കേരളത്തിലെ ആരാധകരെ കുറിച്ച് വാര്‍ത്ത നല്‍കി അര്‍ജന്‍റീന മാധ്യമം

ക്രിക്കറ്റിന് പ്രാധാന്യമുള്ള ഇന്ത്യയിൽ നിന്നും കേരളത്തിന്റെ ഫുട്ബോൾ പ്രേമത്തെ കുറിച്ചും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

Update: 2021-07-19 16:47 GMT
Editor : Suhail | By : Web Desk
Advertising

ഏഴു കടലും കടന്ന് മലപ്പുറത്തിന്റെയും കേരളത്തിന്റെയും അർജന്റീന ഭ്രമം കണ്ട് ഒടുവില്‍ അത്ഭുതപ്പെട്ട് സാക്ഷാൽ അർജന്റീനയും. അർജന്റീനിയൻ മാധ്യമമായ 'എൽ ഡെസ്റ്റെയ്പി'ലാണ് കേരളത്തിലെ അർജിന്റീന ഫാൻസിനെ കുറിച്ചും ഫുട്ബോള്‍ പ്രേമത്തെ കുറിച്ചും വാർത്ത വന്നത്.

ഇന്ത്യയിലും ബം​ഗ്ലാദേശിലുമുള്ള അർജന്റീന ഫുട്ബോളിനോടുള്ള ആരാധനയെ പറ്റിയായിരുന്നു വാർത്ത. എൽ ഡെസ്റ്റെയ്പിലെ ഫെഡറികോ ലമാസ് ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. മെസിയേയും മറഡോണയേയും അതിയറ്റ് ഇഷ്ടപ്പെടുന്ന, കിലോമീറ്ററുകൾക്ക് അപ്പുറത്ത് കിടക്കുന്ന കേരളത്തിലെ അർജന്റീന ആരാധകരുടെ ഫുട്ബോള്‍ ആവേശത്തെ കുറിച്ചും മാധ്യമം വിശദീകരിക്കുന്നു.

കോപ്പ അമേരിക്കയോട് അനുബന്ധിച്ച് മലപ്പുറം വാഴക്കാട്ട് അര്‍ജന്‍റീന ടീമിനായി സ്ഥാപിച്ച ഫ്ലക്സും ചീനിക്കലിലുള്ള 'അർജന്റീന സ്പെഷ്യൽ' ബസ് കാത്തിരുപ്പ് പുരയും വാർത്തയിൽ ഇടംപിടിച്ചു. കോപ്പക്ക് ശേഷം ഡി പൗളിന്റെയും ടൂര്‍ണമെന്‍റില്‍ അവിശ്വസനീയമാം വിധം വലകാത്ത എമിലിയാനോ മർട്ടിനെസിന്റെയും കട്ടൗട്ടുകളും തെരുവുകളില്‍ സ്ഥാനം പിടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അർജന്റീന ഫാൻസ്‌ കേരള ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു സൈറ്റിൽ വന്നത്.

ക്രിക്കറ്റിന് പ്രാധാന്യമുള്ള ഇന്ത്യയിൽ നിന്നും കേരളത്തിന്റെ ഫുട്ബോൾ പ്രേമത്തെ കുറിച്ചും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. കേരളത്തിലെ ജനപ്രിയ ഫുട്ബോൾ ടീമുകളായി ​ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സുമുണ്ടെന്ന് പറയുന്ന റിപ്പോർട്ടിൽ, അർജന്റീനയുടെ കോപ്പ കിരീടം നാടാകെ ആഘോഷമാക്കിയതും സൂചിപ്പിച്ചു. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്കായി ചാരിറ്റി പ്രവർത്തനങ്ങളുമായി ഫുട്ബോൾ ആരാധകർ സജീവമായതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News