മയാമിയോട് മയമില്ലാതെ പിഎസ്ജി; നാല് ഗോൾ ജയവുമായി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

തോൽവിയോടെ മെസ്സിപ്പട ടൂർണമെന്റിൽ നിന്ന് പുറത്തായി

Update: 2025-06-29 18:34 GMT
Editor : Sharafudheen TK | By : Sports Desk

മയാമി: എതിരില്ലാത്ത നാല് ഗോളിന് ലയണൽ മെസ്സിയുടെ സംഘത്തെ തോൽപിച്ച് പിഎസ്ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. ഇന്റർമയാമിക്കെതിരെ ആദ്യ പകുതിയിലാണ് ഫ്രഞ്ച് ക്ലബ് നാല് ഗോളുകളും നേടിയത്. ജാവോ നെവസ് ഇരട്ട ഗോളുമായി(6,39) തിളങ്ങി. അഷ്‌റഫ് ഹകീമി(45+3)യും ലക്ഷ്യംകണ്ടു. മയാമിയുടെ പ്രതിരോധ താരം സെൽഫ് ഗോളും(44)വഴങ്ങി.

  ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിക്കെതിരെ ആദ്യ പകുതിയിൽ തീർത്തും നിറംമങ്ങിയെങ്കിലും മയാമി രണ്ടാം പകുതിയിൽ ശക്തമായ ചെറുത്ത് നിൽപ്പാണ് നടത്തിയത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ മയാമിയെ ഞെട്ടിച്ച് പിഎസ്ജി ആദ്യ ഗോൾനേടി. തകർപ്പൻ ഹെഡ്ഡറിലൂടെയാണ് പോർച്ചുഗീസ് താരം നെവസ് വലകുലുക്കിയത്. തുടർന്ന് ബാർകോളയും ഡുവോയും ചേർന്ന് മയാമി ബോക്‌സിലേക്ക് ഇരമ്പിയെത്തിയതോടെ മേജർ ലീഗ് സോക്കർ ടീം പലപ്പോഴും പാടുപെട്ടു.

ആദ്യ പകുതിയിൽ നിന്ന് പാഠമുൾക്കൊണ്ടാണ് മയാമി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയത്. പിഎസ്ജി ആക്രമണത്തിനെതിരെ കൗണ്ടർ അറ്റാക്കിലൂടെ ലയണൽ മെസ്സിയും ലൂയി സുവാരസും എതിർബോക്‌സിലേക്ക് കുതിച്ചെത്തി. എന്നാൽ ഫിനിഷിങിലെ പോരായ്മകൾ മയാമിക്ക് തിരിച്ചടിയായി. അവസാന മിനിറ്റുകളിൽ മെസ്സിയുടെ ഹെഡ്ഡർ ശ്രമം ഡോണറൂമ കൈപിടിയിലൊതുക്കിയതോടെ ആതിഥേയരുടെ പോരാട്ടം അവസാനിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News