ഫിഫ ലോകകപ്പ് ഗ്രൂപ്പുകൾ ഇന്നറിയാം; ഒന്നിലേറെ മരണഗ്രൂപ്പുകൾക്ക് സാധ്യത

കരുത്തരായ ജർമനി, നെതർലാന്റ്‌സ്, ക്രൊയേഷ്യ എന്നിവർ രണ്ടാം ടീം പോട്ടിലാണെന്നതിനാൽ ഇത്തവണ മരണഗ്രൂപ്പുകളുടെ എണ്ണം കൂടിയേക്കും

Update: 2022-04-01 13:22 GMT
Editor : André | By : Web Desk

ദോഹ: ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിനുള്ള ഗ്രൂപ്പുകളെ ഇന്ന് അറിയാം. മാർച്ച് 31 ന് പുറത്തുവിട്ട പുതിയ റാങ്കിങ് അടിസ്ഥാനമാക്കിയാണ് ലോകകപ്പിനുള്ള 32 ടീമുകളുടെ എട്ട് ഗ്രൂപ്പുകളെ പ്രഖ്യാപിക്കുക. ഗ്രൂപ്പുകളെ കണ്ടെത്തുന്നതിനുള്ള 'ഫൈനൽ ഡ്രോ' ഇന്ന് ഖത്തർ സമയം വൈകിട്ട് ഏഴു മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 9.30) ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കും. നിലവിൽ ആതിഥേയരായ ഖത്തർ അടക്കം 29 ടീമുകളാണ് ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്.

ലോകകപ്പ് ജേതാക്കളായ ബ്രസീൽ ഇതിഹാസം കഫു, ജർമൻ ഇതിഹാസം ലോതർ മത്തേയസ് എന്നിവർ നയിക്കുന്ന ഡ്രോയിൽ ആദിൽ അഹ്‌മദ് മൽഅല്ലാഹ് (ഖത്തർ), അലി ദേയി (ഇറാൻ), ബോറ മിലുത്തിനോവിച്ച് (സെർബിയ/മെക്‌സിക്കോ), ജേജേ ഒക്കോച്ച (നൈജീരിയ), അബാഹ് മദ്‌യർ (അൾജീരിയ), ടിം കാഹിൽ എന്നിവർ സഹായത്തിനുണ്ടാകും.

Advertising
Advertising

യോഗ്യത നേടിയ ടീമുകളെ ഇന്നലെ പുറത്തുവിട്ട ഫിഫ റാങ്കിങ് അടിസ്ഥാനമാക്കി നാല് പോട്ടുകളാക്കി തിരിച്ചാണ് ഗ്രൂപ്പിങ് പ്രക്രിയ നടക്കുക. ഇതുപ്രകാരം യോഗ്യത നേടിയ ടീമുകളിൽ ഫിഫ റാങ്കിങിൽ മുന്നിലെത്തിയ ഏഴ് ടീമുകളും ആതിഥേയരായ ഖത്തറും ഒന്നാം പോട്ടിലാണ് ഉണ്ടാവുക. രണ്ടാം പോട്ടിൽ എട്ട് മുതൽ 15 വരെ റാങ്കുകാരും മൂന്നാം പോട്ടിൽ 16 മുതൽ 23 വരെ റാങ്കുകാരുമാണ് ഉണ്ടാവുക. നാലാമത്തെ പോട്ടിൽ 24 മുതൽ 28 വരെ റാങ്കിലുള്ള അഞ്ച് ടീമുകളും ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിൽ നിന്ന് ജയിച്ചുവരുന്ന രണ്ട് ടീമുകളും യുവേഫ പ്ലേഓഫിൽ നിന്നെത്തുന്ന ഒരു ടീമും ഉൾപ്പെടും.

നിലവിൽ യോഗ്യത നേടിയ ടീമുകൾ:

യൂറോപ്പ്: ഡെന്മാർക്ക്, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്പെയിൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലന്റ്, നെതർലാന്റ്സ്, പോർചുഗൽ, പോളണ്ട്, ജർമനി

തെക്കേ അമേരിക്ക: ബ്രസീൽ, അർജന്റീന, ഇക്വഡോർ, ഉറുഗ്വായ്

കോൺകകാഫ്: കാനഡ, അമേരിക്ക, മെക്‌സിക്കോ

ആഫ്രിക്ക: തുനീഷ്യ, മൊറോക്കൊ, ഘാന, സെനഗൽ, കാമറൂൺ

ഏഷ്യ: സൗദി അറേബ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ, ഖത്തർ (ആതിഥേയർ).

