ബാഴ്‌സയെ പൂട്ടി വയ്യക്കാനോ; ലാലിഗയിൽ വീണ്ടും വാർ വിവാദം
മാഡ്രിഡ്: ബാഴ്‌സലോണയ്ക്ക് റയോ വയ്യക്കാനോയുടെ പൂട്ട്. വയ്യക്കാസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1-1നാണ് മത്സരം സമനിലയായത്. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റ് മുതല്‍ തന്നെ ബാഴ്‌സ ആക്രമിച്ചു കളിച്ചു. വയ്യക്കാനോ ഗോള്‍മുഖത്ത് പലപ്പോഴും ഫ്‌ളിക്കിന്റെ പട പരീക്ഷണങ്ങള്‍ നടത്തി. വൈകാതെ ബാഴ്‌സക്ക് ഒരു സുവര്‍ണാവസരം കൈവന്നു. എതിര്‍താരങ്ങളെ മറികടന്ന് വലതുവിങ്ങിലൂടെ മുന്നേറുന്നതിനിടെ, ബോക്‌സില്‍ വയ്യക്കാനോ ലെഫ്റ്റ് ബാക്ക് പെപ് ചവാരിയാ ബാഴ്‌സ യുവതാരം ലമീൻ യമാലിനെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത യമാലിന് പിഴച്ചില്ല. വലതുഭാഗത്തേക്ക് ഉയര്‍ന്നുചാടിയ വയ്യെക്കാനോയുടെ അര്‍ജന്റീനിയന്‍ ഗോള്‍കീപ്പര്‍ അഗസ്റ്റോ ബറ്റല്ലോക്ക് പിഴച്ചു. യമാല്‍ ഇടതുഭാഗത്തേക്ക് ഇടങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് വയ്യക്കാനോ വലകുലുക്കി. സ്‌കോര്‍ബോര്‍ഡില്‍ ബാഴ്‌സ ഒരു ഗോളിന് മുന്നിലായി.
ഒരു ഗോളിന് പിന്നിലായതോടെ ഉണര്‍ന്ന് കളിച്ച വയ്യക്കാനോ താരങ്ങള്‍ ബാഴ്‌സ ഹാഫില്‍ നിരന്തരം മുന്നേറ്റങ്ങള്‍ നടത്തി. പലപ്പോഴും ഗോള്‍കീപ്പര്‍ ജോണ്‍ ഗാര്‍സിയ ബാഴ്‌സയുടെ രക്ഷകനായി. എന്നാല്‍, 67ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് ലഭിച്ച അവസരം വയ്യക്കാനോ മുതലെടുത്തു. ഫ്രാന്‍ പെരസിന്റെ ഷോട്ട് ജോണ്‍ ഗാര്‍സിയയെ കാഴ്ചക്കാരനാക്കി ബാഴ്‌സയുടെ വലകുലുക്കി. ഇതോടെ വയ്യക്കാനോ മത്സരം ഒപ്പമെത്തിച്ചു. പിന്നീട് ഇരുടീമുകളുടെയും ആക്രമണങ്ങള്‍ തുടര്‍ന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. കഴിഞ്ഞ കളിയില്‍ ലെവന്റെക്കെതിരെ ഇറങ്ങിയ 4-2-3-1 ഫോര്‍മേഷനില്‍ തന്നെയാണ് ബാഴ്‌സ കളത്തിലെത്തിയത്.
റാഷ്‌ഫോഡും കസാഡോയും അറാഹോയും കുബാര്‍സിയും പുറത്തിരുന്നപ്പോള്‍ ഡാനി ഒല്‍മോയും ഡിയോങ്ങും എറിക് ഗാര്‍സിയയും ക്രിസ്റ്റിയന്‍സണും ആദ്യ ഇലവനില്‍ ഇറങ്ങി. ബാഴ്‌സ ഗോള്‍പോസ്റ്റിലേക്ക് വയ്യക്കാനോ ഒരു ഡസനോളം ഷോട്ടുകള്‍ ഉതിര്‍ത്തതില്‍ ആറെണ്ണവും ഓണ്‍ ടാര്‍ഗറ്റായിരുന്നു. അത്രതന്നെ ഷോട്ടുകള്‍ ബാഴ്‌സ അടിച്ചെങ്കിലും മൂന്നെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റായത്. മൂന്നുകളികളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ലാ ലിഗയില്‍ നാലാമതാണ് ബാഴ്‌സലോണ. ഓരോ ജയവും സമനിലയും തോല്‍വിയും കൊണ്ട് പത്താംസ്ഥാനത്താണ് വയ്യക്കാനോ. ഈ മാസം 14-ന് വലന്‍സിയക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. പെനാല്‍റ്റി വിധിച്ച റഫറിയുടെ തീരുമാനത്തിനെതിരെ വയ്യക്കാനോ താരങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം ഫസ്റ്റ് ഹാഫ് വരെ വാര്‍ പ്രവര്‍ത്തനരഹിതമായത് ബാഴ്‌സയെ തുണച്ചെന്നാണ് ആക്ഷേപങ്ങള്‍ ഉയരുന്നത്.