ചെൽസിക്ക് ബ്രെൻഡ്ഫോർഡിന്റെ സമനില പൂട്ട്; ഗോൾ വഴങ്ങിയത് ഇഞ്ചുറി ടൈമിൽ
ലണ്ടൻ: പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസിയെ ബ്രെൻഡ്ഫോർഡ് സമനിലയിൽ തളച്ചു. ഫാബിയോ കാർവാലോ നേടിയ ഇഞ്ചുറി ടൈം ഗോളിലാണ് ബ്രെൻഡ്ഫോർഡ് സമനില പിടിച്ചത്. ആദ്യ പകുതിയിൽ കെവിൻ ഷാഡെ (35') നേടിയ ഗോളിൽ ആതിഥേയരായ ബ്രെൻഡ്ഫോർഡാണ് മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ സൂപ്പർ താരം കോൾ പാൽമാർ (61') നേടിയ ഗോളിൽ ചെൽസി സമനില പിടിച്ചു. തുടർന്ന് മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കി നിൽക്കേ മോയ്‌സിസ് കൈസെഡോയിലൂടെ ബ്ലൂസ് മുന്നിലെത്തി. എന്നാൽ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ പകരകനായി വന്ന ഫാബിയോ കാർവാലോ നേടിയ ഗോളിൽ ആതിഥേയർ സമനില പിടിച്ചു. ഈ സമനിലയോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം ചെൽസിക്ക് നഷ്ടമായി.
ബ്രെൻഡ്ഫോർഡിന്റെ ജി ടെക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജോർദാൻ ജോർദാൻ ഹെൻഡേഴ്‌സൺ നീട്ടി നൽകിയ പന്ത് ഓടിയെടുത്ത ഷാടെ ആതിഥേയർക്കായി ഗോൾ നേടി. ആദ്യ പകുതി പിരിയുമ്പോൾ ബ്രെൻഡ്ഫോർഡ് ഒരു ഗോളിന് മുന്നിലായിരുന്നു. എന്നാൽ 56ാം മിനിറ്റിൽ കോൾ പാൽമർ പകരക്കാരനായി വന്നതോടെ കാളി ചെൽസിയുടെ വാരിധിയിലായി. മിനിറ്റുകൾക്കകം പാൽമർ ചെൽസിക്കായി സമനില ഗോൾ നേടി. പിന്നീട് 85ാം മിനിറ്റിൽ മധ്യനിര താരം മോയ്‌സിസ് കൈസെഡോ നേടിയ ഗോളിൽ ചെൽസി ലീഡ് നേടി. ബോക്സിന്റെ പുറത്തുനിന്നുള്ള നൈജീരിയൻ താരത്തിന്റെ ഷോട്ട് ബ്രെൻഡ്ഫോർഡ് ഗോൾകീപ്പർ കെല്ലഹറിനെ മറികടന്ന് ഗോളിലെത്തി. എന്നാൽ ഇഞ്ചുറി ടൈമിൽ ഫാബിയോ കാർവാലോയിലൂടെ ബ്രെൻഡ്ഫോർഡ് ചെൽസിയെ സമനിലയിൽ തളച്ചു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ലണ്ടൻ വൈരികളായ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി. പാപ്പെ മറ്റേ സാർ (47), ലൂക്കാസ് ബെർഗ്‌വാൽ (57), മിക്കി വാൻ ഡെ വൻ (64) എന്നിവരാണ് സ്‌പേഴ്‌സിനായി ഗോൾ നേടിയത്.