യൂറോപ്യൻ പ്ലേഓഫ് ഫൈനലിൽ വെയിൽസും സ്‌കോട്ട്‌ലാന്റ് - ഉക്രെയ്ൻ മത്സരത്തിലെ വിജയികളും തമ്മിൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം ലോകകപ്പിനെത്തും. ഇന്റർകോണ്ടിനെന്റൽ പ്ലേഓഫിൽ തെക്കേ അമേരിക്കക്കാരായ പെറു, യു.എ.ഇയും ഓസ്‌ട്രേലിയയും തമ്മിൽ ജൂൺ ഏഴിന് നടക്കുന്ന മത്സരത്തിലെ വിജയികളെ നേരിടും. ഇതിൽ ജയിക്കുന്ന ടീമിനും ഖത്തറിലേക്ക് ടിക്കറ്റെടുക്കാം. ഓഷ്യാനിയ മേഖലയിൽ നിന്ന് ജയിച്ചുകയറിയ ന്യൂസിലാന്റും കോൺകകാഫിലെ നാലാം സ്ഥാനക്കാരായ കോസ്റ്ററിക്കയും തമ്മിലുള്ള മത്സരവിജയിയും ലോകകപ്പിനുണ്ടാകും.

പോട്ടുകൾ ഇങ്ങനെ

ഫൈനൽ ഡ്രോ നിയമാവലി പ്രകാരം നാളെ നടക്കുന്ന ഗ്രൂപ്പ് നിശ്ചയത്തിനുള്ള പോട്ടുകൾ ഇപ്രകാരമായിരിക്കും.

ഒന്നാം പോട്ട്: ഖത്തർ, ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്‌പെയിൻ, പോർച്ചുഗൽ. (ഫിഫ റാങ്കിങ്ങിലെ ആറാം സ്ഥാനക്കാരായ ഇറ്റലിക്ക് ലോകകപ്പ് യോഗ്യത ലഭിച്ചിട്ടില്ല.)

രണ്ടാം പോട്ട്: മെക്‌സിക്കോ, നെതർലാന്റ്‌സ്, ഡെൻമാർക്ക്, ജർമനി, ഉറുഗ്വേ, സ്വിറ്റ്‌സർലാന്റ്, യു.എസ്.എ, ക്രൊയേഷ്യ.

മൂന്നാം പോട്ട്: സെനഗൽ, ഇറാൻ, ജപ്പാൻ, മൊറോക്കോ, സെർബിയ, പോളണ്ട്, ദക്ഷിണ കൊറിയ, തുനീഷ്യ.

നാലാം പോട്ട്: കാമറൂൺ, കാനഡ, ഇക്വഡോർ, സൗദി അറേബ്യ, ഘാന, ടീം 6 (വെയിൽസ് - യുക്രൈൻ / സ്‌കോട്ട്‌ലാന്റ് മത്സര വിജയി), ടീം 7 (പെറു - യു.എ.ഇ / ഓസ്‌ട്രേലിയ വിജയി), ടീം 8 (ന്യൂസിലാന്റ് - കോസ്റ്ററിക്ക വിജയി).

ഗ്രൂപ്പുകൾ ഇങ്ങനെ

എട്ട് ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതൽ H വരെയുള്ള അക്ഷരങ്ങളിലായി എട്ട് പോട്ടുകളുണ്ടായിരിക്കും. ഈ ഓരോ ഗ്രൂപ്പ് പോട്ടിലും 1, 2, 3, 4 എന്നിങ്ങനെ രേഖപ്പെടുത്തിയ നാല് ബോളുകൾ വീതമുണ്ടായിരിക്കും. ടീമുകളുടെ പേരെഴുതിയ ബോളുള്ള ഒന്നാം ടീം പോട്ടിലാണ് ഡ്രോ തുടങ്ങുക. നാലാം പോട്ടും കാലിയാകുന്നതോടെ ഗ്രൂപ്പുകൾ തീരുമാനമാകും.

മരണഗ്രൂപ്പുകളുടെ സാധ്യത

കരുത്തരായ ജർമനി, നെതർലാന്റ്‌സ്, ക്രൊയേഷ്യ, മെക്‌സിക്കോ എന്നിവർ രണ്ടാം ടീം പോട്ടിലും സെനഗൽ, പോളണ്ട് തുടങ്ങിയവർ മൂന്നാം പോട്ടിലും ആയതിനാൽ ഇത്തവണ ഒന്നിലേറെ മരണഗ്രൂപ്പുകൾ ഉണ്ടാകാനിടയുണ്ട്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News