നിരാശരെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണച്ച് ആരാധകർ

മുമ്പെങ്ങുമില്ലാതെ ഒത്തിണക്കത്തോടെ കളിച്ച ഈ ടീം സമീപ ഭാവിയിൽ തന്നെ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടേക്കാം.

Update: 2022-03-21 01:27 GMT
Editor : rishad | By : Web Desk
Advertising

ഫൈനലിൽ തോറ്റെങ്കിലും ആരാധകരെ വീണ്ടെടുത്തു എന്ന വലിയ വിജയം കുറിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ മടങ്ങുന്നത്. ഇടക്കാലത്ത് ടീമിനെ കൈവിട്ട മഞ്ഞപ്പട ഇനിയും ഗ്യാലറി നിറക്കുന്ന തലത്തിലേക്ക് ബ്ലാസ്റ്റേഴ്സ് ഒരു വിജയസംഘമായി മാറി. മുമ്പെങ്ങുമില്ലാതെ ഒത്തിണക്കത്തോടെ കളിച്ച ഈ ടീം സമീപ ഭാവിയിൽ തന്നെ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടേക്കാം. 

കേരളത്തിന്റെ ആകാശത്ത് മഞ്ഞക്കണിക്കൊന്നകൾ പൂത്തുതുടങ്ങിയ കാലമാണ്. അതിന് താഴെ ഭൂമിയിൽ മഞ്ഞക്കടലോളങ്ങളിൽ നീരാടേണ്ടവരായിരുന്നുനമ്മൾ. പക്ഷേ തോറ്റുപോയി. എങ്കിലും പ്രിയപ്പെട്ട വുകുമാനോവിച്ച്, നിങ്ങളെയും ടീമിനെയും കൈവിട്ടുകളയാനൊരുക്കമല്ല ഞങ്ങൾ ആരാധകർ. പൊരുതിയാണ് കീഴടങ്ങിയത്. നിർഭാഗ്യമാണ് പെയ്തിറങ്ങിയത്. 

ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫൈനൽ കളിച്ചു ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ ഏറ്റവും പിന്നിലായിപ്പോയ സംഘം. ഒട്ടും പ്രതീക്ഷ ഇല്ലാതിരുന്നിടത്ത് നിന്നായിരുന്നു ഇത്തവണ തുടക്കം. ആദ്യ കളിയിൽ തന്നെ തോറ്റു. അവിടെ നിന്നും ഒരു സീസണിലെ ഏറ്റവും കൂടുതൽ ജയത്തിന്റെ എണ്ണപ്പെരുക്കത്തിലേക്ക് ബ്ലാസ്റ്റേഴ്സ് വഴിവെട്ടി. മുൻ സീസണുകളിൽ ഗോൾ വാങ്ങിക്കൂട്ടി എങ്കിൽ ഇത്തവണ തുടരെ ഗോളടിച്ചു ആരാധകരെ ആനന്ദിപ്പിച്ചു. സഹലെന്ന താരം പ്രതിഭയോട് നീതിപുലർത്തുന്ന തലത്തിലേക്ക്. യൂറോപ്യൻ ഫുട്ബോളിൽ കണ്ടുകൊതിച്ച അതിവേഗവും വൺടച്ചുകളും ബ്ലാസ്റ്റേഴ്സും കളിച്ചു. സ്വന്തം പകുതിയിൽ നിന്ന് എതിർവല കുലുക്കിയ അത്ഭുത ഗോളുകൾ പിറന്നു. 

അസാധ്യ ആംഗിളുകളിൽ നിന്നുള്ള സെറ്റ്പീസ് ഗോളുകൾ കണ്ടു. എന്തുസംഭവിച്ചെന്ന് എതിരാളി മനസ്സിലാക്കും മുൻപ് പന്ത് റാഞ്ചുന്ന പ്രതിരോധ മികവ് കണ്ടു. ഒരു ചാമ്പ്യന്‍ സംഘം രൂപപ്പെടുന്നത്  ഒരു പ്രക്രിയയാണ്.. ബ്ലാസ്റ്റേഴ്സ് അതിന്റെ ഉരുവപ്പെടലുകളിലാണ്. ഒന്നും പ്രതീക്ഷിക്കാത്തിടത്ത് നിന്നും കിരീടം മോഹിപ്പിച്ച നിലയിലേക്ക് ആരാധകരെ തള്ളിയിട്ട ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോവയിൽ നിന്ന് മടങ്ങുന്നത്. ടീമിനെ ഇതിനകം ചാമ്പ്യന്‍ സംഘമാക്കി മാറ്റിയ മാജിക് മാത്രം മതി മഞ്ഞയിൽ ഇനിയും നീരാടുവാൻ.

ഈ പരിശീലകനും താരങ്ങളും നെഞ്ചിൽ പതിച്ച ബ്ലാസ്റ്റേഴ്സ് എന്ന പേരിലേക്ക് അത്രമേൽ ഇഴചേർത്തുകഴിഞ്ഞു. ടീമിൽ തുടരുമെന്നുള്ള അവരുടെ പ്രഖ്യാപനം മാത്രം മതി ആരാധകരെ ഉത്തേജിപ്പിക്കാൻ. തോൽവികൾ ജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന്  നാളെകൾ ബോധ്യപ്പെടുത്തും. ഈ സംഘം പ്രതീക്ഷകളുടേതാണ്. ഇന്ന് ഞങ്ങൾ കരഞ്ഞെങ്കിൽ നാളെ ചിരികളുടേതാണെന്നുറപ്പുണ്ട്. കമോണ്‍ ബ്ലാസ്റ്റേഴ്സ്. നിങ്ങൾക്ക് മുന്നിൽ മഞ്ഞപുതച്ച വഴികളുണ്ട്, കൈവിടാത്ത ആരാധകരുണ്ട്.. അടുത്തവർഷം കൊച്ചിയിലെ മഞ്ഞക്കടലിൽ  നിങ്ങൾ കപ്പുയർത്തുന്ന നിമിഷം സ്വപ്നം കണ്ടുകൊണ്ട് നിർത്തുന്നു. നന്ദി, ഈ സീസണിലെ സുന്ദര മുഹൂർത്തങ്ങൾക്ക്..

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News