വെസ്റ്റ് ഹാമിനോട് അപ്രതീക്ഷിത തോൽവി; ആർസനലിന്റെ കിരീട പ്രതീക്ഷകൾ അവസാനിച്ചോ?
ലണ്ടൻ: സ്വന്തം തട്ടമായ എമിറേറ്റ്സിലെ ആരവങ്ങൾക്ക് മുന്നിൽ വെസ്റ്റ്ഹാമിനെതിരെ ബൂട്ട് കെട്ടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ആർസനൽ ആഗ്രഹിച്ചിരുന്നില്ല. എട്ട് പോയന്റിന്റെ ക്ലിയർ ഡോമിനഷേനുമായി കിരീടത്തിലേക്ക് കുതിക്കുന്ന ലിവർപൂളിനോട് പോരിന് ഞങ്ങളുമുണ്ട് എന്ന് പറയാൻ ആഴ്സണലിന് ജയം തന്നെ വേണമായിരുന്നു. പക്ഷേ പ്രീമിയർ ലീഗിലെ പതിനാറാം സ്ഥാനക്കാരായ വെസ്റ്റ്ഹാം ഗണ്ണേഴ്സിന് നൽകിയത് ഷോക്ക് ട്രീറ്റ്മെന്റ്.
44ാം മിനുറ്റിൽ ജറോഡ് ബോവൻ നേടിയ ഗോളാണ് ഗണ്ണേഴ്സിന്റെ ഹൃദയം തുളച്ചത്. 73ാം മിനുറ്റിൽ ലെവിസ് സ്കെല്ലി ചുവപ്പ് കാർഡ് കണ്ടതും പീരങ്കിപ്പടക്ക് വിനയായി. 26 മത്സരങ്ങളിൽ നിന്നും 61 പോയന്റുളള ലിവർപൂൾ ഒന്നാമത് നിൽക്കുമ്പോൾ രണ്ടാമതുള്ള ആർസനലിന് 53 പോയന്റാണുള്ളത്. മത്സരം വിജയിച്ചിരുന്നെങ്കിൽ ലിവർപൂളുമായുള്ള ലീഡ് അഞ്ചുപോയന്റായി കുറക്കാമായിരുന്നു. കൂടാതെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഞായറാഴ്ച രാത്രി നടക്കുന്ന മത്സരത്തിന് ഇറങ്ങുമ്പോൾ ലിവർപൂളിന് മേൽ സമ്മർദ്ദം ഉയർത്താനും സാധിക്കുമായിരുന്നു.
വലിയ പ്രതീക്ഷകളോടെയാണ് പീരങ്കിപ്പട പുതിയ സീസണായി ബൂട്ട് കെട്ടിയിരുന്നത്.പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടുക എന്നതിൽ കുറഞ്ഞതൊന്നും അവർ ആഗ്രഹിച്ചിരുന്നില്ല. പോയ രണ്ട് സീസണിലും സിറ്റിക്ക് മുന്നിൽ അടിയറവ് വെച്ച കിരീടം ഇക്കുറി അവർ നേടിയെക്കുമെന്ന് തന്നെ പ്രതീക്ഷിക്കപ്പെട്ടു. എമിറേറ്റ്സിൽ പ്രീമിയർ ലീഗ് കിരീടം വന്നിട്ട് രണ്ടുപതിറ്റാണ്ട് പിന്നിട്ടു. ആഴ്സൻ വെംഗറുടെ നല്ല കാലത്തും അതിന് ശേഷം വന്നവരുടെ ക്ഷാമകാലത്തും ‘കോയ്ഗ്’ വിളിച്ച് കൂടെ നിന്ന ആരാധകർക്ക് വീണ്ടും നിരാശ.
വെസ്റ്റ് ഹാമിനെതിരായ തോൽവിക്ക് ശേഷം മാധ്യമങ്ങളെക്കണ്ട പരിശീലകൻ മിക്കേൽ അർടേറ്റ ടീമിറെ പ്രകടനത്തിൽ നിരാശ രേഖപ്പെടുത്തി. കിരീടപ്പോരാട്ടം തങ്ങളുടെ കൈയ്യിലല്ല എന്ന് തുറന്നുപറഞ്ഞ അർടേറ്റ് മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സീസണിൽ ഇനി 12 മത്സരങ്ങളാണ് ശേഷിക്കുന്നത്.