ഉജ്വല ഫ്രീകിക്ക് ഗോളിലൂടെ ക്രിസ്റ്റ്യാനോ; അൽ നസ്ർ മുന്നോട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ഗോളിലൂടെയാണ് അൽ നസ്ർ വിജയമുറപ്പിച്ചത്‌

Update: 2023-10-22 05:06 GMT
Editor : rishad | By : Web Desk

റിയാദ്: സൗദി പ്രോ ലീഗിൽ അൽ നസ്റും ദമാക് എഫ്.സിയും തമ്മിലുള്ള മത്സരത്തിൽ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 25 വാര അകലെ നിന്ന് തൊടുത്ത ഗോൾ പ്രതിരോധ മതിലിന് മുകളിലൂടെ സഞ്ചരിച്ച് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയിലെത്തുകയായിരുന്നു. ഇതോടെ ദമാക്കയ്ക്കെതിരെ മികച്ച വിജയം(2-1) അല്‍ നസ്ര്‍ സ്വന്തമാക്കുകയും ചെയ്തു. 

ഏഴ് മാസത്തിനടുത്ത ഇടവേളയ്ക്ക് ശേഷമായിരുന്നു ക്രിസ്റ്റ്യാനോയുടെ ബൂട്ടിൽ നിന്ന് ഒരു ഫ്രീ കിക്ക്‌ ഗോൾ പിറന്നത്. കൃത്യമായി പറഞ്ഞാൽ 2023 മാർച്ച് ഇരുപത്തിനാലാം തീയതിയായിരുന്നു ഇതിന് മുൻപ് ക്രിസ്റ്റ്യാനോയിൽ നിന്ന് ഫ്രീ കിക്ക് ഗോൾ വന്നത്. പോർച്ചുഗീസ് ദേശീയ ടീമിന് വേണ്ടി കളിക്കവെ ലിച്റ്റെൻസ്റ്റീനെതിരെയായിരുന്നു ഇത്. 

Advertising
Advertising

മത്സരത്തിന്റെ ആദ്യ പകുതിയിൽ ദമാക് എഫ്സിയാണ് ലീഡെടുത്തത്. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് ഏഴ് മിനിറ്റിൽ സൂപ്പർ താരം ടലിസ്ക അൽ നസ് റിനെ കളിയിൽ ഒപ്പമെത്തിച്ചു‌. ഇതിന് നാല് മിനിറ്റുകൾക്ക് ശേഷം കളിയുടെ അൻപത്തിയാറാം മിനിറ്റിലായിരുന്നു അൽ നസറിന്റെ ജയമുറപ്പിച്ച ക്രിസ്റ്റ്യാനോയുടെ ഗോൾ പിറന്നത്.

ജയത്തോടെ പത്ത് മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായ അൽ നസ്ർ പ്രോ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 26 പോയിന്റുമായ അൽ ഹിലാലാണ് പട്ടികയിൽ ഒന്നാമത്. അൽ താവോൺ എഫ്.സി 23 പോയിന്റുമായി രണ്ടാമതാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News