2വിൽ സൗദി ക്ലബ് അൽ നസ്റിന് ജയം. ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്.സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസ്ർ തോൽപ്പിച്ചത്.
പന്തടക്കത്തിലും പൊസിഷനിലും പാസിങ്ങിലുമെല്ലാം സമ്പൂർണ ആധിപത്യം പുലർത്തിയാണ് അൽ നസ്റിന്റെ വിജയം. പത്താം മിനുറ്റിൽ ഏഞ്ചലോ ഗബ്രിയേലും 27ാം മിനുറ്റിൽ ഹരോനെ കാമറയുമാണ് അൽ നസ്റിനായി ഗോൾ നേടിയത്. 41ാം മിനുറ്റിൽ ബ്രിസൺ ഫെർണാണ്ടസാണ് ഗോവക്കായി തിരിച്ചടിച്ചത്. അൽ നസ്ർ ഉയർത്തിയ നിരന്തര ഭീഷണികളെ പ്രതിരോധത്തിന്റെ മിടുക്കിലാണ് ഗോവ ചെറുത്തത്. മത്സരം തീരാനിരിക്കേ ഗോവ താരം ഡേവിഡ് തിമോറിന് ചുവപ്പ് കാർഡ് ലഭിച്ചു.
ബാഴ്സലോണയിൽ നിന്നും ഈ സീസണിൽ അൽ നസ്റിലേക്ക് ചുവടുമാറിയ ഇനിനോ മാർട്ടിനസ് ആദ്യ ഇലവനിൽ ഇടംപിടിച്ചപ്പോൾ സാദിയോ മാനെ, ജാവോ ഫെലിക്സ് എന്നീ സൂപ്പർ താരങ്ങൾ പകരക്കാരായി മൈതാനത്തേക്കിറങ്ങി. സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതൊണ് അൽ നസ്ർ ഇന്ത്യൻ മണ്ണിൽ കളിക്കാനിറങ്ങിയത്.