ഐ.എസ്.എല്‍ കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ കലാശപ്പോരിൽ വീണുപോകുന്നത്. ഐഎസ്എല്ലിന്റെ കന്നി ടൂർണമെന്റിന്റെ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് പ്രവേശിച്ചപ്പോൾ എടികെ ആയിരുന്നു കേരളത്തിന്റെ വഴമുടക്കിയത്. 2016ലും എടികെ ടീമിന്റെ വഴിമുടക്കാനെത്തി. 2016ലെ തോൽവിയും പെനൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു.
നിശ്ചിത സമയത്ത് 1-1 എന്ന സമനിലയിലായതിനെ തുടർന്നാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അവസാനം ഫലം വന്നപ്പോൾ 4-3ന് എടികെ കിരീടം സ്വന്താക്കി. അതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിക്കുന്നത് 2022ലാണ്. അന്നും പെനൽറ്റി ഷൂട്ടൗട്ട് ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുതി. കയറ്റിറക്കങ്ങൾ ഏറെ കണ്ട ടൂർണമെന്റായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ഈ സീസൺ. തോൽവിയിലും സമനിലയിലും തളർന്ന ബ്ലാസ്റ്റേഴ്‌സ് ഏവരെയും അമ്പരപ്പിച്ച പ്രകടനവുമായാണ് ഫൈനലിൽ എത്തിയത്.
അതിനിടെ കോവിഡൊന്ന് ടീമിനെ വരിഞ്ഞുമുറുക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ചങ്ങലപൊട്ടിച്ചു. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ടീമെന്നാണ് കളി വിലയിരുത്തലുകാരെല്ലാം ബ്ലാസ്റ്റേഴ്‌സിനെ വിശേഷിപ്പിക്കുന്നത്. അതിൽ പരിശീലകൻ ഇവാൻ വുകോമിനോവിച്ചിന്റെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. നിശ്ചിത സമയത്തും അധിക സമയത്തും 1–1 സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–1നാണു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശില്‍പ്പി.
മാർക്കോ ലെസ്കോവിച്ചിന്റെ ആദ്യ കിക്ക്, നിഷു കുമാറിന്റെ 2–ാം കിക്ക്, ജീക്സൻ സിങ്ങിന്റെ 4–ാം കിക്ക് എന്നിവയാണ് കട്ടിമണി രക്ഷപ്പെടുത്തിയത്. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കാണാനായത്. ഹൈദരാബാദിനായി ഹാളിചരണ്‍ നര്‍സാരി, ഖാസ കമാറ, ജാവോ വിക്ടര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. സിവെറിയോയുടെ ഷോട്ട് പുറത്തേക്ക് പോയി. 68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. പിന്നീട് ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല.
2014-നും 2016-നും ശേഷം ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടുമൊരു ഫൈനല്‍ തോല്‍വി കൂടി. ഏതായാലും ആരാധകർ നിരാശരല്ല. കളിച്ചു തന്നെയാണ് ഫൈനലിലെത്തിയതും. ടീമിനെ കൈവിടില്ലെന്ന് പ്രഖ്യാപിക്കുകയാണ് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട.
Hyderabad FC wins maiden ISL title, defeats Kerala Blasters 3-1 on penalties