ഗബ്രിയേൽ ഗോളിൽ ആർസനലിന് ജയം; ഇഞ്ചുറി ടൈമിലാണ് വിജയ ഗോൾ
ന്യുകാസിൽ: പ്രീമിയർ ലീഗിൽ അവസാന മിനിറ്റുകളിൽ രണ്ട് ഗോളുകൾ നേടി ന്യുകാസിലിനെതിരെ തിരിച്ചുവരവ് നടത്തി ആർസനൽ (2-1). ആദ്യ പകുതിയിൽ പുതിയ സൈനിങ് നിക് വോൾട്ടമാടെയിലൂടെ (34') ന്യുകാസിലാണ് മുന്നിലെത്തിയത്. മിക്കെൽ മെറിനോയും (84') ഗബ്രിയേലുമാണ് (90+6') ഗണ്ണേഴ്‌സിന്റെ ഗോളുകൾ നേടിയത്.
സെന്റ് ജയിൻസസ് പാർക്കിൽ നടന്ന മത്സരത്തിൽ സ്‌ട്രൈക്കർ നിക് വോൾട്ടമാടയിലൂടെ ന്യുകാസിൽ മുന്നിലെത്തി. പ്രതിരോധത്തിൽ ഊന്നി കളിച്ച ന്യുകാസിലിനു പക്ഷെ അവസാന നിമിഷങ്ങളിൽ കാലിടറി. ഡെക്ലാൻ റൈസിന്റെ ക്രോസിൽ തല വെച്ച് മിക്കൽ മെറിനോ ആർസനലിന് സമനില ഗോൾ നേടി. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്കിൽ നിന്ന് ഗോൾ നേടി ഡിഫൻഡർ ഗബ്രിയേൽ ഗണ്ണേഴ്‌സിന് വിജയം സമ്മാനിച്ചു.
ആർസനലിന്റെ അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ ഒളിമ്പ്യാകോസിനെതിരെയാണ്. ഈ വിജയത്തോടെ 13 പോയിന്റുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഗണ്ണേഴ്‌സ് ഉയർന്നു.