പറങ്കിപ്പടയെ തുരത്തി ജർമൻ ടാങ്ക്; ജയം 4-2 ന്

സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ഗോളിൽ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിതെങ്കിലും ശക്തമായ പ്രത്യാക്രമണത്തിലൂടെ ജർമനി തിരിച്ചെത്തുകയായിരുന്നു.

Update: 2021-06-19 18:24 GMT
Editor : André
Advertising

യൂറോകപ്പ് മരണഗ്രൂപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പോർച്ചുഗലിനെ കീഴടക്കി ജർമനി. രണ്ടിനെതിരെ നാലു ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പടയെ ജോക്കിം ലോ പരിശീലിപ്പിക്കുന്ന ജർമൻ സംഘം വീഴ്ത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ഗോളിൽ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിതെങ്കിലും ശക്തമായ പ്രത്യാക്രമണത്തിലൂടെ ജർമനി തിരിച്ചെത്തുകയായിരുന്നു. പോർച്ചുഗീസ് പ്രതിരോധ താരങ്ങളായ റൂബൻ ഡിയാസിന്റെ റഫേൽ ഗറേറോയുടെയും സെൽഫ് ഗോളുകളിൽ മുന്നിലെത്തിയ ജർമനി കായ് ഹാവട്‌സ്, റോബിൻ ഗോസൻസ് എന്നിവരിലൂടെ ലീഡ് വർധിപ്പിച്ചു. ക്രിസ്റ്റ്യാനോയുടെ അക്രോബാറ്റിക് അസിസ്റ്റിൽ ഡിയോഗോ ജോട്ട ഒരു ഗോൾ കൂടി മടക്കിയെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ ജർമനി അവസാനം വരെ പിടിച്ചുനിന്നു.

പാസുകളിലൂടെ മൈതാനത്തിന്റെ വിശാലത ഉപയോഗപ്പെടുത്തി കളി മെനഞ്ഞ ജർമനിക്കായിരുന്നു തുടക്കത്തിൽ പന്തിനു മേൽ കൂടുതൽ നിയന്ത്രണമെങ്കിലും 15-ാം മിനുട്ടിൽ ക്രിസ്റ്റിയാനോ മത്സരഗതിക്കു വിപരീതമായി സ്‌കോർ ചെയ്തു. ഫ്രീകിക്കിനായി ജർമൻ താരങ്ങൾ എതിർ ഗോൾമുഖത്തെത്തി നിൽക്കെ വേഗതയാർന്ന പ്രത്യാക്രമണത്തിലൂടെയാണ് പറങ്കിപ്പട വലചലിപ്പിച്ചത്. വലതുവിങ്ങിലൂടെ കുതിച്ചുപാഞ്ഞ ക്രിസ്റ്റ്യാനോ ബോക്‌സിൽ ഡിയോഗോ ജോട്ടയ്ക്ക് കൊടുത്തു വാങ്ങിയ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു.

തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 35-ാം മിനുട്ടിൽ ജർമനി ഗോൾ മടക്കി. ഇടതുവിങ്ങിൽ നിന്നു വന്ന ക്രോസ് ഹാവട്‌സിനു കിട്ടുന്നത് തടയാനുള്ള റൂബൻ ഡിയാസിന്റെ ശ്രമം സ്വന്തം വലയിൽ പന്തെത്തുന്നതിലാണ് കലാശിച്ചത്. നാലു മിനുട്ടുകൾക്കു ശേഷം ജർമനി ലീഡുയർത്തി. ഇത്തവണ ബോക്‌സിൽ നിന്ന് പന്ത് ക്ലിയർ ചെയ്യാനുള്ള റഫേൽ ഗറോറോയുടെ ശ്രമമാണ് ജർമനിയുടെ രണ്ടാം ഗോളായി പരിണമിച്ചത്. ഇടവേളക്കു പിരിയുമ്പോൾ ജർമൻകാർ 2-1 ന് മുന്നിലായിരുന്നു.

രണ്ടാംപകുതി തുടങ്ങി അധികമാകുംമുമ്പ് ഹാവട്‌സ് ലീഡുയർത്തി. മ്യൂളറുടെ ത്രൂപാസ് ബോക്‌സിൽ സ്വീകരിച്ച് ഇടതുഭാഗത്തുനിന്ന് ഗോസൻസ് നൽകിയ പാസ് ഹാവട്‌സ് വലയിലേക്ക് തട്ടിയിടുകയായിരുന്നു. വലതുഭാഗത്തുനിന്ന് ജോഷ്വ കിമ്മിക്ക് തൊടുത്ത ക്രോസിൽ ചാടിയുയർന്ന് തലവെച്ച് ഗോസൻസ് സ്‌കോർ ഷീറ്റിൽ തന്റെ പേര് ചേർക്കുകയും ചെയ്തു.

67-ാം മിനുട്ടിലാണ് പോർച്ചുഗലിന്റെ തിരിച്ചുവരവിന്റെ സൂചനകൾ നൽകി ജോട്ട ഗോൾ നേടിയത്. ജർമൻ ഗോൾമുഖത്തേക്ക് തൂങ്ങിയിറങ്ങിയ ഫ്രീകിക്ക് പുറത്തേക്കു പുറത്തേക്കു പോയെന്ന് തോന്നിച്ച ഘട്ടത്തിൽ വായുവിലുയർന്ന് ക്രിസ്റ്റിയാനോ പന്ത് ഗോൾമുഖത്തേക്കു തിരിച്ചുവിട്ടു. ജർമൻ പ്രതിരോധത്തിന് ഇടപെടാൻ കഴിയുംമുമ്പ് ജോട്ട പന്ത് വലയിലാക്കുകയും ചെയ്തു.

ബെർണാഡോ സിൽവക്കു പകരക്കാരനായിറങ്ങിയ റെനറ്റോ സാഞ്ചസിന്റെ കരുത്തുറ്റ ഷോട്ട് ജർമൻ ഗോൾപോസ്റ്റിൽ തട്ടി മടങ്ങിയത് പോർച്ചുഗലിന്റെ ദൗർഭാഗ്യമായി. ഗോരറ്റ്‌സ്‌കയുടെ കരുത്തുറ്റ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്കു പോയത് ജർമനിക്കും തിരിച്ചടിയായി.

ഗ്രൂപ്പ് എഫിൽ രണ്ട് മത്സരം പൂർത്തിയായപ്പോൾ നാല് പോയിന്റുമായി ഫ്രാൻസ് ആണ് ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുമായി പോർച്ചുഗൽ രണ്ടും ജർമനി മൂന്നും സ്ഥാനങ്ങളിലാണ്. ഒരു പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഹംഗറിയെ ജർമനി അടുത്ത കളിയിൽ നേരിടും. പോർച്ചുഗലും ഫ്രാൻസും തമ്മിലാണ് ഗ്രൂപ്പിലെ അടുത്ത 'മരണക്കളി'.

Tags:    

Editor - André

contributor

Similar News