ഹോംഗ്രൗണ്ടിൽ സമൂഹനോമ്പുതുറ സംഘടിപ്പിച്ച് ചെൽസി

ക്ലബിന്‍റെ ചാരിറ്റി വിഭാഗമായ ചെൽസി ഫൗണ്ടേഷൻ, ബ്രിട്ടീഷ് ചാരിറ്റി സംഘമായ റമദാൻ ടെന്‍റ് പ്രോജക്ട് എന്നിവയുമായി ചേർന്നായിരുന്നു ഇഫ്താർ പരിപാടി നടന്നത്

Update: 2023-03-27 10:32 GMT
Editor : Shaheer | By : Web Desk

ചെല്‍സി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ

Advertising

ലണ്ടൻ: ക്ലബ് ചരിത്രത്തിലാദ്യമായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തന്മാരാ ചെൽസി. ഇന്നലെ ഹോംഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിജിലായിരുന്നു നൂറുകണക്കിനു പേര്‍ക്ക് ക്ലബ് ഇഫ്താർ വിരുന്നൊരുക്കിയത്. വെസ്റ്റ് ലണ്ടനിലായിരുന്നു പരിപാടി.

ക്ലബിന്റെ ചാരിറ്റി വിഭാഗമായ ചെൽസി ഫൗണ്ടേഷൻ, ബ്രിട്ടീഷ് ചാരിറ്റി സംഘമായ റമദാൻ ടെന്റ് പ്രോജക്ട് എന്നിവയുമായി ചേർന്നായിരുന്നു നോമ്പുതുറ സംഘടിപ്പിച്ചത്. ഇതാദ്യമായാണ് അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ഒരു ഫുട്‌ബോൾ ക്ലബ് ഇഫ്താർ പരിപാടി ഒരുക്കുന്നത്. ഒരു പ്രീമിയർ ലീഗ് സ്റ്റേഡിയം ഇതിന് വേദിയാകുന്നതും ആദ്യമായാകും.

ദക്ഷിണ ലണ്ടനിലെ ബാറ്റർസീ മസ്ജിദിലെ ഇമാം സഫ്‌വാൻ ഹുസൈന്റെ ഉത്‌ബോധനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ചെൽസി ഫൗണ്ടേഷൻ തലവൻ സിമോൺ ടൈലർ, ഫൗണ്ടേഷൻ ബോർഡ് ഡയരക്ടർ ഡാനിയൽ ഫിങ്കൽസ്റ്റൈൻ, സാമൂഹികസേവനരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇസ്‌ലാമിക് റിലീഫിന്റെ യു.കെ ഡയരക്ടർ തുഫൈൽ ഹുസൈൻ, റമദാൻ ടെന്റ് ഉപദേശക സമിതി അംഗം ദൗഷാൻ ഹംസ, ചെൽസിയുടെ കറുത്തവംശജനായ ആദ്യതാരം പോൾ കനോവിൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

നേരത്തെ ക്ലബ് ഭാരവാഹികൾ, ആരാധകർ, സ്‌കൂൾ വിദ്യാർത്ഥികൾ, പ്രാദേശിക പള്ളി ഭാരവാഹികൾ, ചെൽസിയുടെ മുസ്ലിം കൂട്ടായ്മയിലെ അംഗങ്ങൾ എന്നിവരെ ഇഫ്താറിലേക്ക് ക്ഷണിച്ച് ചെൽസി പ്രസ്താവന പുറത്തിറക്കിയിരുന്നു. നോമ്പുതുറയ്ക്കുശേഷം സ്റ്റേഡിയത്തിൽ സമൂഹനമസ്‌കാരവും നടന്നു.

ജനങ്ങളെ ഒന്നിച്ചുനിർത്തുകയും ആളുകൾക്ക് വിശുദ്ധമാസത്തെക്കുറിച്ച് കൂടുതൽ അവബോധം നൽകുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് റമദാൻ ടെന്റ് പ്രോജക്ട് സ്ഥാപകൻ ഒമർ സൽഹ പറഞ്ഞു. ഫുട്‌ബോൾ ജനങ്ങളെ ഒന്നിക്കുന്നു. റമദാനും ഇതു തന്നെയാണ് ചെയ്യുന്നത്. സമൂഹനോമ്പുതുറകൾ വഴി അപരിചിതർ സുഹൃത്തുക്കളായി മാറുന്നു. വ്യത്യസ്ത പ്രായക്കാരും മതക്കാരും തമ്മിലുള്ള സംഗമവേദി കൂടിയാകുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലബിന്റെ 'നോ ടു ഹേറ്റ്' കാംപയിനിന്റെ ഭാഗമായാണ് റദമാൻ നോമ്പുതുറ ഒരുക്കിയതെന്ന് ചെൽസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചൂണ്ടിക്കാട്ടി. ക്ലബിനകത്തും പുറത്തും ഫുട്‌ബോൾ ലോകത്തും വിവേചനവും വിദ്വേഷവും ഇല്ലാതാക്കുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കാംപയിനാണ് 'നോ ടു ഹേറ്റ്'. മതസൗഹാർദം വളർത്തൽ കാംപയിനിന്റെ പ്രധാന ലക്ഷ്യമാണെന്നും മറ്റു സമുദായക്കാരുടെ ആഘോഷവേളകളിലും ഇത്തരത്തിലുള്ള പരിപാടികളുണ്ടാകുമെന്നും കുറിപ്പിൽ പറഞ്ഞു.

Summary: English Premier League club Chelsea hosted open Iftar, a community event during Ramadan in the UK, at their home ground Stamford Bridge

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News