'നോമ്പെടുത്ത് മൈതാനത്ത്, ഗോളടിച്ച് വിജയശിൽപി; എഫ് എ കപ്പിൽ മാറി മറിഞ്ഞത് യുണൈറ്റഡ് യുവ താരത്തിന്റെ ജീവിതം

'ദൈവത്തിന് വേണ്ടിയാണ് ഞാന്‍ നോമ്പെടുക്കുന്നത്. ഫുട്‌ബോള്‍ കളിക്കുന്നത് ജീവിക്കാനും'

Update: 2024-03-19 15:39 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: ലിവർപൂൾ-മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ക്വാർട്ടർ ഫൈനൽ. മുഴുവൻ സമയവും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കെന്നുറപ്പിച്ച നിമിഷം. അന്തിമ വിസിലിന് തൊട്ടുമുൻപായി യുണൈറ്റഡിന്റെ കൗണ്ടർ അറ്റാക്ക്. പന്തുമായി മുന്നേറുന്നത് അലചാൻഡ്രോ ഗർണാചോ. ഒപ്പംഓടി പിടിച്ച് പകരക്കാരനായി ഇറങ്ങിയ അമദ് ദിയാലോ. ബോക്‌സിന് തൊട്ടുമുൻപ് പന്ത് യുവതാരത്തിലേക്ക് മറിച്ചുനൽകി ഗർണാചോ. ഓൾഡ് ട്രാഫോർഡിൽ ഇരമ്പിയാർത്ത കാണികളെ സാക്ഷിയാക്കി 21കാരൻ ക്ലിനിക്കൽ ഫിനിഷിലൂടെ പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് തഴുകിയിട്ടു. ജഴ്‌സിയൂരി ആഘോഷിച്ചതിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് താരം തൊട്ടടുത്ത മിനിറ്റിൽ കളംവിട്ടെങ്കിലും അപ്പോഴേക്കും ചെകുത്താൻമാരുടെ വിജയഭേരി മുഴങ്ങി കഴിഞ്ഞിരുന്നു.

  നിരന്തര തോൽവിയേറ്റുവാങ്ങിയ സംഘത്തിന് ലഭിച്ച പുത്തൻ ഊർജ്ജം കൂടിയായി ലിവർപൂളിനെതിരായ ഈ ലാസ്റ്റ്മിനിറ്റ് ഡ്രാമ വിജയം. ഐവറികോസ്റ്റുകാരനായ യുവതാരം അങ്ങനെ ഒറ്റ മത്സരംകൊണ്ട് യുണൈറ്റഡ് ഹീറോയായി. വിശുദ്ധ റമദാനിൽ നോമ്പെടുത്താണ് താരം കളിക്കാനിറങ്ങിയത്. മത്സര ശേഷം നടത്തിയ പ്രതികരണത്തിലും അമദ് ദിയാലോ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 'നോമ്പെടുക്കുന്നത് അൽപം ബുദ്ധിമുട്ടേറിയതാണ്.എന്നാൽ ദൈവത്തിന് വേണ്ടിയാണ് ഇതെടുക്കുന്നത്. അതിനാൽ എനിക്ക് സന്തോഷമേയുള്ളൂ. ഭക്ഷണം കഴിക്കാതിരിക്കുന്നതിൽ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല'- താരം പ്രതികരിച്ചു.

നേരത്തെ റമദാനിന് മുൻപായി സമൂഹ മാധ്യമ അക്കൗണ്ടുകൾ അമദ് ഒഴിവാക്കിയിരുന്നു. നോമ്പ് കാലത്തെ തെറ്റായ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നായിരുന്നു യുവതാരത്തിന്റെ വിശദീകരണം.  2019ൽ ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ് അറ്റ്‌ലാന്റ ബി സിയിൽ പ്രൊഫഷണൽ കരിയർ തുടങ്ങിയ താരം, 17-ാം വയസിൽ ഇറ്റാലിയൻ ലീഗിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായും ശ്രദ്ധിക്കപ്പെട്ടു. 170 കോടി രൂപക്കാണ് 21 കാരൻ ഓൾഡ് ട്രാഫോർഡിലെത്തുന്നത്. തുടർന്ന് ലോണിൽ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങി. 2021ലാണ് യുണൈറ്റഡ് സീനിയർ ടീമിൽ ഇടം പിടിക്കുന്നത്. എഫ്എ കപ്പിലെ അത്ഭുതഗോളിലൂടെ വരുംമത്സരങ്ങളിലും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അമദ് ദിയാലോ

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News