മെസ്സിക്കു പിന്നാലെ ഗ്രീസ്മനും ബാഴ്‌സ വിട്ടു; ഇനി അത്‌ലറ്റികോയിൽ

ഗ്രീസ്മന് അദ്ദേഹത്തിന്റെ ശൈലിക്ക് ചേരുന്ന അവസരങ്ങൾ നൽകാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് ബാഴ്സ കോച്ച് കൂമൻ

Update: 2021-09-01 07:34 GMT
Editor : André | By : Web Desk

സൂപ്പർ താരം ലയണൽ മെസ്സിക്കു പിന്നാലെ ആന്റോയ്ൻ ഗ്രീസ്മനും ബാഴ്‌സ വിട്ടു. തന്റെ മുൻ ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിലേക്കാണ് രണ്ടുവർഷത്തെ ഇടവേളക്കു ശേഷം ഫ്രഞ്ച് താരം കൂടുമാറിയത്. 2019-ൽ 120 ദശലക്ഷം യൂറോ (1030 കോടി രൂപ) എന്ന വൻതുകയ്ക്ക് നൗകാംപിലെത്തിയ താരത്തിന് ബാഴ്‌സയിൽ പ്രതീക്ഷിച്ച മികവ് പുലർത്താൻ കഴിഞ്ഞിരുന്നില്ല.

ലയണൽ മെസ്സി ക്ലബ്ബ് വിട്ടപ്പോൾ ടീമിലെ പ്രധാന താരമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും പുതിയ റിക്രൂട്ടായ മെംഫിസ് ഡിപേയുടെ മികവും ആരാധകരുടെ അതൃപ്തിയുമാണ് ക്ലബ്ബ് മാറാൻ ഗ്രീസ്മനെ പ്രേരിപ്പിച്ചത് എന്നാണറിയുന്നത്. ഈയിടെ ചില മത്സരങ്ങൾക്കിടെ ആരാധകർ ഫ്രഞ്ച് താരത്തെ കൂവിയിരുന്നു. ഗ്രീസ്മന് അദ്ദേഹത്തിന്റെ ശൈലിക്ക് ചേരുന്ന അവസരങ്ങൾ നൽകാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും ഒരു ആക്രമണതാരത്തിന് എല്ലായ്‌പോഴും ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത മികവ് പുറത്തെടുക്കാൻ കഴിയില്ലെന്നും ബാഴ്‌സ കോച്ച് റൊണാൾഡ് കൂമൻ പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ സീസൺ അവസാനത്തോടെ തന്നെ അത്‌ലറ്റികോ മാഡ്രിഡ് ഗ്രീസ്മനു വേണ്ടിയുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. ട്രാൻസ്ഫർ കാലയളവ് അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പാണ് താരത്തെ സ്വന്തമാക്കാൻ അവർക്കു കഴിഞ്ഞത്. 2021-22 സീസണിൽ ലോൺ അടിസ്ഥാനത്തിലുള്ളതാണ് നിലവിലെ ട്രാൻസ്ഫർ. ട്രാൻസ്ഫർ സ്ഥിരമാക്കാമെന്ന വ്യവസ്ഥയും കരാറിലുണ്ട്.

വൻതുക ശമ്പളം പറ്റുന്ന താരങ്ങളിലൊരാളായ ഗ്രീസ്മൻ ക്ലബ്ബ് വിടുന്നത് ബാഴ്‌സയ്ക്ക് സാമ്പത്തികമായി ഗുണം ചെയ്യും. അതേസമയം, സൗൾ നിഗ്വസ് ചെൽസിയിലേക്കു പോയതിന്റെ ക്ഷീണം തീർത്താൻ ഗ്രീസ്മന് കഴിയുമെന്നാണ് അത്‌ലറ്റികോ കണക്കുകൂട്ടുന്നത്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News