ഈ കപ്പ് ഞങ്ങളിങ്ങെടുക്കുവാ, ബ്രസീലിന്റെ തറവാട്ടു മുറ്റത്ത് അർജന്റീന

സിംഹത്തിന്റെ മടയിൽ ഒടുവിൽ മെസ്സിയുടെ കിരീടധാരണം

Update: 2021-07-11 02:43 GMT
Editor : abs

ഒടുവിൽ കാൽപ്പന്തു കളിയിലെ തമ്പുരാൻ പൂർണനായിരിക്കുന്നു. കിരീടത്തിന്റെ പെരുമയില്ലാതെ കളിക്കളം വിടേണ്ടി വരുമോ എന്ന ആരാധകരുടെ നോവിന് ഉത്തരമായിരിക്കുന്നു. ഒരു ലോകകിരീടം ആധുനിക ഫുട്‌ബോളിലെ രാജാവിനെ അലങ്കരിച്ചിരിക്കുന്നു. ലോകം ഇപ്പോൾ ഒരു പേരിലേക്ക് ചുരുങ്ങുന്നു. മെസ്സി...

കളത്തിൽ അയാളെ കണ്ടിരിക്കുന്നത് തന്നെ ഉന്മാദമാണ് എന്നു പറഞ്ഞത് ഫിഗോയാണ്. അയാൾക്ക് എന്തിനാണ് വലങ്കാൽ എന്നു ചോദിച്ചത് സ്ലാട്ടൻ ഇബ്രാമോവിച്ച്. അയാളെ കുറിച്ച് എഴുതല്ലേ, പറയല്ലേ, വെറു കണ്ടിരിക്കൂ എന്ന് പറഞ്ഞത് കോച്ചിങ്ങിന്റെ ആശാൻ പെപ് ഗ്വാർഡിയോള.

Advertising
Advertising

ലോകം കണ്ടു കണ്ടിരിക്കുകയായിരുന്നു അയാളെ ഇതുവരെ. ഒരു കിരീടത്തിലേക്ക് കണ്ണുനട്ടുള്ള അയാളുടെ കാത്തിരിപ്പിന് ദശാബ്ദങ്ങളുടെ പ്രായമായിരുന്നു. മറഡോണയെന്ന മാന്ത്രികൻ ഏറ്റുവാങ്ങിയ കിരീടത്തിന്റെ തിരുമധുരം തലനാരിഴ വ്യത്യാസത്തിൽ കടന്നുപോയ ഒരുപാട് കലാശക്കളികൾ. ഒടുവിൽ മെസ്സിയുടെ പട്ടാഭിഷേകം. അതും ബ്രസീലിന്റെ തറവാട്ടു മുറ്റത്. സിംഹത്തിന്റെ മടയിൽ തന്നെ കയറിയെടുത്ത കിരീടത്തിന് മറ്റെന്നെത്തേക്കാളും മധുരം. ലോകഫുട്‌ബോളിൽ ഇതിലും സമ്മോഹനമായ മുഹൂർത്തം ഇനിയെന്നു കാണാനാണ്!


കിരീടത്തിലേക്കുള്ള അർജന്റീനയുടെ യാത്രയിൽ മെസ്സി നേടിയത് നാലു ഗോളുകൾ. അഞ്ച് അസിസ്റ്റുകൾ. അയാളുടെ വേഗമേറിയ കാലുകളെ ഒരു രാജ്യം എത്ര മേൽ ആശ്രയിച്ചിരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യങ്ങൾ. എതിരാളികൾ കെട്ടിയ കത്രികപ്പൂട്ടുകളിൽ നിന്നാണ് അയാൾ ഇത്രയും തവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. കോട്ടകെട്ടിയ പ്രതിരോധമതിലിനൂടെ വഴി തിരിച്ചുവിട്ട അയാളുടെ മഴവില്ലുകൾക്ക് എന്തൊരു ചന്തം! അതിലപ്പുറം അയാൾക്കു വേണ്ടി കളത്തിൽ യുദ്ധസജ്ജരായ പത്തുപേർ. ഈ പോരാട്ടം ജയിച്ചേ അടങ്ങൂ എന്ന് വാശിയുള്ളവർ.

ഫൈനലിൽ ഒരു ചുവടുമാത്രം അകലെ അയാൾക്കൊരു ഗോൾ നഷ്ടമായി. എന്നാൽ അയാളെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്താൻ സുഹൃത്ത് എയ്ഞ്ചൽ ഡി മരിയയുടെ കാലുകൾക്കായി. അർജന്റീനയെ ആഹ്ലാദത്തിന്റെ കൊടുമുടിയിലേക്കും.

Tags:    

Editor - abs

contributor

Similar News