പണം ചൊരിഞ്ഞ് ന്യൂകാസിൽ, പക്ഷേ യുനൈറ്റഡിനെ മതിയെന്ന് ഷെസ്കോ; അറിയാം, ചുവന്ന ചെകുത്താൻമാരുടെ പുതിയ പ്രതീക്ഷയെ
മാഞ്ചസ്റ്റർ: ബെഞ്ചമിൻ സെസ്കോ, ട്രാൻസ്ഫർ മാർക്കറ്റിൽ ഈ സ്ളൊവേനിയക്കാരന്റെ പേര് കിടന്ന് കളിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സാൽസ്ബോർഗിനും ലെപ്സിഗിനും ഗോളടിച്ചുകൂട്ടിയിരുന്ന ഈ ആറടി ഉയരക്കാൻ ഓൾഡ് ട്രാഫോഡിലെത്തി എന്നതാണ് പുതിയ വാർത്ത. 85 മില്യൺ യൂറോയാണ് ഷെസ്കോക്ക് യുനൈറ്റഡ് നൽകുന്നത്.
ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ല, പല താരങ്ങളുടെയും മരണക്കളം എന്നീ ദുഷ്പേരുകളൊക്കെ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇപ്പോൾ ഉണ്ട്. ഇതൊക്കെപ്പറഞ്ഞ് പലരും യുനൈറ്റഡിന്റെ ഓഫറുകൾ നിരസിച്ചിട്ടുമുണ്ട്. പക്ഷേ ഷെസ്കോ അങ്ങനെയല്ല. മാഞ്ചസ്റ്റർ യുൈനറ്റഡ് എന്നാൽ എന്താണെന്നും അവരുടെ ലെഗസിയെന്താണെന്നും സെസ്കോക്ക് അറിയാം. പുത്തൻപണക്കാരായ ന്യൂകാസിൽ യുനൈറ്റഡ് വലിയ ഓഫർ വെക്കുകയും താരത്തിന്റെ ക്ലബായ ആർ.ബി ലെപ്സിഗ് അത് സ്വീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ തനിക്ക് യുനൈറ്റഡ് മതിയെന്ന് ഷെസ്കോ തീർത്തുപറയുകയായിരുന്നു.
മത്തേവൂസ് കുന്യയും ബ്രയാൻ എംബ്യൂമോയും..യുനൈറ്റഡ് ഈ വിൻഡോയിൽ നടത്തിയ രണ്ട് ട്രാൻസ്ഫറുകളാണിത്. ആരാധകർക്ക് പൂർണ സംതൃപ്തി നൽകിയ രണ്ട് ട്രാൻസ്ഫറുകൾ. പ്രീമിയർ ലീഗിൽ ഇതിനോടകം സ്വയം തെളിയിച്ചവരാണ് ഇരുവരും. ഇവരുടെ കൂടേച്ചേർക്കാൻ മൂർച്ചയുള്ള ഒരാൾ കൂടി വേണം. അതിന് റൂബൻ അമോറിം തേടുന്ന പുതിയ ഉത്തരമാണ് ബെഞ്ചമിൻ ഷെസ്കോ.
ആരാണീ ഷെസ്കോ.. എന്തുകൊണ്ടാണ് അവനെ യുനൈറ്റഡിന് വേണ്ടത്. ഫുട്ബോൾ ഭൂപടത്തിൽ നാമധികം കേൾക്കാത്ത സ്ളൊവേനിയയിൽ നിന്നും വരുന്നവൻ. ജനനം 2003 മെയ് 31. നാട്ടിലെ ക്ലബുകൾക്കായി കളിച്ച ശേഷം 16ാം വയസ്സിൽ ഓസ്ട്രിയയിലെ പ്രീമിയം ടീമായ സാൽസ്ബേർഗിൽ. അവരുടെ ലോവർഡിവിഷൻ ക്ലബിനായി നടത്തിയ മിന്നും പ്രകടനങ്ങൾ അയാളെ ശ്രദ്ധേയനാക്കി. വൈകാതെ 2022 ഓഗസ്റ്റിൽ ജർമനിയിലെ ലെപ്സിഗിൽ.
1.95 സെന്റീമീറ്റർ. അഥവാ ആറടി അഞ്ചിഞ്ചാണ് അയാളുടെ ഉയരം. എക്സലന്റ് ഏരിയൽ ബോൾ എബിലിറ്റിയാണ് അയാളുടെ കരുത്ത്. സെറ്റ് പീസുകളും ക്രോസുകളും പിടിച്ചെടുക്കാനുള്ള പാടവം അയാളെ ഹോട്ട് ചോയ്സാക്കുന്നു. ഉയരമുണ്ടെങ്കിലും പേസിന് ഒട്ടും കുറവില്ല. ബുണ്ടസ് ലീഗയിലെ ഫാസ്റ്റസ്റ്റ് സ്ട്രൈക്കർമാരിൽ ഒരാളായ അദ്ദേഹം മണിക്കൂറിൽ 35.7 km വരെ ഓടാൻ പ്രാപ്തിയുള്ളയാളാണ്. ടാപ്പ് ഇൻ ഗോളുകൾക്ക് ഷെസ്കോ വേണ്ടിവന്നാൽ ലോങ് റേഞ്ചറുമടിക്കും. വലതു കാൽ തന്നെയാണ് പ്രധാന ടൂൾ. ഹെഡറിലും സ്ട്രോങ്. ഇടതുകാലുകൊണ്ടും ഗോളടിക്കാനാകും. ഒരുതരത്തിൽ പറഞ്ഞാൽ മറ്റൊരു എർലിങ് ഹാളണ്ടാകാനുള്ള എല്ലാ എബിലിറ്റിയും ഒത്തുചേർന്നവൻ.
സത്യത്തിൽ സീസണിന് മുന്നോടിയായി യുനൈറ്റഡ് നോക്കിയിരുന്നത് വിക്ടർ യോക്കരസിനെയും ആർസനൽ നോക്കിയത് സെസ്കോയെുമായിരുന്നു. കാരണം അമോറിമിന് കൂടുതൽ പരിചയവും കളിശൈലിയോട് ചേരുന്നതും യോക്കരസാണ്. ആർസനൽ കോച്ച് മികേൽ അർടേറ്റക്ക് തിരിച്ചും. പക്ഷേ കാര്യങ്ങൾ നേർ വിപരീതമായാണ് സംഭവിച്ചത്. യോക്കരസ് യുനൈറ്റഡിനെ നിരസിച്ചപ്പോൾ സെസ്കോ ന്യൂകാസിലിനെ വേണ്ടെന്ന് പറഞ്ഞ് യുനൈറ്റഡിനെ തെരഞ്ഞെടുത്തു.
വരും സീസണിലും മത്സരിക്കാൻ തങ്ങളുണ്ടാകുമെന്ന ശക്തമായ സൂചനതന്നെയാണ് യുനൈറ്റഡ് നൽകുന്നത്. സീസണിന് മുന്നോടിയായി സമ്മർ സീരീസ് നേടി യുനൈറ്റഡ് ശക്തി കാണിച്ചിട്ടുണ്ട്. ഒരു 20 വർഷമെങ്കിലും ഈ മണ്ണിലുണ്ടാകണമെന്നാണ് ആഗ്രഹമെന്നാണ് റൂബൻ അമോറിം പറയുന്നത്. കാത്തിരിക്കാം.