കൈകൊടുത്ത് യുണൈറ്റഡും ലിവർപൂളും; ആഴ്‌സനൽ ഒന്നാം സ്ഥാനത്ത്

ചുവന്നചെകുത്താൻമാർക്കെതിരെ കളിയിലുടനീളം മികച്ചുനിന്നത് ചെമ്പടയായിരുന്നു. 28 തവണയാണ് ലിവർപൂൾ യുണൈറ്റഡിനെതിരെ ഷോട്ടുതിർത്തത്.

Update: 2024-04-07 17:37 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: പ്രീമിയർലീഗ് സൺഡേ ത്രില്ലറിൽ ലിവർപൂളിനെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ടൈറ്റിൽ പോരാട്ടത്തിൽ മുന്നിലെത്താൻ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ചെമ്പട ആദ്യ പകുതിയിൽ ഒരുഗോളിന് മുന്നിൽ നിന്ന ശേഷമാണ് (2-2) കൈകൊടുത്ത് പിരിഞ്ഞത്. യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസും (50), കോബി മൈനുവും (67) ലക്ഷ്യം  കണ്ടു. ലൂയിസ് ഡയസ്(23), മുഹമ്മദ് സലാഹ്(84) ലിവർപൂളിനായി ഗോൾ നേടി. യുണൈറ്റഡ് തട്ടകമായ ഓൾഡ് ട്രാഫോർഡിൽ സ്റ്റാർട്ടിങ് വിസിൽ മുതൽ അവസാന സെക്കന്റുവരെ നീണ്ടുനിന്ന ആവേശപോരിൽ ഇരുടീമുകളും മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി. ജയം നഷ്ടമായതോടെ ലിവർപൂളിന് രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒന്നാമതുള്ള ആഴ്‌സനലുമായി (71)പോയന്റിൽ തുല്യമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗണ്ണേഴ്‌സ് ഒന്നാം സ്ഥാനത്തെത്തി. 70 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് മൂന്നാമത്.

ചുവന്നചെകുത്താൻമാർക്കെതിരെ കളിയിലുടനീളം മികച്ചുനിന്നത് ചെമ്പടയായിരുന്നു. 28 തവണയാണ് ലിവർപൂൾ യുണൈറ്റഡിനെതിരെ ഷോട്ടുതിർത്തത്. ബോൾ പൊസിഷനിലും മുന്നിലായിരുന്നു. മധ്യനിരയിൽ കൃത്യമായ കോർഡിനേഷനില്ലാതെ കളിച്ച യുണൈറ്റഡ് ആദ്യ പകുതിയിൽ തീർത്തും നിറംമങ്ങി. കോർണർ കിക്കിൽ നിന്നാണ് സന്ദർശകരുടെ ആദ്യ ഗോളിന് വഴിയൊരുങ്ങിയത്. 23ാം മിനിറ്റിൽ റോബെർട്ട്‌സൺ എടുത്ത കോർണർ കൃത്യമായി സ്വീകരിച്ച ഡാർവിൻ ന്യൂനസ് ലൂയിസ് ഡയസിന് മറിച്ചുനൽകി. ഗോൾകീപ്പർ ഒനാനെയുടെ കൈയിൽ ഉരസി പന്ത് വലയിൽ. ആദ്യ പകുതിയിൽ വീണ്ടും അവസരങ്ങൾ ലഭിച്ചെങ്കിലും ലിവർപൂളിന് ലീഡ് ഉയർത്താനായില്ല.

രണ്ടാം പകുതിയിലും കടിഞ്ഞാൺ ലിവർപൂളിന്റെ കൈയിലായിരുന്നു. എന്നാൽ കളിയുടെ ഗതിക്ക് പ്രതികൂലമായി പ്രതിരോധ പിഴവിൽ യുണൈറ്റഡ് സമനില പിടിച്ചു. ലിവർപൂൾ താരം ക്വാൻസ വിർജിൻ വാൻഡക്കിനെ ലക്ഷ്യമാക്കി നൽകിയ സ്‌ക്വയർപാസ് പിടിച്ചെടുത്ത് യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് അഡ്വാൻസ് ചെയ്തുനിന്ന ഗോൾകീപ്പറുടെ മുകളിലൂടെ ഉജ്ജ്വലമായി ഫിനിഷ് ചെയ്തു.(1-1)

സമനില പിടിച്ചതോടെ പുതിയ ഊർജ്ജത്തിൽ കളിച്ച ചെകുത്താൻമാർ ലിവർപൂൾ പ്രതിരോധത്തെ നിരന്തരം വിറപ്പിച്ചു. അവസാന അരമണിക്കൂറിൽ നിർണായക മാറ്റങ്ങൾവരുത്തി ടെൻഹാഗും യുർഗൻ ക്ലോപും തന്ത്രങ്ങൾമാറ്റിപരീക്ഷിച്ചു. 67ാം മിനിറ്റിൽ ചെമ്പടയെ ഞെട്ടിച്ച് യുണൈറ്റഡ്് വീണ്ടും പ്രഹരമേൽപ്പിച്ചു. കൗമാരതാരം കോബി മൈനുവാണ് അത്യുഗ്രൻ ഗോൾ നേടിയത്. കസമിറോയിൽ നിന്ന് ലഭിച്ച പന്ത് സ്വീകരിച്ച് മൈനു രണ്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്ത് ഫിനിഷ് ചെയ്തു.(2-1). ലീഡ് നേടിയതോടെ ഓൾഡ് ട്രാഫോർഡ് പൊട്ടിതെറിച്ചു. തൊട്ടുപിന്നാലെ എൻഡോയെ പിൻവലിച്ച് ഹാവി എലിയറ്റിനെ ക്ലോപ്പ് കളത്തിലിറക്കി.

മറുവശത്ത് ഗർണാചോയെ പിൻവലിച്ച് സോഫിയാൻ അമ്രബാതിനെ കൊണ്ടുവന്ന് പ്രതിരോധം ശക്തമാക്കി. ഒടുവിൽ 84ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലിവർപൂൾ സമനില പിടിച്ചു(2-2). കിക്കെടുത്ത മുഹമ്മദ് സലാഹ് അനായാസം പന്ത് വലയിലാക്കി. അവസാന മിനിറ്റിൽ ഗോൾനേടാനായി ഇരുടീമുകളും ആക്രമണ പ്രത്യാകണവുമായി കളംനിറഞ്ഞെങ്കിലും നിരാശയായിരുന്നുഫലം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News