ബ്രണ്ണൻ ജോൺസൺ ക്രിസ്റ്റൽ പാലസിലേക്ക്; ലിവർപൂളിന് പുതിയ ഡിഫൻഡർ?
ലണ്ടൻ: ട്രാൻസ്ഫർ വിൻഡോ തുറന്നതും താര കൈമാറ്റങ്ങൾ യൂറോപ്പിലെ പല ഭാഗത്തും തുടങ്ങി കഴിഞ്ഞിരിക്കുന്നു. വെൽഷ് മുന്നേറ്റ നിര താരം ബ്രണ്ണൻ ജോൺസൺ ഇനിമുതൽ ക്രിസ്റ്റൽ പാലസിനായി ബൂട്ടുകെട്ടും. 425 കോടിക്കാണ് ടോട്ടനത്തിൽ നിന്ന് താരത്തെ സ്വന്തമാക്കാൻ ഈഗിൾസ് ചെലവാക്കിയത്. മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെയുള്ള യുറോപ്പ ലീഗ് ഫൈനലിൽ ടോട്ടനത്തിനായി വിജയ ഗോൾ നേടിയത് ബ്രണ്ണൻ ജോൺസനാണ്. പുതിയ പരിശീലകൻ തോമസ് ഫ്രാങ്കിന്റെ കീഴിൽ പരിമിത അവസരങ്ങൾ മാത്രമാണ് ജോൺസണ് ലഭിച്ചുകൊണ്ടിരുന്നത്. നിലവിലെ സീസണിൽ 22 മത്സരങ്ങളിൽ അവസരം ലഭിച്ച താരം വെറും നാല് ഗോളുകൾ മാത്രമാണ് അടിച്ചത്. 18 ഗോളുകളുമായി കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ ടോപ് സ്കോററായിരുന്നു.
ജർമൻ സ്‌ട്രൈക്കർ നിക്‌ളാസ് ഫുൾക്രുഗിനെ ടീമിലെത്തിച്ച് എസി മിലാൻ. ലോണിലാണ് താരത്തെ മിലാൻ ടീമിലെത്തിച്ചിരിക്കുന്നത്. 2024 യൂറോ കപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ജർമൻ സ്‌ട്രൈക്കർ വെസ്റ്റ് ഹാമിലെത്തിയത്. തുടർച്ചയായി പരിക്കുകൾ മൂലം കളത്തിന് പുറത്ത് സമയം ചെലവിടേണ്ടി വന്ന താരം 26 മത്സരങ്ങളിൽ മൂന്ന് ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
യുവ ഓസ്ട്രിയൻ പ്രതിരോധനിര താരത്തെ സ്വന്തം തട്ടകത്തിലെത്തിച്ച് ലിവർപൂൾ. 17 വയസ്സുകാരൻ ഇൽഫെയാനി എൻഡ്യൂക്‌വേയാണ് 2026 ജൂണിൽ ആൻഫീൽഡിലെത്തുക. നിലവിൽ ഓസ്ട്രിയൻ ബുണ്ടസ്ലീഗ ക്ലബ് ഓസ്ട്രിയ വിയെന്നകായാണ് കൗമാര താരം കളിക്കുന്നത്. ആറടി നാലിഞ്ചുയരമുള്ള താരത്തെ ലിവർപൂൾ സ്വന്തമാക്കിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായി ക്ലബ് ഇതുവരെ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.